വഖഫ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പാലോളി കാണിച്ച ഉത്സാഹം ജലീലിനുണ്ടായില്ല: റിട്ട. ജഡ്ജി എം.എ. നിസാര്‍
കോഴിക്കോട്: 2008ല്‍ വി.എസ്. സര്‍ക്കാരിന്റെ കാലത്താണ് വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ ജസ്റ്റിസ് എം.എ. നിസാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിക്കുന്നത്. 2009 ഒക്ടോബര്‍ 30നാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ തുടര്‍ന്നുവന്ന സര്‍ക്കാരുകള്‍ നടപ്പാക്കിയില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
എന്നാല്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കാത്തതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ വീഴ്ചയാണെന്ന് പറയുകയാണ് അന്വേഷണ കമ്മീഷണറായിരുന്ന റിട്ട. ജഡ്ജി എം.എ. നിസാര്‍.
സ്വത്തുകള്‍ തിരിച്ചുപിടിക്കുന്നതിനും മറ്റും വഖഫ് ബോര്‍ഡിന് കൃത്യമായ അധികാരമുണ്ടെങ്കിലും കാലാകാലങ്ങളായി വരുന്ന ബോര്‍ഡ് അംഗങ്ങള്‍ക്ക് അതിന് താല്‍പര്യമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്.എസ്.എഫിന്റെ മുഖമാസികയായ രിസാല വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നത്.
‘ഒരു വര്‍ഷത്തോളം സമഗ്രമായി തയ്യാറാക്കിയത്. റിപ്പോര്‍ട്ടിന്റെ പേരില്‍ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ചില ഡിവിഷണല്‍ ഉദ്യോഗസ്ഥരെ നിയമിച്ചതുപോലുള്ള ചെറിയ നടപടികള്‍ മത്രമാണുണ്ടായത്.
അന്ന് വഖഫ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടി വിഷയത്തില്‍ വലിയ താല്‍പര്യം കാണിച്ചെങ്കിലും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വകുപ്പ് കൈകാര്യം ചെയ്ത കെ.ടി. ജലീല്‍ ഇതില്‍ കാര്യമായി ഒന്നും ചെയ്തില്ല. അക്കാലത്ത് നേരിട്ട് പോയി അദ്ദേഹത്തെ കണ്ടെങ്കിലും ഫലമുണ്ടായില്ല,’ എം.എ. നിസാര്‍ പറഞ്ഞു.
കോടികളുടെ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുപോയി എന്നായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മലബാര്‍ ഭാഗത്തുനിന്നാണ് കൂടുതല്‍ സ്വത്തുകള്‍ കണ്ടെത്തിയത്. അംഗങ്ങളുടെ പേരില്‍ തന്നെ വഖഫ് സ്വത്തുക്കളുണ്ടെന്നും ഈ സാഹചര്യത്തില്‍ ആരാണ് നടപടിയെടുക്കുക എന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തെ വഖഫ് സ്വത്തുക്കള്‍ കണ്ടെത്താന്‍ നടപടിയെടുക്കേണ്ടേത് സര്‍വേ കമ്മീഷനാണ്. അതിനുമാത്രമായി ഒരു ഉദ്യോഗസ്ഥനെ നിയമിച്ചാല്‍ മാത്രമേ സ്വത്തുക്കള്‍ തിരിച്ചുപിടിക്കാനാകൂ എന്നും അദ്ദേഹം രിസാലക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വഖഫ് മന്ത്രി വി. അബ്ദുറഹ്മാന്‍, വഖഫ് ബോര്‍ഡ് സി.ഇ.ഒ ബി.എം ജമാല്‍ എന്നിവരുടെ അഭിമുഖമുള്‍പ്പെടെ നഷ്ടപ്പെട്ട വഖഫ് സ്വത്തുകളെ കുറിച്ചുള്ള സമഗ്രമായ അന്വേഷണമാണ് രിസാലയുടെ പ്രസ്തുത ലക്കത്തിലുള്ളത്.