Advertisement
Kerala News
അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ടതില്ല; കെ.സുരേന്ദ്രന്‍ തന്നെ 2024ലെ തെരഞ്ഞെടുപ്പിനെ നയിക്കും: കെ.വി.എസ് ഹരിദാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 07, 05:54 am
Friday, 7th July 2023, 11:24 am

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നടത്തുന്ന അഴിച്ചുപണിയുടെ ഭാഗമായി കെ.സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുമെന്ന റിപ്പോര്‍ട്ട് തള്ളി ബി.ജെ.പി നേതൃത്വം. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ടതില്ലെന്നും കെ. സുരേന്ദ്രന്‍ തന്നെ 2024ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിക്കുമെന്നും പാര്‍ട്ടി വക്താവ് കെ.വി.എസ് ഹരിദാസ് റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു.

‘2024ലെ തെരഞ്ഞെടുപ്പിനെ സുരേന്ദ്രന്‍ തന്നെ നയിക്കും. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷമായി വി.മുരളീധരന്‍ കേന്ദ്രമന്ത്രിയാണ്. പ്രവര്‍ത്തിക്കാത്ത ആരെയും മോദി മന്ത്രിസഭയില്‍ ഇരുത്തിയിട്ടില്ല. നാലര വര്‍ഷം എങ്ങനെയാണ് മുരളീധരന്‍ മന്ത്രിസഭയില്‍ ഇരുന്നത്. അത്രയും ഭംഗിയായി പ്രവര്‍ത്തിച്ചത് കൊണ്ടാണ്. വി.മുരളീധരന്‍ കേന്ദ്രമന്ത്രിയായത് മുതല്‍ കേരളത്തിലെ മാധ്യമങ്ങള്‍ നാളെ അദ്ദേഹത്തെ മാറ്റുമെന്ന് പറയുകയാണ്,’ അദ്ദേഹം പറഞ്ഞു.

നേരത്തെ, കേന്ദ്ര മന്ത്രിസഭയിലേക്ക് സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തി വി.മുരളീധരന് സംസ്ഥാന അധ്യക്ഷ സ്ഥാനം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം നാല് സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെ മാറ്റിക്കൊണ്ട് ബി.ജെ.പി അഴിച്ചുപണി നടത്തിയിരുന്നു. തെലങ്കാന, പഞ്ചാബ്, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ അധ്യക്ഷന്‍മാരെയായിരുന്നു മാറ്റിയിരുന്നത്. ഇതിന് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.

ജി. കിഷന്‍ റെഡ്ഡിയെ തെലങ്കാന ബി.ജെ.പി അധ്യക്ഷനായും ബാബുലാല്‍ മറാന്‍ഡിയെ ജാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷനുമായാണ് നിയമിച്ചിരുന്നത്. പി. പുരന്ദേശ്വരിയെ ആന്ധ്രാപ്രദേശ് പാര്‍ട്ടി അധ്യക്ഷയായും സുനില്‍ ജാഖറിനെ പഞ്ചാബിലെ അധ്യക്ഷനായും നിയമിച്ചു. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ നീക്കം.

ഇതിന് പിന്നാലെ കേന്ദ്രമന്ത്രി സഭയിലും പുനസംഘടന വരുമെന്ന വിവരങ്ങളായിരുന്നു പുറത്ത് വന്നിരുന്നത്. കേന്ദ്ര മന്ത്രിമാര്‍ക്ക് പാര്‍ട്ടി നേതൃസ്ഥാനങ്ങള്‍ നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ട്. കേരളം, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നേതൃമാറ്റമുണ്ടാകുമെന്നായിരുന്നു വിവരം.

Content Highlight: K Surendran will lead bjp in 2024 election: KVS Haridas