കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് മരവിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെട്ട സിലബസിനെതിരെ യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം നടന്നിരുന്നു.
പ്രതിഷേധക്കാരുമായുള്ള ചര്‍ച്ചയില്‍ സിലബസ് പരിഷ്‌കരണം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചതായി വൈസ് ചാന്‍സ്‌ലര്‍ അറിയിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ അറിയിച്ചു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കണ്ണൂര്‍ സര്‍വകലാശാലയിലെ എം.എ ഗവേണന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് കോഴ്സിന്റെ സിലബസില്‍ ഹിന്ദുമഹാസഭാ നേതാവായിരുന്ന വി.ഡി. സവര്‍ക്കറിന്റേയും ആര്‍.എസ്.എസ് സൈദ്ധാന്തികനായിരുന്ന ഗോള്‍വാള്‍ക്കറിന്റേയും ദീന്‍ദയാല്‍ ഉപാധ്യായയുടേയും ബല്‍രാജ് മധോക്കിന്റേയും പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് കഴിഞ്ഞ ദിവസം മുതല്‍ വ്യാപക പ്രതിഷേധമുയര്‍ന്നത്.
വിവാദ സിലബസ് പിന്‍വലിക്കില്ലെന്നായിരുന്നു നേരത്തെ വൈസ് ചാന്‍സ്‌ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞിരുന്നത്. ഗോള്‍വാള്‍ക്കാര്‍, സവര്‍ക്കര്‍ എന്നിവര്‍ ആരാണെന്നും എന്താണെന്നും പഠിക്കേണ്ടതുണ്ടെന്നും യോജിപ്പില്ലാത്ത പുസ്തകം വായിക്കരുതെന്ന് പറയുന്നത് താലിബാന്‍ രീതിയാണെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.
ഇന്നത്തെ ബി.ജെ.പിയെ മനസിലാക്കാന്‍ ഇത്തരം പുസ്തകങ്ങള്‍ വായിക്കണം. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയുമൊക്കെ പുസ്തകങ്ങള്‍ പഠിക്കുന്നത് പോലെ ഈ പുസ്തകങ്ങളും പരിചയപ്പെടണമെന്നുമാണ് ഡോ. ഗോപിനാഥ് പറഞ്ഞത്.
സവര്‍ക്കറേയും ഗോള്‍വാള്‍ക്കറെയും കുറിച്ച് പഠിച്ച ശേഷം അതിനെ വിമര്‍ശനാത്മകമായി കൈകാര്യം ചെയ്യണമെന്നാണ് യൂണിയന്റെ നിലപാടെന്നാണ് എസ്.എഫ്.ഐ അറിയിച്ചിരിക്കുന്നത്. വിഷയം ചര്‍ച്ചചെയ്ത് നിലപാട് തീരുമാനിക്കാന്‍ യൂണിവേഴ്സിറ്റി യൂണിയന്‍ ഭരിക്കുന്ന എസ്.എഫ്.ഐ ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ എസ്.എഫ്.ഐ നിലപാട് അറിയിച്ചത്.
സിലബസില്‍ പറയുന്ന ചില രാഷ്ട്രീയ അജണ്ടകളുമായി ബന്ധപ്പെട്ടാണ് ഇത്തരം സമരങ്ങള്‍ ഇവിടെ നടക്കുന്നതെന്നും എന്നാല്‍ സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഉള്‍പ്പെടെയുള്ളവര്‍ കോഴ്സ് സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചിട്ടുണ്ടെന്നും എസ്.എഫ്.ഐ യൂണിയന്‍ ചെയര്‍മാന്‍ പറഞ്ഞു.
പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ പി.ജി മൂന്നാം സെമസ്റ്ററിലാണ് ഹിന്ദുത്വ നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്ന ആരോപണം ഉയരുന്നുണ്ട്.
‘രാഷ്ട്ര ഓര്‍ നേഷന്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്’ എന്ന വിഭാഗത്തിലാണ് ടാഗോറിന്റേയും മഹാത്മാ ഗാന്ധിയുടേയും നെഹ്‌റുവിന്റേയും അംബേദ്കറിന്റേയും പുസ്തകത്തോടൊപ്പം ആര്‍.എസ്.എസ് നേതാക്കളുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗോള്‍വാള്‍ക്കറുടെ വിചാരധാര അടക്കമുള്ളവയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ പ്രധാന ശത്രുക്കള്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണെന്ന് പ്രതിപാദിക്കുന്ന പുസ്തകമാണ് വിചാരധാര.