പൃഥ്വിരാജിന്റെ ചെറുപ്പം അവതരിപ്പിച്ചുകൊണ്ട് സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് കാര്‍ത്തികേയ ദേവ്. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറിലൂടെയാണ് കാര്‍ത്തികേയ സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. ചിത്രത്തില്‍ കാര്‍ത്തികേയ ദേവിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ എമ്പുരാനിലും ശക്തമായ കഥാപാത്രത്തെ കാര്‍ത്തികേയ അവതരിപ്പിച്ചു. പൃഥ്വിരാജിന്റെ കുട്ടിക്കാലം തന്നെയാണ് എമ്പുരാനില്‍ കാര്‍ത്തികേയ അവതരിപ്പിച്ചത്. തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ഗുഡ് ബാഡ് അഗ്ലിയിലും കാര്‍ത്തികേയ ദേവ് പ്രധാനവേഷത്തിലെത്തിയിരുന്നു.
അജിത്തിന്റെ മകനായിട്ടാണ് കാര്‍ത്തികേയ വേഷമിട്ടത്. ഗുഡ് ബാഡ് അഗ്ലിയുടെയും എമ്പുരാന്റെയും ഷൂട്ട് ഒരേ സമയമായിരുന്നെന്ന് പറയുകയാണ് കാര്‍ത്തികേയ ദേവ്. താന്‍ സ്‌പെയിനിലായിരുന്ന സമയത്ത് എമ്പുരാന്റെ ഒരു ഷെഡ്യൂള്‍ ഹൈദരബാദില്‍ നടക്കുകയായിരുന്നെന്ന് കാര്‍ത്തികേയ ദേവ് പറഞ്ഞു.
എമ്പുരാന്റെ ഷെഡ്യൂള്‍ രണ്ടുമൂന്ന് വട്ടം മാറ്റിവെക്കപ്പെട്ടതായിരുന്നെന്നും അക്കാരണം കൊണ്ടാണ് ഗുഡ് ബാഡ് അഗ്ലിയില്‍ ജോയിന്‍ ചെയ്തതെന്നും കാര്‍ത്തികേയ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനൊപ്പമുള്ള സീനായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നതെന്നും എന്നാല്‍ തനിക്ക് പറഞ്ഞ സമയത്ത് എത്താന്‍ സാധിക്കാത്ത അവസ്ഥയായിരുന്നെന്നും കാര്‍ത്തികേയ ദേവ് പറഞ്ഞു.
ഇക്കാര്യം താന്‍ മോഹന്‍ലാലിനോട് പറഞ്ഞെന്നും അജിത്തിന്റെ കൂടെയുള്ള സിനിമയാണെന്ന് എടുത്തു പറഞ്ഞെന്നും കാര്‍ത്തികേയ കൂട്ടിച്ചേര്‍ത്തു. ഏത് സിനിമയാണെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഗുഡ് ബാഡ് അഗ്ലിയെന്ന് പറഞ്ഞെന്നും നീ ഇതില്‍ ഗുഡ് ആണോ ബാഡ് ആണോ എന്ന് മോഹന്‍ലാല്‍ തിരിച്ച് ചോദിച്ചെന്നും കാര്‍ത്തികേയ പറഞ്ഞു.
അജിത്തിന്റെ മകന്റെ വേഷമാണെന്ന് പറഞ്ഞപ്പോള്‍ നീ തന്നെയാണ് ബാഡ് എന്ന് പറഞ്ഞ് മോഹന്‍ലാല്‍ കളിയാക്കിയെന്നും കാര്‍ത്തികേയ ദേവ് പറയുന്നു. റെഡ്‌നൂലിനോട് സംസാരിക്കുകയായിരുന്നു കാര്‍ത്തികേയ ദേവ്.
‘ഗുഡ് ബാഡ് അഗ്ലിയുടെയും എമ്പുരാന്റെയും ഒരു ഷെഡ്യൂള്‍ ഏതാണ്ട് ഒരേ സമയത്ത് വന്നു. എമ്പുരാന്റെ ഷൂട്ട് ഹൈദരബാദിലും ഗുഡ് ബാഡ് അഗ്ലിയുടേത് സ്‌പെയിനിലുമായിരുന്നു. ഞാന്‍ സ്‌പെയിനിലായിരുന്നു. ഹൈദരബാദിലൈ ഷൂട്ട് രണ്ട് തവണ പ്ലാന്‍ ചെയ്തിട്ടും മാറ്റിവെക്കേണ്ടി വന്നതുകൊണ്ടാണ് ഞാന്‍ സ്‌പെയിനിലേക്ക് പോയത്. ഹൈദരബാദില്‍ ലാല്‍ സാറിന്റെ കൂടെയായിരുന്നു എനിക്ക് ഷൂട്ടുണ്ടായിരുന്നത്.
വരാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ലാല്‍ സാറിനോട് വിളിച്ചു പറഞ്ഞു. അദ്ദേഹത്തെ വെയിറ്റ് ചെയ്യിച്ചു. ഏത് സിനിമയാണെന്ന് ലാല്‍ സാര്‍ ചോദിച്ചു. അജിത് സാറിന്റെ ഗുഡ് ബാഡ് അഗ്ലിയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. ‘നീ ഈ പടത്തില്‍ ഏതാ? ഗുഡ് ആണോ ബാഡ് ആണോ’ എന്ന് ലാല്‍ സാര്‍ തമാശക്ക് ചോദിച്ചു. അതൊന്നും അറിയില്ല, അജിത് സാറിന്റെ മകനായിട്ടാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞു. ‘അപ്പോള്‍ നീ തന്നെയാണ് ബാഡ്’ എന്ന് ലാല്‍ സാര്‍ കളിയാക്കി’ കാര്‍ത്തികേയ ദേവ് പറയുന്നു.
Content Highlight: Karthikeya Dev saying he made waited Mohanlal and crew for Good Bad Ugly movie