ബഫര്‍ സോണ്‍; ആശങ്കകളറിയിക്കാനുള്ള സമയപരിധി പ്രായോഗികമല്ല, പ്രത്യക്ഷ സമരത്തിനൊരുങ്ങി കെ.സി.ബി.സി
Kerala News
ബഫര്‍ സോണ്‍; ആശങ്കകളറിയിക്കാനുള്ള സമയപരിധി പ്രായോഗികമല്ല, പ്രത്യക്ഷ സമരത്തിനൊരുങ്ങി കെ.സി.ബി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th December 2022, 3:38 pm

കൊച്ചി: ബഫര്‍ സോണ്‍ വിഷയത്തില്‍ ജനത്തിന്റെ ആശങ്ക പരിഹരിക്കുന്ന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് കെ.സി.ബി.സി.

സര്‍ക്കാര്‍ കൃത്യമായ ഡാറ്റയുടെ പിന്‍ബലത്തില്‍ സമീപിച്ചാല്‍ ബഫര്‍ സോണ്‍ സംബന്ധിച്ച ആവശ്യമായ ഭേദഗതികള്‍ക്ക് സന്നദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണെന്നും കെ.സി.ബി.സി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കത്തോലിക്കാ ബാവ പറഞ്ഞു.

വന്യജീവി സങ്കേതങ്ങള്‍ ജനവാസ കേന്ദ്രങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റര്‍ എങ്കിലും ഉള്ളിലേക്ക് മാറ്റി വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബഫര്‍ സോണ്‍ വിഷയത്തില്‍ ആശങ്കകള്‍ അറിയിക്കാനുള്ള സമയപരിധി ഡിസംബര്‍ 23 വരെയെന്ന് നിശ്ചയിച്ചത് തീര്‍ത്തും അപ്രായോഗികമാണെന്നും, ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

”കെ.സി.ബി.സി നേരത്തെ ആവശ്യപ്പെട്ടതുപോലെ ഗ്രാമപഞ്ചായത്തുകളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കണം. വനം വകുപ്പ് നിര്‍ദേശിച്ച 115 പഞ്ചായത്തുകളിലും ഇതാവശ്യമാണ്. ഉദ്യോഗസ്ഥരും കര്‍ഷക പ്രതിനിധികളുമടങ്ങിയ ടാസ്‌ക് ഫോഴ്‌സിനെയും ചുമതലപ്പെടുത്തണം.

പട്ടയമോ സര്‍വ്വേ നമ്പറോ ലഭിക്കാതെ പതിറ്റാണ്ടുകളായി ഈ മേഖലകളില്‍ കഴിയുന്ന കര്‍ഷകരുടെ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡിനെ ബോധ്യപ്പെടുത്തി സുപ്രീംകോടതി വഴി പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടണം. ജനങ്ങളുടെ സുപ്രധാന ആവശ്യം ഗൗരവമായും സത്വരമായും സര്‍ക്കാര്‍ പരിഗണിക്കണം,” കെ.സി.ബി.സി അധ്യക്ഷന്‍ പറഞ്ഞു.

അതേസമയം, ബഫര്‍ സോണ്‍ വിഷയത്തില്‍ കൃത്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയില്ലെങ്കില്‍ കോടതി വിധി ജനങ്ങള്‍ക്കെതിരാകുമെന്ന് മാര്‍ത്തോമ സഭ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്തയും പറഞ്ഞു.

ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിമര്‍ശിച്ചു.

നേരിട്ട് സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ബഫര്‍ സോണ്‍ വിഷയത്തില്‍ കെ.സി.ബി.സി സമരം ദൗര്‍ഭാഗ്യകരമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കെ.സി.ബി.സിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതാണ്. സമരത്തില്‍ നിന്ന് പിന്മാറാന്‍ കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടെ തയ്യാറാകണം. സര്‍ക്കാരുമായി സഹകരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയ സമരങ്ങള്‍ക്ക് മത മേലധ്യക്ഷന്മാര്‍ കൂട്ടുനില്‍ക്കരുതെന്നും മന്ത്രി പറഞ്ഞു.

ബഫര്‍സോണ്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായും ശശീന്ദ്രന്‍ അറിയിച്ചു. ഡിസംബര്‍ 30 വരെയായിരുന്നു അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള കാലാവധി. കൂടുതല്‍ സമയം ആവശ്യമാണെന്ന് കണ്ട പശ്ചാത്തലത്തിലാണ് തീരുമാനം.

അതേസമയം, ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരം തുടങ്ങാന്‍ ഒരുങ്ങുകയാണ് കെ.സി.ബി.സി.

കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ തിങ്കളാഴ്ച ജനജാഗ്രത യാത്ര നടത്താനാണ് കെ.സി.ബി.സി തീരുമാനം.

ബഫര്‍ സോണില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്ന കക്കയം, ചെമ്പനോട, ചക്കിട്ടപ്പാറ തുടങ്ങിയ മേഖലകളിലൂടെയാണ് യാത്രകള്‍ കടന്നുപോകുന്നത്. താമരശ്ശേരി രൂപത അധ്യക്ഷന്‍ തന്നെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും. കര്‍ഷക ജാതി മത സംഘടനകളെ അണിനിരത്തിയുള്ള ജനകീയ പ്രതിഷേധമാണ് സഭ നേതൃത്വം ലക്ഷ്യമിടുന്നത്.

Content Highlight: KCBC on Buffer Zone Issue