ഇന്ത്യ-ശ്രീലങ്ക മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 43 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. പല്ലേക്കലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ശ്രീലങ്കയ്ക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 19.2 ഓവറില്‍ 170 റണ്‍സിന് പുറത്താവുകയായിരുന്നു.
A 43-run victory in the first T20I! 🙌#TeamIndia take a 1-0 lead in the series 👏👏
മത്സരത്തില്‍ ഏറെ ശ്രദ്ധേയമായത് ശ്രീലങ്കന്‍ സ്പിന്നര്‍ കാമിന്ദു മെന്‍ഡീസിന്റെ ബൗളിങ്ങ് ആയിരുന്നു. താരം രണ്ട് കൈകൊണ്ടും ബോള്‍ എറിഞ്ഞു കൊണ്ടാണ് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയത്.
മത്സരത്തിന്റെ പത്താം ഓവര്‍ എറിയാന്‍ എത്തിയ കാമിന്ദുവാണ് രണ്ടു കൈകള്‍ കൊണ്ടും പന്തെറിഞ്ഞു കൊണ്ട് ശ്രദ്ധ നേടിയത്. ക്രീസില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് നില്‍ക്കുന്ന സമയത്ത് ഇടത് കൈകൊണ്ടും വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് സ്‌ട്രൈക്കില്‍ എത്തിയ സമയത്ത് വലതുകൈകൊണ്ടും പന്തെറിയുകയായിരുന്നു കാമിന്ദു. ആ ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു വഴങ്ങിയത്.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് മികച്ച ടോട്ടല്‍ നേടിയത്. 26 പന്തില്‍ 58 റണ്‍സ് നേടി കൊണ്ടായിരുന്നു സൂര്യയുടെ മിന്നും പ്രകടനം. എട്ട് ഫോറുകളും രണ്ട് സിക്‌സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
33 പന്തില്‍ 49 റണ്‍സ് നേടി പന്തും 21 പന്തില്‍ 40 റണ്‍സ് നേടി യശസ്വി ജെയ്‌സ്വാളും മികച്ച പ്രകടനമാണ് നടത്തിയത്. ആറ് ഫോറുകളും ഒരു സിക്‌സുമാണ് പന്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മറുഭാഗത്ത് അഞ്ച് ഫോറുകളും രണ്ട് സിക്‌സുകളുമാണ് ജെയ്സ്വാള്‍ അടിച്ചെടുത്തത്. 16 പന്തില്‍ 34 റണ്‍സ് നേടി ശുഭ്മന്‍ ഗില്ലും നിര്‍ണായകമായി. ആറ് ഫോറുകളും ഒരു സിക്‌സുമാണ് ഗില്‍ നേടിയത്.
ശ്രീലങ്കയുടെ ബൗളിങ്ങില്‍ മതീശ പതിരണ നാലു വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. വനിന്ദു ഹസരംഗ, ദില്‍ഷന്‍ മധുശങ്ക, അസിത ഫെര്‍ണാണ്ടൊ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്ത്യയ്ക്കായി റിയാന്‍ പരാഗ് മൂന്ന് വിക്കറ്റും അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും മുഹമ്മദ് സിറാജ്, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ലങ്ക തകര്‍ന്നടിയുകയായിരുന്നു.
ശ്രീലങ്കയ്ക്കായി ഓപ്പണര്‍ പാത്തും നിസംഗ 48 പന്തില്‍ 79 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകളും നാല് സിക്‌സുകളുമാണ് താരം നേടിയത്. കുശാല്‍ 27 പന്തില്‍ 45 നേടി നിര്‍ണായകമായെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.
ജയത്തോടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും സൂര്യകുമാറിനും സംഘത്തിനും സാധിച്ചു. പരമ്പരയിലെ രണ്ടാം മത്സരം ഇന്നാണ് നടക്കുന്നത്. പല്ലേക്കലിലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Kamindu Mendis Special Bowling Against India