ബെംഗലൂരു: കര്‍ണാടകയില്‍ ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. എല്ലാവര്‍ക്കും സ്വീകാര്യനായ പിന്‍ഗാമിയെ കണ്ടെത്താനാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, കര്‍ണാടകയില്‍ നിന്നും സ്വീകാര്യനായ പിന്‍ഗാമി ആര് എന്ന ചോദ്യം ബി.ജെ.പിയെ കുഴപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാലാമത് മുഖ്യമന്ത്രിയാവുന്ന യെദിയൂരപ്പ, കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കി അധികാരം നേടിയതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് നേതൃത്വം പകരക്കാരനെ അന്വേഷിക്കുന്നത്. യെദിയൂരപ്പയ്ക്ക് പിന്നാലെയുള്ള നേതാക്കളാരും പ്രധാനിയാവാനുള്ള മികവ് പ്രകടിപ്പിക്കുന്നില്ല എന്നത് ബി.ജെ.പിക്ക് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.
‘കര്‍ണാടകയില്‍ യെദിയൂരപ്പയില്ലാത്ത ബി.ജെ.പിക്ക് പൂര്‍ണതയില്ല. എന്നാല്‍ ആ രാഷ്ട്രീയ സൂര്യാസ്തമയം സംഭവിക്കുന്നതിന് മുമ്പ് ഒരു പകരക്കാരനെ കണ്ടെത്തുക എന്നത് അനിവാര്യമാണ്. പക്ഷേ, തെരഞ്ഞെടുക്കപ്പെടുന്നയാള്‍ ലിംഗായത്ത് കാരനായിരിക്കണം. എന്നാല്‍ മാത്രമേ ജനസമ്മതി നേടാനാവൂ’, ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞു.
2019 ജൂലൈയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, മൂന്ന് രണ്ടാംഘട്ട നേതാക്കളെ നിയമിച്ചിരുന്നു. ലക്ഷ്മണ്‍ സവാഡി (ലിംഗായത്ത്) ഗോവിന്ദ് കര്‍ജോള്‍ (എസ്.സി), സി.എന്‍ അശ്വത് നാരായണന്‍ (വൊക്കലിഗ) എന്നിവരെയായിരുന്നു നിയമിച്ചിരുന്നത്. ഉപമുഖ്യമന്ത്രിമാരായിട്ടായിരുന്നു ഇവരുടെ നിയമനം. യെദിയൂരപ്പയില്‍നിന്നും പഠിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇതെങ്കിലും യെദിയൂരപ്പയുടെ നിഴലില്‍നിന്നും പുറത്തുവരാന്‍ മൂവര്‍ക്കും കഴിഞ്ഞിട്ടില്ല.
യെദിയൂരപ്പയുടെ പ്രവര്‍ത്തനരീതിയില്‍ പാര്‍ട്ടിയില്‍ അതൃപ്തിയുണ്ട്. ആഭ്യന്തര കലഹത്തെക്കുറിച്ച് ബി.ജെ.പി നേതൃത്വം ബോധവാന്മാരാണെങ്കിലും, ഒരു ദശകത്തിലേറെ മുമ്പ് നടത്തിയ ശ്രമം ദിരന്തമായി മാറിയത് ഓര്‍മ്മയിലുള്ളതിനാല്‍ നേരിട്ട് വിയോജിപ്പുകളിലേക്ക് കടക്കാതെ ജാഗ്രതയോടെ കരുക്കള്‍ നീക്കാനാണ് ശ്രമം. പ്രധാന വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തെ പിണക്കാതെ വേണം തീരുമാനങ്ങളെടുക്കാന്‍ എന്നതും ബി.ജെ.പിക്ക് തലവേദനയാവുന്നുണ്ടെന്നാണ് വിവരം.
2023 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മനസ്സില്‍ വച്ചുകൊണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് കേന്ദ്ര നിര്‍ദ്ദേശം. ദക്ഷിണേന്ത്യ പിടിക്കാനുള്ള പ്രധാന കവാടമായിട്ടാണ് ബി.ജെ.പി കര്‍ണാടകത്തെ കാണുന്നത്.