കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മന്ത്രിമാര്‍ കൂട്ടത്തോടെ തോല്‍ക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സ്വപ്‌നങ്ങളില്‍ മാത്രം സംഭവിക്കുന്നതാണെന്ന് മന്ത്രിയും ഇരിക്കൂറിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെസി ജോസഫ്.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിയുമ്പോള്‍ 78 സീറ്റ് നേടി യു.ഡി.എഫ് തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണിക്ക് രണ്ടുദിവസം കൂടി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വച്ച് സ്വപ്‌നം കാണാമെന്നും കെ.സി ജോസഫ് പറഞ്ഞു.
നിലവില്‍ മന്ത്രിസഭയിലുള്ള അഞ്ച് മന്ത്രിമാര്‍ തോല്‍ക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.
എക്‌സൈസ് മന്ത്രി കെ. ബാബു (തൃപ്പൂണിത്തുറ), സാമൂഹ്യക്ഷേമ മന്ത്രി എം.കെ. മുനീര്‍ (കോഴിക്കോട് സൗത്ത്), പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് (കളമശ്ശേരി), ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് (പിറവം), കൃഷി മന്ത്രി കെ.പി. മോഹനന്‍ (കൂത്തുപറമ്പ്) എന്നീ മന്ത്രിമാര്‍ തോല്‍ക്കുമെന്നാണ് എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്. രാജിവെച്ച ധനമന്ത്രി കെ.എം. മാണി പാലായില്‍ തോല്‍ക്കുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.
കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുകേഷ് ജയിക്കുമെന്നാണ് സൂചന. താരപോരാട്ടം നടക്കുന്ന പത്തനാപുരത്ത് ഗണേശ് കുമാര്‍ ജയിക്കുമെന്നാണ് പ്രവചനം. അഴീക്കോട് മണ്ഡലത്തില്‍ എം.വി. നികേഷ് കുമാറിനെ സിറ്റിങ് എം.എല്‍.എ. കെ.എം. ഷാജി തോല്‍പിക്കുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.