ഏത് സിനിമയുടെ ട്രെയ്‌ലര്‍ കാണുമ്പോഴും നിങ്ങള്‍ക്ക് ആ ചിത്രത്തെ കുറിച്ച് ചില തോന്നലുകള്‍ വരും, എങ്ങനെയുള്ള സിനിമയായിരിക്കും, എന്താണ് ആ സിനിമയില്‍ നിന്നും പ്രതീക്ഷിക്കേണ്ടത് അങ്ങനെ ചിലത്, അടുത്ത കാലത്ത് ഏറെ ചര്‍ച്ചയായ ട്രെയ്‌ലറായിരുന്നു കളയുടേത്. ചിത്രത്തിന്റെ ഒരു മൂഡും ഫൈറ്റ് സീക്വന്‍സുകള്‍ക്കുള്ള പ്രാധാന്യവും ഈ ട്രെയ്‌ലറില്‍ വ്യക്തമായിരുന്നു. തീര്‍ച്ചയായും ഇത് രണ്ടുമാകും ചിത്രത്തിലെ പ്രധാന കാര്യങ്ങള്‍ എന്ന ധാരണയില്‍ തന്നെയാണ് കള കാണാന്‍ ചെന്നത്.
ട്രെയ്‌ലര്‍ കണ്ടപ്പോള്‍ തോന്നിയ പ്രതീക്ഷകള്‍ തെറ്റിക്കാതെ എന്നാല്‍ അതിനപ്പുറത്തേക്ക് കടന്ന് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുവെക്കുന്ന ചിത്രമാണ് കള. കഥാപാത്ര നിര്‍മ്മിതി, ഏറ്റവും കുറഞ്ഞ ഡയലോഗുകളിലൂടെ, സന്ദര്‍ഭങ്ങളിലൂടെ ഏറെ ശക്തമായി ചിന്തിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞുവെക്കുന്ന രീതി, മികച്ചു നില്‍ക്കുന്ന മേക്കിംഗും സാങ്കേതിക മികവും, തുടക്കം മുതല്‍ അവസാനം വരെ ഒരു പ്രത്യേക മൂഡില്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതി, ക്രാഫ്റ്റിംഗിന്റെ ഭംഗി അടയാളപ്പെടുത്തുന്ന ഫൈറ്റ് സീനുകള്‍ – കള എന്ന ചിത്രം മലയാള സിനിമയില്‍ മുന്നിട്ടു നില്‍ക്കുന്നത് ഇക്കാരണങ്ങളാലാവും.
കളയുടെ ക്യാമറയും എഡിറ്റിംഗും പശ്ചാത്തല സംഗീതവും തീര്‍ച്ചയായും വരും ദിവസങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. അതിലേക്കെല്ലാം കടക്കും മുന്‍പ് ടൊവിനോയുടെ ഷാജി എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു.
ടൊവിനോയുടെ കരിയറിലെ മാത്രമല്ല, മലയാള സിനിമ തന്നെ ഓര്‍ത്തിരിക്കാന്‍ പോകുന്ന കഥാപാത്രമാണ് ഷാജി. കളയുടെ തുടക്കത്തില്‍ എഴുത്തുകാരന്‍ ഓസ്‌കാര്‍ വൈല്‍ഡിന്റെ ഒരു വാചകം എഴുതി കാണിക്കുന്നുണ്ട് സ്വാര്‍ത്ഥത എന്നാല്‍ തനിക്ക് ഇഷ്ടപ്പെട്ട പോലെ ജീവിക്കലല്ല, മറിച്ച് തന്റെ ഇഷ്ടത്തിന് അനുസരിച്ച് മറ്റുള്ളവര്‍ ജീവിക്കണമെന്ന നിര്‍ബന്ധമാണെന്നാണ് ഈ വരികള്‍. സിനിമയുടെ കാതല്‍ ഈ വരികളിലുണ്ട്. ഷാജി എന്ന കഥാപാത്രത്തിന്റെയും.
