Kerala News
എമ്പുരാൻ; കീഴടങ്ങാനാണ് തീരുമാനമെങ്കില്‍ ദൗര്‍ഭാഗ്യകരം; ഫാസിസ്റ്റ് സമീപനമുള്ള കേന്ദ്രത്തിനെതിരെ പോരാടേണ്ടതുണ്ട്: സന്ദീപ് വാര്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 29, 04:42 pm
Saturday, 29th March 2025, 10:12 pm
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നമ്മുടെ സമൂഹത്തിലുള്ള എഴുത്തുകാരും കാര്‍ട്ടൂണിസ്റ്റുകളും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയാടലുകള്‍ക്ക് വിധേയമായിട്ടുണ്ട്. അവരെല്ലാം ഈ സര്‍ക്കാരിന്റെ നീക്കങ്ങളോട് പൊരുതി നിന്നിട്ടുമുണ്ട്. അതിനാല്‍ എമ്പുരാനുമായി ബന്ധപ്പെട്ടവര്‍ കീഴടങ്ങാനാണ് തീരുമാനിക്കുന്നതെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്നും സന്ദീപ് പറഞ്ഞു

പാലക്കാട്: സിനിമ എന്നത് ഒരുപാട് മനുഷ്യരുടെ ഒരുപാട് കാലത്തെ അധ്വാനമാണെന്ന് എമ്പുരാന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.

സെന്‍സര്‍ ചെയ്ത് പുറത്തിറങ്ങിയ ശേഷം ഫാസിസ്റ്റ് സമീപനമുള്ള ഒരു സര്‍ക്കാരിന്റെയും സംഘടനകളുടെയും ഭീഷണിക്ക് വഴങ്ങി സിനിമയുടെ അന്തസത്ത ഇല്ലാതാകും വിധത്തില്‍ എമ്പുരാന്‍ എഡിറ്റ് ചെയ്യേണ്ടി വരുന്നത് അഭിലഷണീയമായ കാര്യമല്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് സന്ദീപ് വാര്യരുടെ പരാമര്‍ശം.

ഇന്ത്യ പോലുള്ള ജനാധിപത്യ-പുരോഗന രാജ്യത്ത് ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നതില്‍ ദുഃഖമുണ്ടെന്നും സന്ദീപ് വാര്യര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വാര്‍ത്തകളില്‍ സൂചിപ്പിക്കും വിധത്തില്‍ സിനിമയില്‍ തിരുത്തുകള്‍ ഉണ്ടാകുകയാണെങ്കില്‍ അത് മറ്റ് തരത്തിലുളള ചില കീഴ് വഴക്കങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

എമ്പുരാനെതിരായ നീക്കങ്ങള്‍, ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കേന്ദ്ര അന്വേഷണ ഏജന്‍സികളെയും വിമര്‍ശിക്കുന്ന ഒരു സിനിമ എന്നുള്ളത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് വീണ്ടും ഓര്‍മിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നിലപാടുകളെ വിമര്‍ശിക്കുന്ന സിനിമക്കെതിരായ, ആര്‍.എസ്.എസ് നേതൃത്വത്തില്‍ തന്നെ നടക്കുന്ന അസഹിഷ്ണുതപരമായ ക്യാമ്പയിനാണ് ഇപ്പോള്‍ കാണുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ആര്‍.എസ്.എസിന്റെ മുഖമാസികയായ ഓര്‍ഗനൈസര്‍ തന്നെ എമ്പുരാന്‍ ഒരു രാജ്യദ്രോഹ സിനിമയാണെന്ന് പറഞ്ഞുകഴിഞ്ഞുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. അതുകൊണ്ട് ഇനിയുള്ള ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെയും അന്വേഷണ ഏജന്‍സികളുടെയും വേട്ടയാടലിന് വിധേയപ്പെടുമെന്ന ഭയം എമ്പുരാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ ഉണ്ടായിട്ടുണ്ടാകുമെന്നും സന്ദീപ് ചൂണ്ടിക്കാട്ടി.

ഇക്കാരണത്താലായിരിക്കാം അവര്‍ അവരുടെ എമ്പുരാനെന്ന കുഞ്ഞിനെ തന്നെ ഇല്ലാതാക്കുന്ന സമീപനത്തിലേക്ക് പോയതെന്നും സന്ദീപ് വാര്യര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കലാകാരന്‍മാര്‍ എന്നതിലുപരി മോഹന്‍ലാലും പൃഥ്വിരാജും സമൂഹത്തില്‍ വലിയ അംഗീകാരമുള്ളവരാണെന്നും അതുകൊണ്ട് തന്നെ അവര്‍ ഭയപ്പെട്ട് പിന്മാറേണ്ട അവസ്ഥയുണ്ടെന്ന് തോന്നുന്നില്ലെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പോലും സാമ്പത്തിക സമ്മര്‍ദത്തിന്റെയോ അന്വേഷണ ഏജന്‍സികള്‍ ഉയര്‍ത്തുന്ന സമ്മര്‍ദത്തിയോ ഭാഗമായിരിക്കാം തിരുത്തല്‍ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നമ്മുടെ സമൂഹത്തിലുള്ള എഴുത്തുകാരും കാര്‍ട്ടൂണിസ്റ്റുകളും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയാടലുകള്‍ക്ക് വിധേയമായിട്ടുണ്ട്. അവരെല്ലാം ഈ സര്‍ക്കാരിന്റെ നീക്കങ്ങളോട് പൊരുതി നിന്നിട്ടുമുണ്ട്. അതിനാല്‍ എമ്പുരാനുമായി ബന്ധപ്പെട്ടവര്‍ കീഴടങ്ങാനാണ് തീരുമാനിക്കുന്നതെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്നും സന്ദീപ് പറഞ്ഞു.

Content Highlight: Sandeep varier reacts on the Empuran issue