national news
റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കി കര്‍ണാടക
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Oct 23, 08:35 am
Monday, 23rd October 2023, 2:05 pm

ബെംഗളൂരു: സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ ഹിജാബ് ധരിക്കാനനുവദിച്ച് കര്‍ണാടക. മറ്റ് പരീക്ഷകളില്‍ നിന്നും ഹിജാബ് വിലക്ക് ഘട്ടം ഘട്ടമായി നീക്കം ചെയ്യും.

ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കാത്തത് വ്യക്തികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതിന് തുല്യമാണെന്ന് സംസ്ഥാന ഉന്നത വിദ്യഭ്യാസ മന്ത്രി എം.സി സുധാകര്‍ പറഞ്ഞു.

ഒക്ടോബര്‍ 28,29 തിയ്യതികളില്‍ നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്ക് മുന്നോടിയാണ് ഈ തീരുമാനമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചിരുന്നു. 2021 ഡിസംബറില്‍ ഉഡുപ്പിയിലെ ഒരു കോളേജില്‍ ശിരോവസ്ത്രം ധരിച്ചതിന് ആറു പെണ്‍കുട്ടികളെ ക്ലാസില്‍ കയറുന്നതില്‍ നിന്ന് തടഞ്ഞിരുന്നു. ഇത് പിന്നീട് സംസ്ഥാന വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

ഉത്തരവിനെതിരെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കര്‍ണാടക സര്‍ക്കാറിന്റെ നടപടിയെ ഹൈക്കോടതി ശരിവെച്ചിരുന്നു. ‘ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിന് അത്യന്താപേക്ഷിതമല്ലെന്നായിരുന്നു’ ഹൈക്കോടതി വിധി. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിഷയം കേള്‍ക്കാന്‍ സുപ്രീം കോടതി ഇതുവരെ ബെഞ്ച് രൂപീകരിച്ചിട്ടില്ല.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഹിജാബ് നിരോധനം നീക്കുമെന്നത്. അതനുസരിച്ചുള്ള ആദ്യഘട്ട നടപടിയാണിത്.

conyent highlight: Karnataka to allow wearing  hijab in recruitment exams