തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ അനുമതി കൂടാതെ നേരിട്ട് കേസെടുക്കുന്നത് വിലക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി സി.പി.ഐ. ഇത് പാടില്ലെന്ന് പറയാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ കുടുംബസ്വത്തല്ല സി.ബി.ഐയെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരിട്ട് കേസെടുക്കുന്നതില്‍ നിന്ന് സി.ബി.ഐയെ തടയാനാകില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞിരുന്നു.അഴിമതിയും രാഷ്ട്രീയ കൊലക്കേസുകളും മറയ്ക്കാനുള്ള ശ്രമമാണ് സി.പി.ഐ.എം നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.
‘ സംസ്ഥാനം ആവശ്യപ്പെടുന്ന പല കേസുകളും അവര്‍ ഏറ്റെടുക്കാത്ത സാഹചര്യമാണ്. എന്നാല്‍ അതല്ലാത്ത പല കേസുകളും അവര്‍ ഏറ്റെടുക്കുന്നുമുണ്ട്. സി.ബി.ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ അറിവോടെ മാത്രമേ, അന്വേഷിക്കാന്‍ പാടൂ. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്.’ കാനം പറഞ്ഞു.
നേരിട്ട് കേസെടുക്കുന്നതില്‍ നിന്നും സി.ബി.ഐയെ വിലക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ പരിശോധനകള്‍ ആവശ്യമാണ്. ഇത് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തുറന്ന ചര്‍ച്ച ആവശ്യപ്പെട്ടെന്നും കാനം അറിയിച്ചു. സി.ബി.ഐ ഒരു അന്വേഷണ ഏജന്‍സിയാണെന്നും അതിനാല്‍ തന്നെ കേസന്വേഷണത്തെ എതിര്‍ക്കുന്നില്ലെന്നും കാനം പറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളില്‍ സി.ബി.ഐ നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്നത് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ‘സര്‍ക്കാര്‍ നല്‍കിയ മുന്‍കൂര്‍ അനുമതിയുടെ പിന്‍ബലത്തിലാണ് സി.ബി.ഐ വരുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പോലും പറഞ്ഞ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ അനുമതി റദ്ദാക്കുന്നതിന്റെ നിയമവശം പരിശോധിക്കണം.’ കോടിയേരി വ്യക്തമാക്കി.
അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് ബി.ജെ.പി ഇതര സര്‍ക്കാരുകളെല്ലാം ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ചത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ സി.ബി.ഐക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഈ സാഹചര്യം കേരളവും പരിശോധിക്കണമെന്നാണ് കോടിയേരി ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരുകള്‍ വിലക്കിയാലും സി.ബി.ഐ അന്വേഷിക്കുന്നതിന് വ്യവസ്ഥ ചെയ്ത കേസുകളും സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കേസുകളും സി.ബി.ഐക്ക് അന്വേഷിക്കാം. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കേസുകള്‍ ഏറ്റെടുക്കാതിരിക്കുകയും മറ്റ് കേസുകള്‍ അന്വേഷിക്കുകയും ചെയ്യുന്നത് പ്രശ്‌നം തന്നെയാണെന്നും കോടിയേരി പറഞ്ഞിരുന്നു.
സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ടൈറ്റാനിയം കേസ് സി.ബി.ഐ ഏറ്റെടുക്കാത്തതും മാറാട് കേസില്‍ ശരിയായ അന്വേഷണം നടത്താതെന്നും ഈ പ്രശ്‌നത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതി സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും കോടിയേരി അറിയിച്ചു.
സി.ബി.ഐയെ വിലക്കുന്നതില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്ന് നിയമ മന്ത്രി എ.കെ ബാലന്‍ അറിയിച്ചിരുന്നു. സി.ബി.ഐ നിഷ്പക്ഷമല്ലെന്ന ആക്ഷേപമാണ് നിര്‍ദേശത്തിന് കാരണം. സി.ബി.ഐ രാഷ്ട്രീയ പ്രേരിതമായി ഇടപെടുന്നുവെന്ന് ആരോപണമുണ്ടെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക