തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ മുസ്‌ലിം ലീഗിനെതിരായ പരാമര്‍ശത്തില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ഇതൊന്നും മുന്നണിയെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നാണ് കാനം പറഞ്ഞത്.
ഏത് വാക്ക് പ്രയോഗിക്കണമെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. നിങ്ങള്‍ അദ്ദേഹത്തോട് ചോദിക്കൂ എന്താണ് ഉദ്ദേശിച്ചതെന്ന്. ഇത്തരം കാര്യങ്ങളൊന്നും മുന്നണിയെ ബാധിക്കുന്ന പ്രശ്‌നങ്ങളല്ല. ഓരോ പദപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ അവരാണ് ആലോചിക്കേണ്ടത്.
രാഷ്ട്രീയത്തില്‍ മതം കൊണ്ട് വരുന്നത് എല്‍.ഡി. എഫ് ആണോ എന്നും കാനം ചോദിച്ചു.
‘രാഷ്ട്രീയത്തില്‍ മതം കൊണ്ട് വരുന്നത് ആരാണ്? എല്‍.ഡി.എഫ് ആണോ? തികച്ചും മതനിരപേക്ഷമായ നിലപാടാണ് എല്‍.ഡി.എഫ് എടുത്തിട്ടുള്ളത്,’ കാനം രാജേന്ദ്രന്‍ പറഞ്ഞു.
വര്‍ഗീയ ന്യൂനപക്ഷ പ്രീണനം നടത്തുന്നത് യു.ഡി.എഫാണെന്നും അവര്‍ ശബരിമല പ്രചരണ വിഷയമാക്കുന്നത് ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നെന്നും കാനം രാജന്ദ്രന്‍ പറഞ്ഞു.
താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും കാനം വ്യക്തമാക്കി.
മുസ്‌ലിം ലീഗ് മതാധിഷ്ഠിത പാര്‍ട്ടി ആണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് പോയത് മതമൗലിക വാദികളുമായി കൂടിക്കാഴ്ച നടത്താനാണെന്നുമായിരുന്നു എ വിജയരാഘവന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക