Entertainment
പ്രതിഫലമായി ചിത്ര രണ്ട് ഗ്രൗണ്ട് സ്ഥലം വാങ്ങിത്തന്നു, 20 വര്‍ഷത്തിന് ശേഷം അത് വിറ്റപ്പോള്‍ 60 ലക്ഷത്തോളം രൂപ കിട്ടി; കൈതപ്രം പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 31, 08:13 am
Sunday, 31st January 2021, 1:43 pm

ഗായിക ചിത്രയ്ക്കു വേണ്ടി പാട്ടുകള്‍ എഴുതിയതിനെക്കുറിച്ചും ഗാനരംഗത്ത് ചിത്രയുമായുള്ള മറ്റ് അനുഭവങ്ങളെക്കുറിച്ചും പറയുകയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി.

ചിത്ര തനിക്ക് അനിയത്തിയെപ്പോലെയാണെന്നും അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ ആകാശവാണി തിരുവനന്തപുരം നിലയത്തിലേക്ക് സംഗീതസംവിധായകന്‍ എം.ജി രാധാകൃഷ്ണന്റെ കൈപിടിച്ചുവന്ന ചിത്രയാണ് ഇന്നും തന്റെ ഓര്‍മകളില്‍ ഉള്ളതെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ കൈതപ്രം പറയുന്നു.

സംഗീത സംവിധായകന്‍ വിദ്യാസാഗറും കൈതപ്രവും ചേര്‍ന്ന് ചിത്രക്കുവേണ്ടി ഒരു അയ്യപ്പഭക്തിഗാന ആല്‍ബം ചെയ്തിരുന്നുവെന്നും അതിന് പ്രതിഫലമായി മദ്രാസില്‍ ചിത്ര തനിക്ക് രണ്ട് ഗ്രൗണ്ട് സ്ഥലം വാങ്ങിത്തന്നുവെന്നും കൈതപ്രം പറഞ്ഞു.

80ലെപ്പോഴോ ആണത്. മദ്രാസില്‍ ആണ് ചിത്ര രണ്ട് ഗ്രൗണ്ട് സ്ഥലം വാങ്ങിത്തന്നത്. ഞാന്‍ നാട്ടില്‍ വീടെടുക്കുമ്പോള്‍ വേണമെങ്കില്‍ ഇത് വിറ്റ് കാശ് വാങ്ങാം എന്ന് പറയുകയും ചെയ്തു. ഞാനത് 20 വര്‍ഷം സൂക്ഷിച്ച ശേഷമാണ് കൊടുത്തത്. ഏകദേശം അറുപത് ലക്ഷത്തോളം രൂപ ലഭിച്ചു. എന്നെ സംബന്ധിച്ച് എന്റെ അനിയത്തി ചെയ്തു തന്ന കരുതലായിരുന്നു അത്. കൈതപ്രം പറഞ്ഞു.

തന്റെ ആദ്യ സിനിമയില്‍ ചിത്ര പാടിയത് തങ്കത്തളതാളം എന്ന ഗാനമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരിക്കല്‍ ദൂരെ ദൂരെ സാഗരം എന്ന പാട്ട് ചിത്ര പാടിയപ്പോള്‍ സ്റ്റുഡിയോയില്‍വെച്ചും പിന്നീട് ചിത്രം കാണുമ്പോഴും തന്റെ കണ്ണ് നിറഞ്ഞുവെന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kaithapram says about Chithra