ഷാജിയുടെ കഥാപാത്രത്തെ വളരെ പതിയെ പതിയെ ഓരോ അടരുകളായാണ് ചിത്രം പ്രേക്ഷകന് മുന്നില്‍ എത്തിക്കുന്നത്. ഷാജി എന്ന മസ്‌കുലിനിറ്റിയുടെ എല്ലാ ടോക്‌സിക് സ്വഭാവത്തിലും അഭിരമിക്കുന്ന സ്വാര്‍ത്ഥനായ പുരുഷന്‍ നിങ്ങള്‍ക്ക് മുന്നില്‍ തെളിഞ്ഞുവരും. അയാള്‍ എപ്പോഴും വയലന്റായ ഒരു മനുഷ്യനല്ല, അതി ധീരനുമല്ല, പക്ഷെ താന്‍ എന്നതിനപ്പുറത്തേക്ക് കാണാന്‍ കഴിയാത്ത എന്നാല്‍ കര്‍ക്കശക്കാരനായ അച്ഛന്റെ മുന്നില്‍ പതുങ്ങിപ്പോകുന്ന നമുക്ക് പരിചിതനായ ഒരു മനുഷ്യനാണ് അയാള്‍.
ട്രെയ്‌ലര്‍ കണ്ട് ഷാജിയെ കുറിച്ച് നിങ്ങള്‍ ഓരോരുത്തരും മനസ്സില്‍ കരുതി വെച്ച ഇമേജില്‍ നിന്നും ഏറെ വ്യത്യസ്തനാണ് ഷാജിയെന്ന് പടം കണ്ടിറങ്ങുമ്പോള്‍ നമുക്ക് മനസ്സിലാകും. രവി എന്ന ലാലിന്റെ അച്ഛന്‍ കഥാപാത്രം മകനായ ഷാജിയെ എങ്ങനെയായിരിക്കും വളര്‍ത്തിയതെന്ന് ഷാജി തന്റെ മകനോട് പറയുന്ന ചില കാര്യങ്ങളിലൂടെ വ്യക്തമാണ്. മറ്റുള്ളവരെ തുല്യതയോടെ പരിഗണിക്കാതിരിക്കലും താന്‍ ചെയ്യുന്ന പല കാര്യങ്ങളും അവരെ എങ്ങനെയായിരിക്കും ബാധിച്ചിരിക്കുക എന്നതിനെ കുറിച്ച് ഒരു മിനിറ്റ് പോലും ചിന്തിക്കാതിരിക്കലുമാണ് ഷാജിയില്‍ വളരെ സ്വാഭാവികതയോടെ പ്രകടമാകുന്ന കാര്യങ്ങള്‍.
സിനിമയിലെ ചില രംഗങ്ങള്‍ സട്ടിലായി ഷാജിയെ വരച്ചു കാണിക്കുന്നുണ്ട്, സിഗരറ്റ് വലിച്ചാല്‍ കൊള്ളാമെന്ന് പറയുന്ന ഭാര്യയെ ഒരു പഫ് എടുത്ത് ചുംബിക്കുകയാണയാള്‍, രാവിലെയാണെന്നും വെളിച്ചമുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ സെക്‌സ് ചെയ്യേണ്ടെന്നും പറയുന്ന ഭാര്യയുടെ കണ്ണില്‍ ഒരു ഷാളെടുത്ത് കെട്ടിയാണ് അയാള്‍ സെക്‌സിലേര്‍പ്പെടുന്നത്, ഒരു പണിക്കാരന്‍ കവുങ്ങില്‍ നിന്ന് വീണ് ഗുരുതരാവസ്ഥയിലായ സമയത്തുള്ള ഷാജിയുടെ പ്രതികരണം, തന്നെ മറ്റൊരാള്‍ അടിക്കുന്നത് മകന്‍ കാണുമ്പോള്‍ ആ മകന് മുന്നില്‍ വെച്ച് തന്നെയടിച്ചയാളെ അതിക്രൂരമായി അയാള്‍ മര്‍ദ്ദിക്കുന്നത്്, വീട്ടിലെ നാടന്‍ പട്ടിയെ കുറിച്ച് ഏറെ ഇഷ്ടത്തോടെ സംസാരിക്കുന്ന കഥാപാത്രത്തോട് തന്റെ റിച്ച് ഇനത്തിലുള്ള വളര്‍ത്തുനായയെ കുറിച്ച് അയാള്‍ പറയുന്നത്, അങ്ങനെ ഷാജിയെ മനസ്സില്‍ പതിപ്പിക്കുന്ന ഒട്ടനവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഇതുകൂടാതെ ചിത്രത്തില്‍ അയാള്‍ ചെയ്യുന്ന പല കാര്യങ്ങളുമുണ്ട്, ചിത്രത്തിന്റെ ത്രില്ലര്‍ സ്വഭാവം ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ അതേ കുറിച്ച് പറയുന്നില്ല. സിനിമയുടെ അവസാനത്തില്‍ ഷാജി ഇരിക്കുന്ന ഒരു സീന്‍ പ്രേക്ഷകന്‍ അത്രവേഗം മറക്കില്ല.
ഷാജി എന്ന കഥാപാത്രത്തെ വാര്‍ത്തെടുത്തിരിക്കുന്നതിലാണ് തിരക്കഥാകൃത്തുക്കളായ യദു കൃഷ്ണനും സംവിധായകന്‍ കൂടിയായ രോഹിത് വി.എസും തങ്ങളുടെ കഴിവ് മുഴുവന്‍ പുറത്തെടുത്തിരിക്കുന്നത് തന്നെ പറയാം. ടൊവിനോ തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്, പല രംഗങ്ങളിലും കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സും നല്‍കിയിട്ടുണ്ട്. എന്നാല്‍ ചില രംഗങ്ങളില്‍ ടൊവിനോ പാളിപ്പോകുന്നുണ്ട്.
ചിത്രത്തില്‍ ഷാജിയുടെ ഭാര്യയുടെ കഥാപാത്രത്തെയും ഏറെ ശ്രദ്ധയോടെ തന്നെയാണ് തിരക്കഥാകൃത്തുക്കള്‍ മെനഞ്ഞെടുത്തിരിക്കുന്നത്. ചില ട്രോമകളിലൂടെ കടന്നുപോയതിന്റെ ഭാരവും ഇഷ്ടവും പേടിയും എന്താണ് സംഭവിക്കുന്നതെന്നത് മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥയും അങ്ങനെ വ്യത്യസ്തമായ വികാരങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്ന സങ്കീര്‍ണമായ കഥാപാത്രമാണിത്. ദിവ്യ പിള്ള സ്വാഭാവികതയോടെ കഥാപാത്രമായി മാറിയിട്ടുണ്ട്. ലാലും അച്ഛന്‍ കഥാപാത്രമായി തന്റെ ഭാഗം മനോഹരമാക്കിയിട്ടുണ്ട്.
കളയുടെ രണ്ടാമത്തെ ട്രെയ്‌ലറിന്റെ അവസാന ഭാഗത്ത് ഒരൊറ്റ സെക്കന്റില്‍ മാത്രം കാണിക്കുന്ന മൂര്‍ എന്ന നടനാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ സത്യത്തില്‍ കളം നിറഞ്ഞാടുന്നത്. ചിത്രത്തിലുട നീളം ഒരൊറ്റ വികാരമാണ് പ്രധാനമായും മൂറിന്റെ കഥാപാത്രത്തിനുള്ളതെങ്കിലും ബോറടിപ്പിക്കാതെ കൊണ്ടുപോകാന്‍ മൂറിനായിട്ടുണ്ട്. ഫൈറ്റ് രംഗങ്ങളില്‍ പലപ്പോഴും ടൊവിനോയേക്കാള്‍ മനസ്സില്‍ നില്‍ക്കുന്നത് മൂര്‍ തന്നെയാണ്.
ഒരു പ്രതികാരത്തിന്റെ കഥയാണ് കള പക്ഷെ ഒരു പ്രതികാരത്തിന്റെ കഥ മാത്രമല്ല താനും. ഗോത്രവിഭാഗക്കാരുടെ ഭൂമി കയ്യടക്കി അവരെ ആ മണ്ണിലെ പണിക്കാരും അടിമകളുമാക്കി മാറ്റിയവരെ കുറിച്ചും എപ്പോഴും മണ്ണും മുതലും വെട്ടിപ്പിടിക്കാനും വര്‍ധിപ്പിക്കാനുമുള്ള അടങ്ങാത്ത ത്വരയുള്ള മനുഷ്യരെ കുറിച്ചും ചിത്രം വ്യക്തമായി പറയുന്നുണ്ട്.
