അല്ല കൈരളിയേ, ഒരു സ്ത്രീ നന്നായി ജിവിക്കുന്നതില്‍ എന്തോന്നാ ഇത്ര ഞെട്ടാനുള്ളത്?: ജിഷയുടെ അമ്മയെ കുറിച്ചുള്ള കൈരളി പീപ്പിള്‍ വാര്‍ത്തക്കെതിരെ സോഷ്യല്‍മീഡിയ; ഒടുവില്‍ വാര്‍ത്ത പിന്‍വലിച്ചു
Kerala News
അല്ല കൈരളിയേ, ഒരു സ്ത്രീ നന്നായി ജിവിക്കുന്നതില്‍ എന്തോന്നാ ഇത്ര ഞെട്ടാനുള്ളത്?: ജിഷയുടെ അമ്മയെ കുറിച്ചുള്ള കൈരളി പീപ്പിള്‍ വാര്‍ത്തക്കെതിരെ സോഷ്യല്‍മീഡിയ; ഒടുവില്‍ വാര്‍ത്ത പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th April 2018, 12:26 pm

അല്ല കൈരളിയേ, ഒരു സ്ത്രീ നന്നായി ജിവിക്കുന്നതില്‍ എന്തോന്നാ ഇത്ര ഞെട്ടാനുള്ളത്?: ജിഷയുടെ അമ്മയെ കുറിച്ചുള്ള കൈരളി ഓണ്‍ലൈന്‍ വാര്‍ത്തക്കെതിരെ സോഷ്യല്‍മീഡിയ; ഒടുവില്‍ വാര്‍ത്ത പിന്‍വലിച്ചു

തിരുവനന്തപുരം: ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ അമ്മ രാജേശ്വരിയുടെ രൂപമാറ്റം വാര്‍ത്തയാക്കിയ കൈരളി ഓണ്‍ലൈനിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു.

“”ജിഷയുടെ അമ്മയുടെ മാറ്റം കണ്ട് ഞെട്ടി നാട്ടുകാര്‍; രാജേശ്വരിയുടെ പുതിയ രൂപമാറ്റത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ””- എന്നായിരുന്നു കൈരളി ഓണ്‍ലൈന്‍ വാര്‍ത്തയുടെ തലക്കെട്ട്.

കേരളത്തിന്റെ നൊമ്പരപ്പൂവായ ജിഷയുടെ അമ്മ രാജേശ്വരിയെ ഓര്‍മ്മയില്ലേയെന്നും എന്നാല്‍ തിരിച്ചറിയാനാവാത്ത വിധം രാജേശ്വരി മാറിയിരിക്കുന്നു എന്നും പറഞ്ഞായിരുന്നു വാര്‍ത്ത. രാജേശ്വരിയുടെ രൂപമാറ്റത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാണെന്നും ജിഷ കൊലപാതകത്തിന്റെ വിധി വരുന്ന ദിവസം കോടതിയിലെത്തിയ രാജേശ്വരിയുടെ രൂപമാറ്റവും ഭാവമാറ്റവും ഒരുവിഭാഗം ആളുകള്‍ചര്‍ച്ചയാക്കിയിരുന്നുവെന്നും വാര്‍ത്തയില്‍ പറഞ്ഞുവെച്ചിരുന്നു.

എന്നാല്‍ വാര്‍ത്തയ്‌ക്കെതിരെ വിവിധ കോണുകളുകളില്‍ നിന്നും വലിയ വിമര്‍ശനം ഉയര്‍ന്നു. മറ്റാരും ആശ്രയമില്ലാതെ ജീവിക്കുന്നവളായാലും ഒരു സ്ത്രീ നന്നായി ജിവിക്കുന്നതില്‍ എന്തോന്നാ ഇത്ര ഞെട്ടാനുള്ളത് എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചോദ്യം.

“”ഹ. . . വിജനം ടി.വിക്ക് പറ്റുമോ ഇതുപോലെഴുതാന്‍?


Dont Miss ‘ലാലേട്ടനെ കണ്ടുപഠിക്കണം എന്നാണ് ഞാന്‍ എന്റെ മക്കളോട് പറയാറ്; ആറാം ക്ലാസ് മുതല്‍ എന്റെ ലാലുവിനെ സ്‌കൂളില്‍ കൊണ്ടുവിട്ട അവന്റെ മല്ലികചേച്ചിയാണ് ഞാന്‍’


അടിസ്ഥാനപരമായി ജിഷയുടെ അമ്മ പാവപ്പെട്ടവളാണല്ലോ. അപ്പൊ ഒരിക്കലും നന്നായിട്ട് വസ്ത്രം ധരിക്കാന്‍ പാടില്ല. മകളു മരിച്ചാപ്പിന്നെ ഒട്ടും പാടില്ല. അല്ല കൈരളിയേ, മറ്റാരും ആശ്രയമില്ലാതെ ജീവിക്കുന്നവളായാലും ഒരു സ്ത്രീ നന്നായി ജിവിക്കുന്നതില്‍ എന്തോന്നാ ഇത്ര ഞെട്ടാനുള്ളത്?

ജിഷയുടെ അമ്മ എങ്ങനെ ജീവിച്ചാലും അങ്ങോട്ട് ഒളിഞ്ഞുനോക്കി അതും വാര്‍ത്തയാക്കി നടക്കാന്‍ ഉളുപ്പില്ലേ? വാര്‍ത്തയൊന്നും കിട്ടുന്നില്ലേല്‍ കമ്പിപ്പാരയെടുത്ത് കക്കാനിറങ്ങിക്കോ. അതിനിതിലും അന്തസുണ്ട്. അത് ഷെയര്‍ ചെയ്യാന്‍ അതുപോലത്തെ കുറേ ഒളിഞ്ഞുനോക്കികളും””- എന്നായിരുന്നു ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സംഭവം വിവാദമായതോടെ കൈരളി വാര്‍ത്ത പിന്‍വലിക്കുകയായിരുന്നു. കൈരളിക്കൊപ്പം തന്നെ ജനയുഗവും ജിഷയുടെ അമ്മയുടെ രൂപമാറ്റത്തെ വാര്‍ത്തയാക്കിയിരുന്നു. “” പുതിയ മേക്ക് ഓവറില്‍ ജിഷയുടെ അമ്മ എന്നായിരുന്നു ജനയുഗം വാര്‍ത്തയുടെ തലക്കെട്ട്.

നേരത്തെയും ജിഷയുടെ അമ്മയുടെ രൂപമാറ്റത്തെ എതിര്‍ത്തുകൊണ്ട് ചിലര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിരുന്നു. മകളുടെ മരണത്തിന് പിന്നാലെ ലഭിച്ച പണം കൊണ്ട് രാജേശ്വരി ധൂര്‍ത്തടിക്കുകയാണെന്നും ആഢംബര ജീവിതം നയിക്കുകയാണെന്നുമായിരുന്നു വാര്‍ത്ത.

രാജേശ്വരിയുടെ വീട്ടില്‍ സുരക്ഷയ്ക്കായി നില്‍ക്കുന്ന പൊലീസുകാരോട് മോശമായി പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങളും രാജേശ്വരിയ്‌ക്കെതിരെ ചിലര്‍ ഉയര്‍ത്തിയിരുന്നു.