ഇവന്‍ ഹാട്രിക്ക് അടിച്ചാല്‍ റൊണാള്‍ഡൊ വീഴും!
Sports News
ഇവന്‍ ഹാട്രിക്ക് അടിച്ചാല്‍ റൊണാള്‍ഡൊ വീഴും!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th May 2022, 11:13 pm

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ളത് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്‌റ്റ്യോനോ റൊണാള്‍ഡൊയാണ്. 140 ഗോളാണ് റോണോ വിവിധ ക്ലബ്ബുകള്‍ക്കായി നേടിയിട്ടുള്ളത്.

ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ളതും റോണൊ തന്നെ. 2013-14 സീസണില്‍ റയല്‍ മാഡ്രിഡിന് വേണ്ടി 17 ഗോളാണ് റോണോ അടിച്ചുകൂട്ടിയത്. ആ വര്‍ഷം റയലിനെ കപ്പുയര്‍ത്താന്‍ സഹായിച്ചത് റോണൊള്‍ഡൊയുടെ പ്രകടനമായിരുന്നു.

റൊണാള്‍ഡൊ ക്ലബ്ബ് വിട്ടതിന് ശേഷം റയലിന്റെ മുന്നേറ്റനിര തകരുമെന്ന് എതിരാളികള്‍ മുദ്രകുത്തിയിരുന്നു. അത്രയുമായിരുന്നു അദ്ദേഹം റയലില്‍ ഉണ്ടാക്കിയ ഇംപാക്ട്.

എന്നാല്‍ ഫുട്ബോള്‍ ആരാധകരുടെ വിശ്വാസ പ്രകാരം ഒരു താരവും ക്ലബ്ബിനു മുകളിലല്ല. ആരൊക്കെ പോയാലും ക്ലബ്ബ് ഉയര്‍ന്നുതന്നെ നില്‍ക്കും.

ഫ്രാന്‍സിന്റെ സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയാണ് ഇപ്പോള്‍ റയലിന്റെ സൂപ്പര്‍ താരം. ഈ സീസണില്‍ 15 ഗോളുകളുമായി റയലിനെ മുന്നില്‍ നിന്നും നയിക്കുന്നത് അദ്ദേഹമാണ്.

മെയ് 29ാം തീയ്യതി നടക്കുന്ന യു.സി.എല്‍ ഫൈനലില്‍ റയല്‍ ലിവര്‍പൂളിനെ നേരിടും.

ഫൈനലില്‍ രണ്ട് ഗോള്‍ അടിച്ചാല്‍ ബെന്‍സമക്ക് റൊണാള്‍ഡോയുടെ റെക്കാഡിനൊപ്പം എത്താം. അഥവാ ഹാട്രിക്കടിച്ചാല്‍ റോണോയെ മറികടക്കുകയും ചെയ്യാം. ബെന്‍സിമയുടെ നിലവിലെ ഫോം അനുസരിച്ച് ഹാട്രിക്കടിച്ചാലും അത്ഭുതപ്പെടാനൊന്നുമില്ല.

പി.എസ്.ജിക്കെതിരെ നടന്ന റൗണ്ട് ഓഫ് 16 മത്സരത്തിന്റെ രണ്ടാം പാദത്തില്‍ 61ാം മിനിട്ട് വരെ പി.എസ്.ജിക്ക് രണ്ട് ഗോളിന്റെ വ്യക്തമായ ലീഡുണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം ഹാട്രിക്ക് നേടിയാണ് ബെന്‍സിമ ടീമിനെ തിരിച്ചുകൊണ്ടുവന്നത്.

പിന്നീട് ക്വാര്‍ട്ടര്‍ ഫൈനലില്‍ 96ാം മിനിട്ടില്‍ ഗോള്‍ നേടികൊണ്ട് ചാമ്പ്യന്‍മാരായ ചെല്‍സിയേയും ബെന്‍സിമ പുറത്താക്കി. സെമിയില്‍ സാക്ഷാല്‍ പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിയായിരുന്നു റയലിന്റേയും ബെന്‍സിമയുടേയും ഇര.

കരുത്തരായ ലിവര്‍പൂളാണ് ഫൈനലില്‍ റയലിന്റെ എതിരാളികള്‍. റൊണാള്‍ഡൊ ടീം വിട്ട ശേഷം ഇതുവരെ യു.സി.എല്‍ ട്രോഫി ലാ ലിഗ ടീമുകള്‍ നേടിയിട്ടില്ല. റയല്‍ മാഡ്രിഡ് ദയനീയ പ്രകടനമായിരുന്നു യു.സി.എല്ലില്‍ കാഴ്ചവെച്ചുകൊണ്ടിരുന്നത്.

എന്നാല്‍ ഇത്തവണ ബെന്‍സിമയുടെ കൈ പിടിച്ച് റയല്‍ ഫൈനല്‍ വരെ എത്തിയിരിക്കുകയാണ്. വ്യക്തിപരമായ നേട്ടത്തിനേക്കാള്‍ ടീമിന്റെ ജയത്തിനായിരിക്കും ബെന്‍സിമ മുന്‍ഗണന കൊടുക്കുക. കാരണം ടീമിനേക്കാള്‍ വലുതല്ല ഒരു താരവും ഒരു റെക്കോഡും!

 

Content highlight: Kareem Benzema to break Cristiano Ronaldo’s record