അത് സെലക്ടര്‍മാരുടെ ജോലിയാണ്, അവര്‍ക്ക് വിട്ടുകൊടുക്കുക; രോഹിത്തിന്റെയും കോഹ്‌ലിയുടേയും ഭാവിയെക്കുറിച്ച് കപില്‍ ദേവ്
Sports News
അത് സെലക്ടര്‍മാരുടെ ജോലിയാണ്, അവര്‍ക്ക് വിട്ടുകൊടുക്കുക; രോഹിത്തിന്റെയും കോഹ്‌ലിയുടേയും ഭാവിയെക്കുറിച്ച് കപില്‍ ദേവ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th November 2023, 6:25 pm

2023 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ഇന്ത്യയും ഓസ്ട്രേലിയയുമുള്ള പരമ്പര പുരോഗമിക്കുകയാണ്. വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മക്കും വിശ്രമമനുവദിച്ചതോടെ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ ഇന്ത്യ ജയിച്ചിരുന്നു. എന്നാല്‍ നവംബര്‍ 28ന് ബര്‍സാപാരയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. നിലവില്‍ 2-1ന് ഇന്ത്യയാണ് പരമ്പരയില്‍ മുന്നില്‍ ഉള്ളത്.

2024ലെ ടി-ട്വന്റി ലോകകപ്പാണ് ഇന്ത്യയുടെ അടുത്ത പ്രധാന ലക്ഷ്യം. 2022 ടി-ട്വന്റി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായതിനു ശേഷം വിരാട് കോഹ്‌ലിയും രോഹിത്തും ഒരു ടി-ട്വന്റി ഐ പോലും കളിച്ചിട്ടില്ല എന്നത് മറ്റൊരു വിഷയം. അടുത്ത ഐ.സി.സി ഇവന്റിനുള്ള താരങ്ങളുടെ പട്ടികയില്‍ അവരുണ്ടാകില്ലെ എന്നതാണ് മറ്റൊരു ചോദ്യവും.

എന്നാല്‍ ഗുരുഗ്രാമില്‍ നടക്കുന്ന കപില്‍ദേവ് ഗ്രാന്‍ഡ് തോണ്‍ടണ്‍ ഇന്‍വിറ്റേഷന്‍ ഗോള്‍ഫ് ടൂര്‍ണമെന്റിന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ മാധ്യമങ്ങള്‍ വളയുകയും ഇതിനെ കുറിച്ച് ചോദിക്കുകയുമുണ്ടായിരുന്നു. അപ്പോള്‍ വിരാടിന്റെയും രോഹിത്തിന്റെയും ടി-ട്വന്റിയുടെ ഭാവിയെക്കുറിച്ച് കപില്‍ ദേവിനോട് ചോദിക്കുകയുണ്ടായി.

വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ടി ട്വന്റിയില്‍ സ്ഥാനമുറുപ്പിക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ആ തീരുമാനം സെലക്ടര്‍മാര്‍ക്ക് വിടണം എന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഇത് സെലക്ടര്‍മാരുടെ ജോലിയാണ് നിങ്ങള്‍ അത് അവര്‍ക്ക് വിട്ടു കൊടുക്കണം. എല്ലാത്തിനും അഭിപ്രായം പറയേണ്ടതില്ല. അത് അവരുടെ തീരുമാനമാണ്,’അദ്ദേഹം പി.ടി.ഐയില്‍ പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ വരാനിരിക്കുന്ന ടീമിനെ നയിക്കാന്‍ ബി.സി.സി.ഐ രോഹിത് ശര്‍മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലിമിറ്റഡ് ഓവറില്‍ ഇന്ത്യയെ നയിക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലായിരുന്നു. വിരാട് കോഹ്‌ലി നേരത്തെതന്നെ വിശ്രമം ആവശ്യപ്പെട്ടിരുന്നു.

 

Content Highlight: Kapil Dev on Rohit and Kohli’s future