സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഇന്ത്യന്‍2. ഷങ്കര്‍- കമല്‍ ഹാസന്‍ എന്നിവര്‍ ഒന്നിച്ച് 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ചിത്രം. 2109ല്‍ അനൗണ്‍സ് ചെയ്ത ചിത്രം പല കാരണങ്ങള്‍ കൊണ്ട് നീണ്ടുപോവുകയായിരുന്നു. 2023ല്‍ ചിത്രീകരണം അവസാനിച്ച ഇന്ത്യന്‍ 2 ജൂലൈ 12ന് തിയേറ്ററുകളിലെത്തും.
വന്‍ പ്രതീക്ഷയില്‍ നില്‍ക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ആദ്യ ഭാഗം തന്ന രോമാഞ്ചം രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലറിന് ഉണ്ടായിരുന്നില്ലെന്ന് പലര്‍ അഭിപ്രായപ്പെട്ടു. കമല്‍ ഹാസന്റെ മേക്കപ്പിനെയും പലരും വിമര്‍ശിച്ചിരുന്നു. നാല് ഗെറ്റപ്പില്‍ വന്ന കമല്‍ ഹാസനെ ഫാന്‍സി ഡ്രസ്സ് മത്സരത്തിന് പോകുന്നയാളെന്ന് പലരും വിമര്‍ശിച്ചിരുന്നു.
എന്നാല്‍ 38 വര്‍ഷങ്ങള്‍ക്ക് ശേഷം സേനാപതിയുടെ രണ്ടാം വരവില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ച കാരണം വ്യക്തമാക്കുകയാണ് കമല്‍ ഹാസന്‍. ഇന്ത്യന്‍ 2വിന്റെ കഥയോടൊപ്പം ഷങ്കര്‍ ഈ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ കഥയും പറഞ്ഞുവെന്നും മൂന്നാം ഭാഗം ചെയ്യാന്‍ വേണ്ടിയാണ് താന്‍ ഇന്ത്യന്‍ 2 കമ്മിറ്റ് ചെയ്തതെന്നും താരം പറഞ്ഞു.
ഇന്ത്യന്‍ 3യില്‍ സേനാപതി എന്ന കഥാപാത്രത്തിന്റെ അച്ഛനായും താന്‍ വരുന്നുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു. മൂന്നാം ഭാഗത്തിലെ ഫ്‌ളാഷ്ബാക്ക് രംഗങ്ങളെല്ലാം മികച്ച രീതിയിലാണ് ഷങ്കര്‍ ചിത്രീകരിച്ചതെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഇന്ത്യന്‍ 2 ഞാന്‍ ചെയ്യാന്‍ ഒരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ. അത് ഇന്ത്യന്‍ 3യുടെ കഥയാണ്. ഷങ്കര്‍ എന്നോട് രണ്ടാം ഭാഗത്തിന്റെ കഥ പറയുന്നതിനോടൊപ്പം മൂന്നാം ഭാഗത്തിന്റെ കഥയും പറഞ്ഞു. ആ കഥ എനിക്ക് വളരെയധികം ഇഷ്ടമായി. ആ കാരണം കൊണ്ടാണ് ഇന്ത്യന്‍ 2 ഞാന്‍ ചെയ്യാന്‍ തീരുമാനിച്ചത്. മൂന്നാം ഭാഗത്തില്‍ ഞാന്‍ സേനാപതിയുടെ അച്ഛന്റെ കഥാപാത്രവും ചെയ്യുന്നുണ്ട്. ആ ഫ്‌ളാഷ്ബാക്ക് സീനുകള്‍ ഷങ്കര്‍ ചിത്രീകരിച്ച രീതി ഗംഭീരമാണ്,’ കമല്‍ ഹാസന്‍ പറഞ്ഞു.
Content Highlight: Kamal Haasan explains why he committed for Indian 2 movie