മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കാന്തപുരം വിഭാഗം.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ധൃതിപിടിച്ചതായിപ്പോയെന്നും എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഹക്കീം
കുറ്റപ്പെടുത്തി.
എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ജനസംഖ്യാനുപാതത്തിലാക്കണമെന്നും സ്‌കോളര്‍ഷിപ്പ് മാത്രം ജനസംഖ്യാനുപാതികമാക്കുന്ന രീതി ശരിയല്ലെന്നും സര്‍ക്കാര്‍ സര്‍വീസിലെ സംവരണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കല്‍ എല്ലാം ആനുപാതികമാകട്ടെയെന്നും ഹക്കീം അസ്ഹരി പറഞ്ഞു.
കൂടിയാലോചനകളില്ലാതെയാണ് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയത്. ഇത് ധൃതിപിടിച്ച തീരുമാനമായിപ്പോയി. സാമുദായിക സംഘടനകളുമായി ആലോചിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. എല്ലാ കോടതി വിധികളും സര്‍ക്കാര്‍ ഇങ്ങനെ ധൃതിപിടിച്ച് നടപ്പാക്കാറുണ്ടോയെന്നും അസ്ഹരി ചോദിച്ചു.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ കേരളത്തിലെ മുസ്ലിം വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ 2007ല്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ മുസ്ലിം വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചത്.
2011 ഫെബ്രുവരിയില്‍ ഇടതുസര്‍ക്കാര്‍ ഈ സ്‌കോളര്‍ഷിപ്പില്‍ 20 ശതമാനം ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് കൂടി നല്‍കണമെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് വന്ന യു.ഡി.എഫ്. സര്‍ക്കാരും ഈ അനുപാതം തുടരുകയായിരുന്നു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നത് ജനസംഖ്യാനുപാതികമായല്ലെന്നാണ് 2021 മെയ് 28ന് ഹൈക്കോടതി വിധിച്ചത്. ഇതിന് പിന്നാലെയാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്ന അനുപാതത്തില്‍ മാറ്റം കൊണ്ടു വരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്.
2011ലെ സെന്‍സസ് അനുസരിച്ചാവും ന്യൂനപക്ഷ ആനുകൂല്യത്തിലെ അനുപാതം പുനക്രമീകരിക്കുക. സ്‌കോളര്‍ഷിപ്പ് തുകയിലോ നല്‍കി വരുന്ന എണ്ണത്തിലോ കുറവുണ്ടാകില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.
എന്നാല്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകള്‍ 100 ശതമാനവും മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ടതാണെന്നാണ് മുസ്‌ലിം സംഘടനകളുടെ വാദിക്കുന്നത്. ഇത് ജനസംഖ്യാനുപാതികമാക്കിയാല്‍ മുസ്ലിങ്ങള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പുകളില്‍ കുറവുണ്ടാവുമെന്നും ഇവര്‍ പറയുന്നു.