Entertainment
രാജമൗലി സാറിന്റെ സിനിമയില്‍ എവിടെയാണ് ലോജിക്? കരണ്‍ ജോഹര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 17, 03:56 am
Monday, 17th February 2025, 9:26 am

സിനിമയില്‍ നിന്ന് ലോജിക്കിന്റെ സ്ഥാനം പിന്‍സീറ്റിലേക്ക് മാറിയാല്‍ ആരായിരിക്കും മുന്നിലിരിക്കുക എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് കരണ്‍ ജോഹര്‍. കോമള്‍ നാഹതയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ സംവിധായകരുടെ ബ്ലോക്ക്ബസ്റ്റര്‍ സിനിമയെല്ലാം എടുത്ത് നോക്കിയാല്‍ അതില്‍ ലോജിക്കിന് സ്ഥാനമില്ലെന്നും ആളുകളെ വിശ്വസിപ്പിക്കുന്നതിനാണ് പ്രാധാന്യമെന്നും കരണ്‍ ജോഹര്‍ പറയുന്നു. ആനിമല്‍, ആര്‍.ആര്‍.ആര്‍, ഗദര്‍ തുടങ്ങിയ അടുത്ത കാലത്തെ സിനിമകള്‍ എല്ലാം ഇത്തരത്തിലുള്ളതാണെന്നും രാജമൗലിയുടെ അടക്കം സിനിമകളില്‍ ലോജിക്കുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കണ്‍വിക്ഷന്‍ (ബോധ്യം) ആയിരിക്കും. നിങ്ങള്‍ ഇപ്പോഴുള്ള വലിയ സംവിധായകരുടെ ബ്ലോക്ക്ബസ്റ്റര്‍ സിനിമയെല്ലാം എടുത്ത് നോക്കിയാല്‍ അതില്‍ ലോജിക്കിന് സ്ഥാനമില്ലെന്നും പ്രേക്ഷകര്‍ക്ക് ഒരു ബോധ്യം അല്ലെങ്കില്‍ വിശ്വാസം ഉണ്ടായാല്‍ മതിയെന്നും മനസിലാകും.

ഉദാഹരണത്തിന് രാജമൗലി സാറിന്റെ സിനിമകള്‍ തന്നെ എടുക്കാം. അദ്ദേഹത്തിന്റെ സിനിമകളില്‍ നിങ്ങള്‍ക്ക് എവിടെയാണ് ലോജിക് കാണാന്‍ കഴിയുക? കണ്‍വിക്ഷന്‍ മാത്രമാണ് അദ്ദേഹത്തിന്റെ സിനിമയില്‍ നമുക്ക് കാണാന്‍ കഴിയുക. ആ ബോധ്യം മുന്നില്‍ വരുമ്പോള്‍, പ്രേക്ഷകര്‍ പോലും എത്ര ലോജിക്കില്ലാത്തതിനെയും വിശ്വസിക്കും.

ആനിമല്‍, ആര്‍.ആര്‍.ആര്‍, ഗദര്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന ബ്ലോക്ക്ബസ്റ്ററുകള്‍ക്കും ഇത് ബാധകമാണ്. ഒരു ഹാന്‍ഡ് പമ്പ് ഉപയോഗിച്ച് ഒരാള്‍ 1,000 പേരെ അടിക്കുന്നത് കാണിച്ചാല്‍ അതിലെന്താണ് ലോജിക്കുള്ളത് (ഗദര്‍ സിനിമ). പക്ഷെ സണ്ണി ഡിയോളിന് അത് ചെയ്യാന്‍ കഴിയുമെന്ന് പ്രേക്ഷകരെ എല്ലാവരെയും വിശ്വസിപ്പിക്കാന്‍ സംവിധായകന്‍ അനില്‍ ശര്‍മക്ക് കഴിഞ്ഞു.

ഫിലിം മേക്കേഴ്സ് ആളുകള്‍ ഇത് വിശ്വസിക്കുമോ, ലോജിക് ഇല്ലാലോ എന്നെല്ലാം ഓര്‍ത്ത് സങ്കടപ്പെട്ടാല്‍, സ്വയം സംശയിച്ചാല്‍ പ്രേക്ഷകരും ലോജിക്കിനെ കുറിച്ച് കൂടുതല്‍ ആലോചിക്കും. അതൊരിക്കലും സിനിമയെ സഹായിക്കില്ല,’ കരണ്‍ ജോഹര്‍ പറയുന്നു.

Content highlight: Karan Johar says SS Rajamouli’s films rely on conviction, not logic