Entertainment news
ബ്രഹ്‌മാണ്ഡം ഈ കത്തനാര്‍; ആദ്യ ഗ്ലിമ്പ്‌സ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 31, 02:25 pm
Thursday, 31st August 2023, 7:55 pm

ജയസൂര്യ നായകനാവുന്ന കത്തനാറിന്റെ ആദ്യ ഗ്ലിമ്പ്‌സ് പുറത്ത്. കടമറ്റത്ത് കത്തനാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്നും ഹോമും സംവിധാനം ചെയ്ത റോജിന്‍ തോമസ് ആണ്.

ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഗ്ലിമ്പ്‌സ് ഗോകുലം മൂവീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴിയാണ് റിലീസ് ചെയ്തിരിക്കുന്നത്.

ആര്‍. രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം ഏപ്രിലില്‍ തുടങ്ങിയതാണ്.

നാല്‍പത്തിമൂന്ന് ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ഏറ്റവും നൂതന സാങ്കേതികവിദ്യയായ വി.എഫ്.എക്‌സ് വെര്‍ച്വല്‍ പ്രൊഡക്ഷനിലൂടെയാണ് സിനിമയുടെ ചിത്രീകരണം . കൊറിയന്‍ വംശജനും കാനഡയില്‍ താമസക്കാരനുമായ ജെ.ജെ. പാര്‍ക്ക് ആണ് കത്തനാരിന്റ സ്റ്റണ്ട് കൊറിയോഗ്രാഫി. നിരവധി വിദേശ ചിത്രങ്ങളുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് പാര്‍ക്ക്.

മറ്റ് ഭാഷകളിലെ മുന്‍നിര താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പടുകൂറ്റന്‍ സെറ്റാണ് ചിത്രത്തിന് വേണ്ടി എറണാകുളം പൂക്കാട്ടുപടിയില്‍ ഒരുക്കിയിരുന്നത്. തമിഴ്- തെലുങ്ക് ഭാഷകളിലെ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി രാജീവന്‍ ആണ് ചിത്രത്തിന്റെ സെറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്.


നീല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രാഹുല്‍ സുബ്രഹ്‌മണ്യനാണ് സംഗീതം ഒരുക്കുന്നത്. ജയസൂര്യയുടെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ് ഗ്ലിമ്പ്‌സ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ വരുന്ന ചിത്രമാണിത്. ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സമാനമായ ലുക്ക് ആന്‍ഡ് ഫീലില്‍ ആണ് പുറത്തെത്തിയ ഫസ്റ്റ് ഗ്ലിമ്പ്‌സ്. 14 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ നായിക. 2024ലാകും ചിത്രത്തിന്റെ റിലീസ്.

Content Highlight: Kathanar the wild sorcerer movie glimpse is out now