ആ രണ്ട് താരങ്ങളില്ലാതെ ഇന്ത്യക്ക് സ്വന്തം മണ്ണിൽ ടെസ്റ്റ് കളിക്കാൻ സാധിക്കില്ല: കമ്രാൻ അക്മൽ
Cricket
ആ രണ്ട് താരങ്ങളില്ലാതെ ഇന്ത്യക്ക് സ്വന്തം മണ്ണിൽ ടെസ്റ്റ് കളിക്കാൻ സാധിക്കില്ല: കമ്രാൻ അക്മൽ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th September 2024, 7:41 am

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 280 റണ്‍സിനാണ് രോഹിത് ശര്‍മയും സംഘവും ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 515 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 234 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇപ്പോള്‍ ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച ആര്‍. അശ്വിനെയും രവീന്ദ്ര ജഡേജയയെയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മല്‍. ഹോം ടെസ്റ്റില്‍ അശ്വിനും ജഡേജയും ഇല്ലാതെ ഇന്ത്യക്ക് പ്ലെയിങ് ഇലവന്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്നാണ് അക്മല്‍ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ പാക് താരം.

‘എന്തൊരു ഓള്‍ റൗണ്ട് പ്രകടനമാണ് അശ്വിന്‍ പുറത്തെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി ഒരു സെഞ്ച്വറിയും നേടി. ഇന്ത്യ മത്സരം വിജയിക്കുകയും ടീമിനെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുകയും ചെയ്തു. ജഡേജയുമായി ഒരു മാച്ച് വിന്നിങ് കൂട്ടുകെട്ടാണ് അശ്വിന്‍ നടത്തിയത്. ഈ രണ്ട് താരങ്ങള്‍ ഇല്ലാതെ ഹോം ടെസ്റ്റില്‍ കളിക്കുമ്പോള്‍ ഇന്ത്യക്ക് ഒരു പ്ലെയിങ് ഇലവന്‍ രൂപീകരിക്കാന്‍ സാധിക്കില്ല,’ കമ്രാന്‍ അക്മല്‍ പറഞ്ഞു.

മത്സരത്തില്‍ അശ്വിന്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടികൊണ്ടാണ് അശ്വിന്‍ തിളങ്ങിയത്. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം നിറം മങ്ങിയപ്പോള്‍ അശ്വിന്റെ ഇന്നിങ്സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നല്‍കിയത്.

133 പന്തില്‍ 113 റണ്‍സ് നേടിക്കൊണ്ടായിരുന്നു അശ്വിന്‍ തിളങ്ങിയത്. 11 ഫോറുകളും മൂന്ന് സിക്സുമാണ് അശ്വിന്‍ നേടിയത്. ബൗളിങ്ങില്‍ രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റുകള്‍ നേടിക്കൊണ്ടാണ് അശ്വിന്‍ കരുത്തുകാട്ടിയത്. 21 ഓവറില്‍ 88 റണ്‍സ് വിട്ടു നല്‍കിയാണ് അശ്വിന്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ജഡേജ ആദ്യ ഇന്നിങ്സില്‍ നേടിയ 86 റണ്‍സും ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായിരുന്നു. കൂടാതെ രണ്ട് ഇന്നിങ്സില്‍ നിന്നും അഞ്ച് വിക്കറ്റും താരം നേടി. അശ്വിന്റെയും ജഡേജയുടെയും തകര്‍പ്പന്‍ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് മികച്ച പിന്തുണയാണ് നല്‍കിയത്.

അതേസമയം നിലവില്‍ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് രോഹിത് ശര്‍മയും സംഘവും. സെപ്റ്റംബര്‍ 27നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Kamran Akmal Talks About Ravindra Jadeja and R. Ashwin