ബെംഗളൂരു: ദീപാവലി ആഘോഷ ദിനത്തിൽ ഗോപൂജ നടത്താൻ ക്ഷേത്രങ്ങളോട് ആവശ്യപ്പെട്ട് കർണാടക മുസ്രയ് വകുപ്പിന്റെ ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ഷേത്രങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
ജനങ്ങൾ സനാതന ഹിന്ദു ധർമ്മ ആചാരം മറക്കാതിരിക്കാൻ വേണ്ടിയാണ് ഇത്തരം നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.
അന്നേ ദിവസം പശുക്കളെ കുളിപ്പിക്കുകയും ക്ഷേത്രങ്ങളിൽ കൊണ്ടുവരികയും വേണം. മണ്ണിര, മഞ്ഞൾ, പുഷ്പം എന്നിവകൊണ്ട് അലങ്കരിക്കുകയും അരി, ശർക്കര, വാഴപ്പഴം, മറ്റ് പലഹാരങ്ങൾ എന്നിവ നൽകുകയും വേണം.
വിളക്കുകളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ച് പൂജിക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
ഒക്‌ടോബർ 26ന് വൈകുന്നേരം 5.30-നും 6.30-നും ഇടയിൽ പൂജ നടത്താനാണ് നിർദേശം.
“പുരാതന കാലം മുതൽ ഹിന്ദുക്കൾ പശുക്കളെ ആരാധിച്ചിരുന്നു. എന്നാൽ ഈയിടെയായി നഗരങ്ങളിലും പട്ടണങ്ങളിലും ആളുകൾ പശുവിനെ ആരാധിക്കുന്നത് മറന്നുകൊണ്ടിരിക്കുയാണ്. കുറഞ്ഞപക്ഷം, ദീപാവലി, ബലിപാഡ്യമി ദിനത്തിലെങ്കിലും, വിജ്ഞാപനത്തിൽ പരാമർശിക്കപ്പെട്ട ക്ഷേത്രങ്ങൾ നിർബന്ധമായും പശു പൂജ നടത്തുന്നത് ഉചിതമാണ്.
വരമഹാലക്ഷ്മി ഉത്സവത്തോടനുബന്ധിച്ച് ഓരോ സ്ത്രീ ഭക്തർക്കും മഞ്ഞൾ, ആറ് പച്ച വളകൾ എന്നിവ നൽകണമെന്ന് ഈ വർഷം ഓഗസ്റ്റിൽ മുസ്രൈ വകുപ്പ് ക്ഷേത്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര അധികൃതർ 25 ഗ്രാം മഞ്ഞൾ, ആറ് വളകൾ എന്നിവ ഒരു കവറിലാക്കി സ്ത്രീകളായ ഭക്തർക്ക് പ്രസാദമായി നൽകുകയും ചെയ്തിരുന്നു.
Content Highlight: Karnataka government orders state run temples to conduct cow worship