അപെക്‌സ് ബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാക് സൂപ്പര്‍ താരം കമ്രാന്‍ അക്മല്‍. സഞ്ജു സാംസണെ ആറാം നമ്പറില്‍ ഇറക്കുന്ന സമീപനത്തിനെതിരെയാണ് കമ്രാന്‍ അക്മല്‍ രംഗത്തുവന്നത്. ഐ.പി.എല്ലില്‍ സഞ്ജു കളിക്കാറുള്ള പൊസിഷന്‍ അതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘സഞ്ജുവിനെ കുറിച്ച് പറയുമ്പോള്‍, ഐ.പി.എല്ലില്‍ അവന്‍ ആറാം നമ്പറിലാണോ ബാറ്റ് ചെയ്യാന്‍ ഇറങ്ങാറുള്ളത്? അവന്‍ ടോപ് ഫോറിലാണ് എപ്പോഴും ബാറ്റ് ചെയ്യാറുള്ളത്. അവന് അവിടെ ഒരു അവസരം നല്‍കൂ. വിരാട് കോഹ്‌ലിയോ രോഹിത് ശര്‍മയോ സ്‌ക്വാഡില്‍ ഇല്ലെങ്കില്‍ സഞ്ജുവിനെ പോലുള്ള ബാറ്റര്‍മാര്‍ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ഇറങ്ങണം.
കഴിഞ്ഞ ഏകദിനത്തില്‍ ആറാം നമ്പറില്‍ ഇറങ്ങിയ അവന്‍ വെടിക്കെട്ട് പ്രകടനം നടത്തിയതുകൊണ്ട് അത് വീണ്ടും ആവര്‍ത്തിക്കുമെന്ന് കരുതി നിങ്ങളവനെ ആറാം നമ്പറില്‍ ഇറക്കുകയാണെങ്കില്‍, അത് എപ്പോഴും നടന്നുകൊള്ളണമില്ല,’ അക്മല്‍ പറഞ്ഞു.
ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ 12 പന്ത് നേരിട്ട് 12 റണ്‍സുമായാണ് സഞ്ജു മടങ്ങിയത്. കൈല്‍ മയേഴ്‌സിന്റെ ഡയറക്ട് ഹിറ്റില്‍ റണ്‍ ഔട്ടായിട്ടായിരുന്നു സഞ്ജുവിന്റെ മടക്കം.
വിന്‍ഡീസ് ഉയര്‍ത്തിയ 149 എന്ന താരതമ്യേന ചെറിയ ടോട്ടല്‍ കണ്ട് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും കോച്ച് രാഹുല്‍ ദ്രാവിഡും ഓവര്‍ കോണ്‍ഫിഡന്റായെന്നും അക്മല്‍ പറഞ്ഞു.
‘ഇന്ത്യ ചെയ്‌സിനിറങ്ങിയപ്പോള്‍ ക്യാപ്റ്റനും മാനേജ്‌മെന്റും ഓവര്‍ കോണ്‍ഫിഡന്റായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. ഇതൊക്കെ ഒരു ടോട്ടലാണോ എന്ന മനോഭാവമാണ് മാനേജ്‌മെന്റിനുണ്ടായിരുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.
എല്ലാ മത്സരത്തിലും ഒരു പ്ലാന്‍ ഉണ്ടാകണം. എന്നാല്‍ നിങ്ങള്‍ക്ക് അത്തരത്തിലൊരു പ്ലാന്‍ ഉണ്ടായിരുന്നില്ല. ടീമില്‍ പരീക്ഷണങ്ങള്‍ നടത്തിയത് ഞാന്‍ കണ്ടു, എന്നാല്‍ അത് നിങ്ങള്‍ കൃത്യമായി തന്നെ പ്ലാന്‍ ചെയ്യണമായിരുന്നു,’ അക്മല്‍ കൂട്ടിച്ചേര്‍ത്തു.
വിന്‍ഡീസ് ഉയര്‍ത്തിയ 150 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 145 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ അരങ്ങേറ്റക്കാരന്‍ തിലക് വര്‍മ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.