ഭോപാല്‍: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍ നാഥിനെതിരെ പുതിയ നീക്കങ്ങളുമായി ബി.ജെ.പി. കമല്‍ നാഥ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് ഗോതമ്പ് അഴിമതി നടത്തിയെന്നും അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ കമല്‍ നാഥിനെ ജയിലില്‍ അടയ്ക്കുമെന്നും സംസ്ഥാന കൃഷി മന്ത്രിയും ബി.ജെ.പി നേതാവുമായ കമല്‍ പട്ടേല്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഭരണകാലത്ത് നടന്ന അഴിമതിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. ഗോഡൗണ്‍ ഉടമകള്‍ക്ക് വേണ്ടിയും കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമവിരുദ്ധമായ ഇളവുകള്‍ അനുവദിച്ചിരുന്നെന്നും പട്ടേല്‍ ആരോപിച്ചു.
എന്നാല്‍, ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന ഭയമാണ് ബി.ജെ.പിക്കെന്ന് കമല്‍നാഥുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ സിങ് പ്രതികരിച്ചു.
’24 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ 22 ഉം കോണ്‍ഗ്രസ് നേടും. മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിനെതിരെ ഭൂ മാഫിയ ഉള്‍പ്പെടെയുള്ള ആരോപണങ്ങളുന്നയിക്കുന്നതില്‍ പ്രമുഖനായ ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോള്‍ ബി.ജെ.പിക്കൊപ്പമാണല്ലോ. 15 മാസത്തെ ഭരണ കാലയളവില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതി നടത്തിയെന്നാണല്ലോ പുതിയ ആരോപണം. അവരത് അന്വേഷിക്കട്ടെ’, സജ്ജന്‍ സിങ് വെല്ലുവിളിച്ചു.