ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാകുന്നു. ബി.ജെ.പിയുടെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരായ വിധിയെഴുത്താകും ഇക്കുറി ഉണ്ടാവുകയെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകരുടെ അവകാശവാദം.
കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികള്‍ തുടങ്ങി വെച്ച #ByeByeBJP, #BoycotBJP എന്നീ ഹാഷ് ടാഗുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ‘നോ വോട്ട് ടു 40% ബി.ജെ.പി സര്‍ക്കാര്‍’ എന്ന മുദ്രാവാക്യവും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചരിപ്പിക്കുന്നുണ്ട്.
Survey after survey has shown that the Congress Party is getting a majority in the state and there is a wave against 40% Commission BJP Sarkara. pic.twitter.com/A3gVWNBFbL
— Congress, Minority Department (@INCMinority) May 9, 2023
അതേസമയം, #NannaVoteModige (എന്റെ വോട്ട് മോദിക്ക്) എന്ന ഹാഷ് ടാഗാണ് ബി.ജെ.പി അണികളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിറയുന്നത്. സോണിയാ ഗാന്ധിയുടെ ‘സ്വതന്ത്ര (Soverign) രാജ്യ’മെന്ന പരാമര്‍ശത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. കര്‍ണാടകയില്‍ ബി.ജെ.പി മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും അതിനെ രക്ഷിക്കാനാകില്ലെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കുന്നു.
പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ബി.ജെ.പി സര്‍ക്കാരിനെതിരായ ജനവികാരം ഇളക്കിവിടാന്‍ പ്രതിപക്ഷം ഉപയോഗിക്കുന്നുണ്ട്. ‘പുരോഗതി തെരഞ്ഞെടുക്കൂ, കോണ്‍ഗ്രസിന് വോട്ട് ചെയ്യൂ’ എന്നതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം.
റിസോര്‍ട്ട് രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ച ശേഷം അഴിമതിയുടെ കൂത്തരങ്ങായി കര്‍ണാടക മാറിയെന്നാണ് പൊതുവെയുള്ള വിമര്‍ശനം. ഇതിന് പുറമെ ഹിജാബ് വിവാദം കുത്തിപ്പൊക്കി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുകയും പരക്കെ അക്രമം അഴിച്ചുവിടുകയും ചെയ്തുവെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
ഭരണവിരുദ്ധ വികാരത്തിന് പുറമെ അവസാന നിമിഷം വരെ ഒപ്പമുണ്ടായിരുന്ന വീരശൈവ ലിംഗായത്ത് വിഭാഗം കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതും ബി.ജെ.പി ക്യാമ്പിനെ തളര്‍ത്തിയിട്ടുണ്ട്. പരസ്യ പ്രചാരണം തിങ്കളാഴ്ച അവസാനിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയെ വാര്‍ റൂമാക്കി മാറ്റിയിരിക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍.
ആളെക്കൂട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുറാലിയും രാഹുല്‍ ഗാന്ധിയുടെ ബസ്-ഡെലിവറി ബൈക്ക് യാത്രകളുമെല്ലാം ജനം വമ്പിച്ച ആവേശത്തോടെയാണ് സ്വീകരിച്ചത്. ബുധനാഴ്ച തെരഞ്ഞെടുപ്പ് ദിനത്തില്‍ കന്നഡിഗരുടെ ചൂണ്ടുവിരലില്‍ മഷി പടരുമ്പോള്‍ ആര് അധികാരത്തിലെത്തുമെന്ന ആകാംക്ഷയില്‍ കാത്തിരിക്കുകയാണ് രാജ്യം മുഴുവനും.