ശ്രീനി സാറിന്റെ കരിയറിലെ ബെസ്റ്റ് ഡാന്‍സ്; ചെയ്യില്ലെന്ന് അദ്ദേഹത്തിന് വാശിയായിരുന്നു: കലാ മാസ്റ്റര്‍
Entertainment
ശ്രീനി സാറിന്റെ കരിയറിലെ ബെസ്റ്റ് ഡാന്‍സ്; ചെയ്യില്ലെന്ന് അദ്ദേഹത്തിന് വാശിയായിരുന്നു: കലാ മാസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 31st October 2024, 8:59 am

തെന്നിന്ത്യന്‍ സിനിമ മേഖലയിലെ അറിയപ്പെടുന്ന ഡാന്‍സ് കൊറിയോഗ്രാഫറാണ് കലാ മാസ്റ്റര്‍. പന്ത്രണ്ടാം വയസില്‍ അസിസ്റ്റന്റ് കൊറിയോഗ്രാഫറായി സിനിമയിലേക്ക് അരങ്ങേറിയ അവര്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറില്‍ അധികം സിനിമകള്‍ക്ക് ഇതിനോടകം നൃത്ത സംവിധാനം നിര്‍വഹിച്ചു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന മലയാള സിനിമയിലെ നൃത്തത്തിന് 2000ല്‍ മികച്ച കൊറിയോഗ്രഫിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കാനും കലാ മാസ്റ്ററിന് സാധിച്ചു.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മേഘം എന്ന ചിത്രത്തില്‍ നൃത്ത സംവിധാനം ചെയ്തതും കലാ മാസ്റ്റര്‍ തന്നെയായിരുന്നു. ചിത്രത്തിലെ മാര്‍ഗഴിയെ മല്ലികയെ എന്ന പാട്ടിന്റെ കൊറിയോഗ്രഫിയെ കുറിച്ച് പറയുകയാണ് കലാ മാസ്റ്റര്‍. ആ പാട്ടിന് നൃത്തം ചെയ്യില്ലെന്ന് ശ്രീനിവാസന് വാശി ആയിരുന്നെന്നും എന്നാല്‍ തന്റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം ഡാന്‍സ് കളിക്കുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കലാ മാസ്റ്റര്‍.

‘മേഘം സിനിമയില്‍ മാര്‍ഗഴിയെ മല്ലികയെ എന്ന പാട്ടിന് ഞാന്‍ ഡാന്‍സ് കളിക്കില്ലെന്ന് ശ്രീനിവാസന്‍ സാര്‍ പറഞ്ഞു. പ്രിയദര്‍ശന്‍ ശ്രീനിവാസന്‍ സാറിനോട് പറഞ്ഞു ‘എന്താണെന്ന് വെച്ചാല്‍ ചെയ്യ് എനിക്കൊന്നും അറിയില്ല നീ കലാ മാസ്റ്ററിനോട് പോയി സംസാരിച്ചോ’ എന്ന്. എന്റെയടുത്ത് വന്നപ്പോള്‍ ഞാന്‍ എന്തായാലും ഡാന്‍സ് ചെയ്യണമെന്ന് പറഞ്ഞു.

റിഹേഴ്‌സല്‍ സമയത്തും അദ്ദേഹം വന്നിട്ട് ഞാന്‍ ചെയ്യില്ല എനിക്കിതൊക്കെ നാണക്കേടാണെന്ന് പറഞ്ഞ് വാശി പിടിച്ചിരുന്നു. സാര്‍ എന്തായാലും ചെയ്യണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചു. എന്റെ അസിസ്റ്റന്റിനെ വെച്ച് ഓരോന്നും പറഞ്ഞ് പറഞ്ഞ് മനസിലാക്കി കൊടുത്തു. എനിക്ക് തിരുച്ചിയില്‍ ഒരു ദിവസത്തെ ഷൂട്ടിങ്ങിന് പോകാന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ മാസ്റ്റര്‍ ഉണ്ടെങ്കില്‍ ഞാന്‍ ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ ഞാന്‍ അവിടെ ഒരു ദിവസത്തെ ഷൂട്ട് കഴിഞ്ഞ ഉടനെ വന്ന ഷോട്ട് എടുത്ത്. ആ ഷോട്ട് എടുത്തപ്പോള്‍ എല്ലാവരും ഹാപ്പി ആയി. കാരണം ശ്രീനിവാസന്‍ സാര്‍ അത്രയും നന്നായി ചെയ്തിട്ടുണ്ടായിരുന്നു. മമ്മൂട്ടി സാറും മനോഹരമായിട്ടായിരുന്നു ചെയ്തിരുന്നത്. ശ്രീനിവാസന്‍ സാറിന്റെ കരിയറിലെ തന്നെ ബെസ്റ്റ് ഡാന്‍സ് മാര്‍ഗഴിയെ മല്ലികയെ ആണ്,’ കലാ മാസ്റ്റര്‍ പറയുന്നു.

Content Highlight:  Kala Master Talks About Choreography Of Margazhiye Mallikaye Song