ഇനി, ഫൈറ്റ് സീനുകളോട് താല്‍പര്യമില്ലാത്ത വ്യക്തിയായിട്ടു പോലും, രണ്ടാം പകുതി മുഴുവന്‍ ഫൈറ്റ് സീനുകളിലൂടെ കഥ പറയുന്ന കള എന്നെ ബോറടിപ്പിച്ചില്ല. റോ ആന്റ് വൈല്‍ഡായ സംഘട്ടന രംഗങ്ങളാണ് കളയിലേത്. നമുക്ക് സ്‌ക്രീനില്‍ കണ്ട് വലിയ പരിചയമില്ലാത്ത എന്നാല്‍ ഒട്ടും അതിശോയക്തി തോന്നാത്ത ഫൈറ്റ് സീനുകള്‍. സീനുകള്‍ ബ്ലഡി ആണെങ്കിലും കണ്ടിരിക്കാന്‍ തോന്നും. ഇത്രയും നേരമുള്ള ഫൈറ്റ് സീനുകള്‍ക്കൊപ്പം പ്രേക്ഷകനെ കൊണ്ടുപോകുന്നത് ക്യാമറയും എഡിറ്റിംഗും പശ്ചാത്തല സംഗീതവുമാണ്. ഫൈറ്റ് സീനിനിടയില്‍ കാട്ടുപന്നിയെ വേട്ടയാടുന്ന ചില രംഗങ്ങള്‍ ഒരു കഥാപാത്രത്തിന്റെ ഓര്‍മ്മയില്‍ കടന്നുവരുന്നത് ഏറെ മനോഹരമായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഫൈറ്റ് സീനുകളില്‍ മാത്രമല്ല ചിത്രത്തിന്റെ തുടക്കം മുതല്‍ ക്യാമയും എഡിറ്റിംഗും ശ്രദ്ധ നേടുന്നുണ്ട്.
ടൈറ്റില്‍ എഴുതുന്ന സമയത്തുള്ള ഇല്ലുസ്‌ട്രേഷനുകളിലും അതിലെ കഥയിലും വന്യം എന്ന പാട്ടിലും ചിത്രത്തിന്റെ മൂഡ് സംവിധായകന്‍ സെറ്റ് ചെയ്യുന്നുണ്ട്. തുടക്കത്തില്‍ തോന്നുന്ന ആ ഫീലില്‍ നിന്നും ബില്‍ഡ് ചെയ്ത് കൊണ്ടുവന്ന് ആ മൂഡില്‍ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ഒരു പരിധി വരെ സംവിധായകന് കഴിയുന്നുമുണ്ട്. ചെളി നിറഞ്ഞ കാല്‍പാടുകള്‍ വീട്ടില്‍ കാണുന്നത്, പണിക്കെത്തുന്ന ചില ആളുകള്‍, ചെളി പറ്റിയിരിക്കുന്ന ഒരു ചെരിപ്പ്, ചിത്രത്തില്‍ കടന്നുവരുന്ന ഓരോ കഥാപാത്രങ്ങളുടെയും നോട്ടങ്ങള്‍ അങ്ങനെ ചെറിയ ചെറിയ കാര്യങ്ങളിലൂടെയാണ് ആ മൂഡ് ബില്‍ഡ് ചെയ്ത് കൊണ്ടുപോകുന്നത്.
അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്ന ചിത്രങ്ങളില്‍ കഥയ്ക്ക് പറ്റിയ മേക്കിംഗ് രീതിയില്‍ കോംപ്രമൈസ് ചെയ്യാത്ത രീതി കളയിലും രോഹിത് വി.എസ് അണ്‍അപോളജിറ്റിക്കലായി തുടരുന്നുണ്ട്.
കള എന്ന ചിത്രം കണ്ട ശേഷം ഈ ഭൂമിയില്‍ ആരാണ് കള എന്ന് സ്വയം ചിന്തിച്ചുകൊണ്ടായിരിക്കും തിയേറ്ററില്‍ നിന്നും ഓരോ പ്രേക്ഷകനും ഇറങ്ങുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kala Malayalam movie review