പൃഥ്വിരാജ് സുകുമാരനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സെല്ലുലോയ്ഡ്. ജെ.സി. ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി ചെയ്ത സിനിമയിലെ അഭിനയത്തിന് പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. താന്‍ ആദ്യമായി ഈ സിനിമയുടെ കഥ പറയാനായി പൃഥ്വിരാജിനെ സമീപിച്ചതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ കമല്‍. കൗമുദി മൂവിസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പൃഥ്വിരാജിനെ ഫോണില്‍ വിളിച്ച് ഞാന്‍ ജെ.സി. ഡാനിയേലിന്റെ ബയോപിക് ചെയ്യാന്‍ പോവുന്നു, നിങ്ങളാണ് അതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് പറഞ്ഞു. അത് കേട്ടയുടനെ പൃഥ്വിരാജ് പറഞ്ഞത് ‘അയ്യോ അദ്ദേഹത്തെ കുറിച്ച് എനിക്കറിയില്ല. ഞാന്‍ മുമ്പ് കേട്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് നന്നായി അറിയില്ല’ എന്നായിരുന്നു.
ഞാന്‍ സ്‌ക്രിപ്റ്റുമായി വരാമെന്ന് പറഞ്ഞ് ശേഷം ഒരിക്കല്‍ പൃഥ്വിരാജിന് സിനിമയുടെ സ്‌ക്രിപ്റ്റ് പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോള്‍ ‘ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇത്രത്തോളം സംഭവങ്ങളൊക്കെ ഉണ്ടായിരുന്നോ? ഇങ്ങനെയൊരു മനുഷ്യനാണോ ജെ.സി. ഡാനിയേല്‍? ഞാനിത് ചെയ്താല്‍ ശരിയാവുമോ?’യെന്ന് പൃഥ്വി ചോദിച്ചു.
നിങ്ങള്‍ ചെയ്താലേ ശരിയാവുകയുള്ളു എന്നാണ് ഞാന്‍ അതിന് മറുപടി പറഞ്ഞത്. കാരണം ഇങ്ങനെ ഒരു സിനിമ എടുക്കുമ്പോള്‍ അദ്ദേഹത്തിന് പത്തിരുപത്തെട്ട് വയസ് മാത്രമേ ആയിട്ടുള്ളൂ. അന്ന് പൃഥ്വിരാജിനും അതേ പ്രായമാണ്. അത്രയായിട്ടുണ്ടോ എന്ന് എനിക്കറിയില്ല.
രാജുവിനെ പോലെ ഒരു ചെറുപ്പക്കാരന്‍ തന്നെ വേണമായിരുന്നു ഈ കഥാപാത്രം അവതരിപ്പിക്കാന്‍. പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങുന്ന ഒരു നടനാണ്. വലിയ ഹീറോയായി കഴിഞ്ഞിരുന്നു. അന്ന് മറ്റൊരു കാര്യം കൂടെ ഞാന്‍ അവനോട് പറഞ്ഞു. രാജു ഇപ്പോള്‍ വാങ്ങിക്കൊണ്ടിരിക്കുന്ന പൈസ തരാന്‍ എന്റെ കയ്യില്‍ ഉണ്ടാവില്ലായെന്ന് പറഞ്ഞു.
കാരണം ഞാന്‍ ആ സിനിമയുടെ നിര്‍മാതാവാണ്. അതിന് വേറേ നിര്‍മാതാവില്ല. അതുകൊണ്ട് ഞാന്‍ തരുന്ന പണം വാങ്ങിക്കണം, അതിന് തയ്യാറാണോ എന്ന് ചോദിച്ചു. രാജു കുറെ നേരം ചിരിച്ചിട്ട് എന്നോട് ചോദിച്ചു, സാര്‍ മൊത്തത്തില്‍ എന്നെയങ്ങ് പൂട്ടുകയാണല്ലേയെന്ന്,’ കമല്‍ പറയുന്നു.
Content Highlight: Kamal Talks About Prithviraj Sukumaran