ലാലപ്പന്റെ മാജിക്കല്‍ വേള്‍ഡിനെ ഉറപ്പിച്ച് നിര്‍ത്തിയ കാലന്‍; ജിന്നിലെ യഥാര്‍ത്ഥ ജിന്ന്
Film News
ലാലപ്പന്റെ മാജിക്കല്‍ വേള്‍ഡിനെ ഉറപ്പിച്ച് നിര്‍ത്തിയ കാലന്‍; ജിന്നിലെ യഥാര്‍ത്ഥ ജിന്ന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th January 2023, 11:43 pm

Spoiler Alert

സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ സൗബിന്‍ ഷാഹിര്‍ നായകനായ ജിന്ന് ജനുവരി ആറിനാണ് റിലീസ് ചെയ്തത്. കാസര്‍ഗോട്ടെ നാട്ടിന്‍പുറത്തുള്ള ലാലപ്പനിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. മാജിക്കല്‍ റിയലിസവും മിത്തുമൊക്കെ കൂടിക്കലര്‍ന്ന ലാലപ്പന്റെയും, കള്ളക്കടത്തും അധോലോകവും ചുറ്റിത്തിരിയുന്ന അനീസിന്റെയും ഒത്തുചേരലാണ് ജിന്ന്. രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഇരുപ്ലോട്ടുകളിലും ഏറ്റവും ഇന്‍ട്രസ്റ്റിങ്ങായ പാര്‍ട്ട് ലാലപ്പന്റേത് തന്നെയായിരുന്നു. കാരണം മുത്തശ്ശിക്കഥകളിലേക്ക് എന്നും പ്രേക്ഷകന് ഒരു താല്‍പര്യം കൂടും.

ജിന്നില്‍ പ്രേക്ഷകന് ഏറ്റവുമധികം ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള കഥാപാത്രമാണ് ശശി കലിങ്ക അവതരിപ്പിച്ച കാലന്‍. ലാലപ്പന്റെ ലോകത്തേക്ക് പ്രേക്ഷകരെ കൂടുതല്‍ വലിച്ചടുപ്പിക്കുന്നത് ചിത്രത്തിന്റെ തുടക്കത്തില്‍ വരുന്ന കാലനും പോത്തുമാണ്. ലാലപ്പന് ചുറ്റുമുള്ള മാജിക്കല്‍ റിയലിസത്തിന്റെ ആകാംക്ഷയും ജിഞ്ജാസയുമൊക്കെ കാലന്‍ വരുന്ന രംഗത്തോടെ വര്‍ധിക്കും.

ഈ സമയത്തുള്ള കുഞ്ഞിപ്പെണ്ണ് എന്ന് കഥാപാത്രത്തിന്റെ ഡയലോഗുകളും ലാലപ്പന്റെ കയ്യില്‍ ബീഡി കൊടുത്തുവിടുന്നതുമൊക്കെ കാലന്റെ വരവിന് മുന്നോടിയായി വന്ന മനോഹരമായ രംഗങ്ങളായിരുന്നു. ഈ രംഗത്തിന്റെ എഴുത്തും എക്‌സിക്യൂഷനുമൊക്കെ പ്രേക്ഷകര്‍ക്ക് സിനിമയെ പറ്റി വലിയ പ്രതീക്ഷ ബില്‍ഡ് ചെയ്യിക്കുന്നതായിരുന്നു.

ഇതിന് ശേഷം ബാറില്‍ വന്നിരിക്കുന്ന കാലനും പോത്തും ശ്രദ്ധ നേടുന്നുണ്ട്. ബാറിലിരുന്ന് കരിക്ക് കുടിക്കാന്‍ ലാലപ്പനെ പ്രേരിപ്പിക്കുമ്പോഴും പിന്നീട് അത് കുടിക്കാന്‍ മൂന്ന് പേര്‍ വരുമ്പോഴും കാലനൊപ്പം അത് കാണുന്ന പ്രേക്ഷകര്‍ക്കും രസം കൂടും.

കാലനായി എത്തിയ ശശി കലിങ്ക രസകരമായി തന്നെ ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കാലന്‍ എന്ന് പറയുമ്പോള്‍ പല ഇമേജറികള്‍ ഒരു സംവിധായകന് വന്നേക്കാം. എന്നാല്‍ ശശി കലിങ്കയുടെ കാലനും പോത്തും ലാലപ്പന്റെ മാജിക്കല്‍ ലോകത്തിന് ഏറ്റവും അനുയോജ്യമായിരുന്നു. ശശി കലിങ്കക്ക് ചിത്രത്തില്‍ ഡയലോഗുകളില്ല. രണ്ട് രംഗങ്ങളില്‍ മാത്രമാണ് വരുന്നത്. എങ്കില്‍പോലും സിനിമയെ പ്രേക്ഷകരിലേക്ക് എസ്റ്റാബ്ലിഷ് ചെയ്യുന്നതില്‍ കാലന്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്.

ലാലപ്പനെ ഉദ്ദേശിച്ചാണ് ജിന്ന് എന്ന പേര് വരുന്നതെങ്കിലും പ്രേക്ഷകരുമായി കഥാപാത്രത്തിന്റെ കണക്ഷന്‍ ഇടക്ക് വിട്ടുപോകുന്നുണ്ട്. ഒരുപക്ഷേ ലാലപ്പനെക്കാളുപരി രണ്ട് രംഗത്തില്‍ വന്ന കാലന്‍ ആ കണക്ഷന്‍ ബില്‍ഡ് ചെയ്യുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ കാലനാണ് ജിന്നിലെ ജിന്ന് എന്ന് പറയാം.

സിനിമയുടെ തുടക്കത്തില്‍ ഒരു വൗ ഫാക്ടര്‍ ലഭിക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ അത് മുഴുവന്‍ പൊയ്‌പ്പോവുന്നുണ്ട്. ലാലപ്പന്റെ പ്ലോട്ട് പുതുമ സമ്മാനിക്കുന്നതാണെങ്കില്‍ അനീസിന്റേത് മലയാളത്തിലും മറ്റ് ഇന്‍ഡസ്ട്രികളിലുമെല്ലാം പറഞ്ഞുപഴകിയ കഥയാണ്. ചില സ്ഥലങ്ങളില്‍ അത് ഇന്‍ട്രസ്റ്റിങ് ആയി വരുന്നുണ്ടെങ്കിലും ഒടുവില്‍ ഒന്നുമല്ലാത്ത നിലയില്‍ അവസാനിക്കുകയാണ്.

Content Highlight: Kalan, played by Shashi Kalinga, is the character most likely to be liked by the audience in Jinnu movie