യൂണിവേഴ്‌സിറ്റി കോളേജില്‍ ആരംഭിച്ച സംഘടന പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ച് എ.ഐ.എസ്.എഫ്. അതിന്റെ ഭാഗമായി കോളേജ് തുറന്ന ഇന്ന് തന്നെ യൂണിറ്റ് സമ്മേളനം നടക്കും. യൂണിറ്റ് സമ്മേളനത്തിന്റെ തുടര്‍ച്ചയായി ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷനും സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗമായ കനയ്യകുമാറിനെ കോളേജില്‍ എത്തിച്ച് സംഘടനയെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടുതല്‍ ശ്ര്‌ദ്ധേയമാക്കാനാണ് എ.ഐ.എസ്.എഫ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ആഗസ്ത് രണ്ടിന് നടക്കുന്ന എ.ഐ.എസ്.എഫ് സംസ്ഥാന കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കനയ്യകുമാര്‍ കേരളത്തിലെത്തും. അപ്പോല്‍ കനയ്യകുമാറിനെ കോളേജില്‍ എത്തിക്കാനാണ് ആലോചന. ഇക്കാര്യം കനയ്യകുമാറിനോടും കേരളത്തിലെ നേതാക്കള്‍ സംസാരിച്ചിട്ടുണ്ട്. ഇതിനോട് കനയ്യകുമാര്‍ അനുകൂലമായി പ്രതികരിച്ചെന്നാണ് വിവരം.
നിലവിലെ അനുകൂല സാഹചര്യം ഉപയോഗിച്ച് തിരുവനന്തപുരത്തെ എസ്.എഫ്.ഐ സ്വാധീന കോളേജുകളിലെല്ലാം സംഘടന രൂപീകരിക്കാനാണ് എ.ഐ.എസ്.എഫ് തീരുമാനം. ഇതിന്റെ ഭാഗമായി സംസ്‌കൃത കോളേജ്, ആര്‍ട്‌സ് കോളേജ്, എന്നിവിടങ്ങളിലും യൂണിറ്റ് രൂപീകരിക്കാനാണ് എ.ഐ.എസ്.എഫ് ശ്രമം.
ഇന്ന് യൂണിവേഴ്സിറ്റി കോളജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു പ്രഖ്യാപനം.
അമല്‍ചന്ദ്രനാണ് പ്രസിഡന്റ്. ആര്യ എസ്. നായര്‍ വൈസ് പ്രസിഡന്റ്.ഏഴു പേരാണ് കമ്മിറ്റിയില്‍ ഉള്ളത്. 18 വര്‍ഷത്തിനുശേഷമാണ് ഇവിടെ കെ.എസ്.യു യൂണിറ്റ് രൂപീകരിക്കുന്നത്.
യൂണിവേഴ്സിറ്റി കോളജില്‍ ഒരു സംഘടന മതിയെന്ന എസ്.എഫ്.ഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു കെ.എസ്.യു നേതൃത്വം വ്യക്തമാക്കി. ഭയം കാരണമാണ് മറ്റു സംഘടനകളിലേക്ക് കുട്ടികള്‍ വരാത്തതെന്നും അവര്‍ പറഞ്ഞു.