വാഷിങ്ടണ്‍: ഗസയില്‍ ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. മനുഷ്യത്വത്തെ മുന്‍നിര്‍ത്തി ഗാസയിലെ ഫലസ്തീനികള്‍ക്ക് ലോകരാഷ്ട്രങ്ങള്‍ സഹായങ്ങള്‍ എത്തിക്കണമെന്ന് കമല ഹാരിസ് പറഞ്ഞു. അലബാമയിലെ സെല്‍മയില്‍ നടന്ന ‘ബ്ലഡി സണ്‍ഡേ’യുടെ വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വൈസ് പ്രസിഡന്റ്.
ഇസ്രഈല്‍ അധിനിവേശ പ്രദേശമായ ഗസയില്‍ നിത്യേന ലോകം കാണുന്നത് ഏറ്റവും വലിയ മാനുഷിക ദുരന്തമാണെന്ന് കമല ചൂണ്ടിക്കാട്ടി. ഗസയില്‍ ബന്ദികളാക്കപ്പെട്ട തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കരാര്‍ ഹമാസ് അംഗീകരിക്കണമെന്നും കമല ആവശ്യപ്പെട്ടു.
‘ഗസയിലെ ജനങ്ങള്‍ പട്ടിണിയിലാണ്. സാഹചര്യങ്ങള്‍ മനുഷ്യത്വരഹിതമാണ്. ഞങ്ങളിലെ മനുഷ്യത്വം അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുന്നു,’ എന്ന് കമല വ്യക്തമാക്കി.
‘പട്ടിണിയനുഭവിക്കുന്ന ആളുകള്‍ സഹായ ട്രക്കുകളെ സമീപിക്കുന്നത് ഞങ്ങള്‍ കണ്ടു. കുടുംബങ്ങള്‍ക്ക് വേണ്ടി അവര്‍ ഭക്ഷണം സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്നു. പക്ഷെ എല്ലാവരുടെയും വിശപ്പടക്കാനുള്ള സഹായം ഗസയില്‍ എത്തുന്നില്ല,’ കമല കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനിലേക്കുള്ള സഹായങ്ങളുടെ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ ഹമാസിന്റെ അനുകൂല തീരുമാനം സഹായകമാകുമെന്നും യു.എസ് വൈസ് പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഗസയിലേക്കുള്ള സഹായ വാഹനവ്യൂഹങ്ങള്‍ക്കെതിരെ ഇസ്രഈല്‍ സൈന്യം വെടിയുതിര്‍ത്തുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആക്രമണത്തില്‍ നിരവധി പൗരന്മാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഇസ്രഈലി സൈന്യം നിഷേധിച്ചു. തിരക്കില്‍ പെട്ടതുകൊണ്ടാണ് ആളുകള്‍ക്ക് പരിക്കുകള്‍ പറ്റിയതെന്ന് സൈന്യത്തിന്റെ വക്താവ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം കമല ഹാരിസിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഫലസ്തീന്‍ അനുകൂലികള്‍ രംഗത്തെത്തി. ഗസയിലെ ഫലസ്തീനികള്‍ക്ക് വേണ്ടി സംസാരിക്കുമ്പോഴും ഇസ്രഈല്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് മുന്നില്‍ അമേരിക്ക എന്തുകൊണ്ട് കണ്ണടക്കുന്നുവെന്ന് കമലക്കെതിരെ ചോദ്യം ഉയര്‍ന്നു.