തിരുവനന്തപുരം: ഈശോ സിനിമാ വിവാദങ്ങളില്‍ പ്രതികരണവുമായി കെ.സി.ബി.സി. കല, മനുഷ്യരെ ഒരുമിപ്പിക്കാനുള്ളതാവണമെന്നും അസ്വസ്ഥതകള്‍ക്ക് ഇടയാക്കുന്നതായിരിക്കരുതെന്നും കെ.സി.ബി.സി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി ഫേസ്ബുക്കിലൂടെ അറിയിച്ചു.
വില കുറഞ്ഞ തമാശക്ക് വേണ്ടിയോ ജനശ്രദ്ധ ലഭിക്കാനായിട്ടോ ഏതെങ്കിലും മതവിശ്വാസങ്ങളെ വേദനിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കെ.സി.ബി.സി പോസ്റ്റില്‍ പറയുന്നു.
‘ഈശോ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു തലത്തില്‍ എത്തിയിട്ടുണ്ട്. അതിവൈകാരികമായി പ്രതികരിച്ച് വര്‍ഗീയ വിദ്വേഷം വിതയ്ക്കാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ ഇടപെടല്‍ സൂക്ഷിക്കണം.
അത്തരക്കാരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതുണ്ട്. സിനിമയുടെ റിലീസിനെ ബാധിക്കാത്ത ഏതുതരം ചര്‍ച്ചയും, ചിത്രത്തിന് പബ്ലിസിറ്റി നേടികൊടുക്കുകയേ ചെയ്യൂ. ചര്‍ച്ചകള്‍ തീവ്രസ്വഭാവം കൈവരിക്കുന്നത് ക്രൈസ്തവ സമൂഹം കാത്തുസൂക്ഷിക്കുന്ന സല്‍പ്പേരിന് കോട്ടം വരുത്തും.
ഈശോ എന്ന ചിത്രത്തില്‍ ക്രൈസ്തവ വിരുദ്ധമായ ഒന്നുമില്ലെന്നുള്ള സംവിധായകന്റെ ഉറപ്പിനെ അവിശ്വസിക്കേണ്ടതില്ല. എന്നാല്‍ ചിത്രത്തിനോ, കഥാപാത്രത്തിനോ ഈശോ എന്ന പേര് നല്‍കാതിരുന്നാലും ത്രില്ലര്‍ കഥ പറയുന്ന സിനിമക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും ജേക്കബ് പാലയ്ക്കാപ്പള്ളി പറഞ്ഞു.
എന്നാല്‍ ക്രൈസ്തവ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ പ്രതികരിക്കേണ്ടതില്ല എന്ന വാദഗതിയും ശരിയല്ല. ഏതുവിധം പ്രതികരിക്കണം എന്നുള്ളതാണ് പ്രധാനം.
മലയാള സിനിമയിലെ ക്രൈസ്തവ വിരുദ്ധത പുതിയ കാര്യമല്ല. എന്നാല്‍ വിഷയങ്ങളില്‍ പ്രതികരിക്കുന്നതുകൊണ്ട് ശത്രുക്കളെ സൃഷ്ടിക്കുന്ന രീതി ശരിയല്ലെന്നും കെ.സി.ബി.സി പറഞ്ഞു.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ സിനിമകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമകളാണ് കേശു ഈ വീടിന്റെ നാഥനും ഈശോയും. സിനിമയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധം രൂക്ഷമാകുകയാണ്.
കഴിഞ്ഞ ദിവസം നാദിര്‍ഷായുടെ സിനിമകള്‍ സര്‍ക്കാര്‍ നിരോധിക്കണമെന്ന ആവശ്യവുമായി കത്തോലിക്ക കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
നാദിര്‍ഷാ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ഈശോ, ദിലീപ് നായകനായ ‘കേശു ഈ വീടിന്റെ നാഥന്‍ എന്നീ പേരുകള്‍ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു.
ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് നാമകരണമെന്ന് സംശയിക്കുന്നു. നാദിര്‍ഷയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഏതൊരു ക്രൈസ്തവനും അവന്‍ ജനിക്കുന്ന അന്നുമുതല്‍ മരിക്കുന്നതുവരെ ഈശോയെ ദൈവമായി കാണുന്നവരും ആരാധിക്കുന്നവരുമാണ്. സിനിമക്ക് ഇഷ്ടം പോലെ പേരിടാം. ആ പേരില്‍ സിനിമ ഇടുമ്പോള്‍ അതിനകത്തെ ഓരോ കാരണങ്ങളും നാളെകളില്‍ ചര്‍ച്ചയാകുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അതേസമയം, സിനിമയുടെ പേര് മാറ്റില്ലെന്നാണ് നാദിര്‍ഷ പറഞ്ഞിരുന്നത്. എന്നാല്‍ സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ അറിയിച്ചിട്ടുണ്ട്.
നാദിര്‍ഷായ്ക്ക് പിന്തുണയുമായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും രംഗത്തെത്തി. ഈശോ എന്ന പേരുമായി മുന്നോട്ടുപോകാനുള്ള നാദിര്‍ഷായുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും വിശ്വാസി സമൂഹത്തില്‍നിന്ന് തന്നെ സിനിമയ്ക്ക് അനുകൂലമായ ശബ്ദങ്ങള്‍ ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുെവന്നും ഫെഫ്ക പ്രതികരിച്ചു.