Entertainment
മികച്ച പെര്‍ഫോമര്‍, ജയറാം സാറിനെ കുറിച്ച് പറയുമ്പോള്‍ ഓര്‍മ വരിക ഒരേയൊരു സിനിമ: കാര്‍ത്തിക് സുബ്ബരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 14, 09:43 am
Monday, 14th April 2025, 3:13 pm

തമിഴ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് റെട്രോ. തമിഴിലെ മികച്ച സംവിധായകരിലൊരാളായ കാര്‍ത്തിക് സുബ്ബരാജിനൊപ്പം സൂര്യ ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് ഇത്.

പൂജ ഹെഗ്ഡേ നായികയായി എത്തുന്ന റെട്രോയില്‍ മലയാളികളായ ജയറാം, ജോജു ജോര്‍ജ്, സുജിത് ശങ്കര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. കാര്‍ത്തിക് സുബ്ബരാജ് ജയറാമിനൊപ്പം ആദ്യമായാണ് ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുന്നത്.

ഇപ്പോള്‍ ജയറാമിനെ കുറിച്ചും അദ്ദേഹത്തെ റെട്രോയില്‍ കാസ്റ്റ് ചെയ്തതിനെ കുറിച്ചും പറയുകയാണ് കാര്‍ത്തിക് സുബ്ബരാജ്. ജയറാം മികച്ചൊരു പെര്‍ഫോമറാണെന്നും അദ്ദേഹത്തിന് എന്തും ചെയ്യാന്‍ സാധിക്കുമെന്നുമാണ് കാര്‍ത്തിക് പറയുന്നത്. സിനിമാവികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജയറാം സാറിന്റെ കഥാപാത്രം റെട്രോയില്‍ ഒരുപാട് പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. അതേസമയം ഒരുപാട് ഹ്യൂമറുമുള്ള കഥാപാത്രമായിരുന്നു. ജയറാം സാര്‍ മികച്ച ഒരു പെര്‍ഫോമറാണ്. അദ്ദേഹത്തിന് എന്തും ചെയ്യാന്‍ സാധിക്കും.

അദ്ദേഹത്തെ നമ്മള്‍ വില്ലനായും കണ്ടിട്ടുണ്ട്, ഒരു സ്വഭാവനടനായും കണ്ടിട്ടുണ്ട്. ജയറാം സാര്‍ ഹീറോയായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ട് നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം വലിയ തെലുങ്ക് സിനിമകളില്‍ പോലും അഭിനയിക്കുന്നത് കാണാന്‍ സാധിക്കും.

പക്ഷെ എനിക്ക് ജയറാം സാറിനെ കുറിച്ച് പറയുമ്പോള്‍ ഓര്‍മ വരിക പഞ്ചതന്ത്രം സിനിമയാണ്. സത്യത്തില്‍ റെട്രോയില്‍ ആ കഥാപാത്രത്തിലേക്ക് വേറെയും നിറയെ കാസ്റ്റിങ് ഓപ്ഷന്‍ ഉണ്ടായിരുന്നു.

ജയറാം സാര്‍ ചെയ്ത റോളിലേക്ക് വടിവേലു സാറിനെയും ആലോചിച്ചിരുന്നു. എ.ഡിമാരാണ് ജയറാം സാറിന്റെ പേര് ആദ്യമായി പറയുന്നത്. അദ്ദേഹത്തിന്റെ പേര് കേട്ടതും ഞാന്‍ ഒരുപാട് എക്‌സൈറ്റഡായി.

അദ്ദേഹം വന്നാല്‍ നന്നാകുമെന്ന് എനിക്കും തോന്നി. ജയറാം സാറിനോട് ചെന്ന് സംസാരിച്ചു. കഥാപാത്രത്തെ കുറിച്ച് കേട്ടതും അദ്ദേഹത്തിനും ഒരുപാട് ഇഷ്ടമായി. വളരെ നന്നായി തന്നെ ജയറാം സാര്‍ പെര്‍ഫോം ചെയ്തിരുന്നു,’ കാര്‍ത്തിക് സുബ്ബരാജ് പറയുന്നു.


Content Highlight: Karthik Subbaraj Talks About Jayaram