തിരുവനന്തപുരം: ജനുവരി 1ന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ പരിപാടിക്കെതിരെ വിമര്‍ശനവുമായി കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി).
സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാനമൂല്യം ഉയര്‍ത്തേണ്ടത്. സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നത് ശരിയല്ലെന്നും കെ.സി.ബി.സി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. രാഷ്ട്രീയലക്ഷ്യം വച്ചുള്ള വിഭാഗീയനീക്കം ഒഴിവാക്കണം. വനിത മതിലിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും കെ.സി.ബി.സി ചൂണ്ടിക്കാട്ടി.
വനിതാ മതില്‍ വിഭാഗീയതയുണ്ടാക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും ഇന്ന് പറഞ്ഞിരുന്നു. ഇതേ നിലപാട് തന്നെയാണ് കെ.സി.ബി.സിയും ആവര്‍ത്തിച്ചിരിക്കുന്നത്. വനിതാമതില്‍ ജനങ്ങളെ ജാതീയമായി വേര്‍തിരിക്കുമെന്നും വനിതകള്‍ക്ക് മാത്രമായി നവോത്ഥാനം നടപ്പാകുമോ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചിരുന്നു.
വനിതാ മതിലുമായി സഹകരിക്കുന്നവരാരും പിന്നീട് എന്‍.എസ്.എസില്‍ ഉണ്ടാകില്ലെന്നും ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ തീര്‍ക്കുക. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെയടക്കം പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് വനിതാ മതില്‍ തീര്‍ക്കുന്നത്.