പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ കഴിഞ്ഞ ഡിസംബര്‍ 22നാണ് തിയേറ്ററുകളിലെത്തിയത്. തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തില്‍ ക്വട്ടേഷന്‍ ഗ്യാങ്ങുകള്‍ തമ്മിലുള്ള പടയുടെ കഥയാണ് ചിത്രം പറഞ്ഞത്. ജനുവരി 19ന് കാപ്പ ഒ.ടി.ടി റിലീസ് ചെയ്തിരുന്നു.
ഒ.ടി.ടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ചയായ കഥാപാത്രം അന്ന ബെന്‍ അവതരിപ്പിച്ച ബിനുവാണ്. ക്വട്ടേഷന്‍ ഗ്യാങ്ങിന്റെ ലീഡറായാണ് ചിത്രത്തില്‍ അന്ന ബെന്‍ എത്തുന്നത്. എന്നാല്‍ ഈ കഥാപാത്രം ആവശ്യപ്പെട്ട ഇംപാക്ട് കൊണ്ടുവരാന്‍ അന്ന ബെന്നിനായില്ല എന്ന വിമര്‍ശനം റിലീസ് സമയത്ത് തന്നെ ഉയര്‍ന്നിരുന്നു. ക്ലൈമാക്‌സിലെ ഡയലോഗുകളില്‍ വിചാരിച്ച മാസ് ലഭിച്ചില്ലെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്.
ഒ.ടി.ടിയിലെത്തിയതോടെ ബിനു എന്ന കഥാപാത്രം ട്രോളുകളില്‍ നിറയുകയാണ്. ബിനുവായുള്ള ട്രാന്‍സ്ഫര്‍മേഷനെ കുറിച്ചും പ്രമീളയുമായുള്ള സംഭഷണത്തിലുമാണ് ട്രോളുകളെല്ലാം വരുന്നത്.
തുടക്കത്തിലെ ഭാവം നല്ല രീതിയില്‍ അവതരിപ്പിച്ച അന്നയില്‍ ഒടുക്കത്തിലേക്ക് വരുമ്പോള്‍ പരിമിതികള്‍ തെളിഞ്ഞുകാണുന്നുണ്ടായിരുന്നു. തന്നെയുമല്ല ഒരു ഗ്യാങ് ലീഡറായ ഈ കഥാപാത്രത്തിന്റെ ബിനു എന്ന പേരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസ വിഷയമാവുകയാണ്. ക്ലൈമാക്സിലെ ട്വിസ്റ്റ് നന്നായിരുന്നുവെങ്കിലും പ്രമീളയും ബിനുവും തമ്മിലുള്ള സംഭാഷണം വേണ്ടത്ര ഇംപാക്ടോ വൗ ഫാക്ടറോ നല്‍കിയില്ലെന്നാണ് വിമര്‍ശനം.
അപര്‍ണ ബാലുമുരളിയുടെ പ്രമീളക്കെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പ്രേക്ഷകര്‍ക്ക് ഒരു വൗ ഫീല്‍ ഉണ്ടാകേണ്ട സ്ഥലങ്ങളിലും അത് ഉണ്ടായില്ല. ആവേശം കൊള്ളിക്കേണ്ട പല രംഗങ്ങളും തണുപ്പന്‍ മട്ടിലായിരുന്നുവെന്ന് പ്രേക്ഷകര്‍ പറഞ്ഞു.