Advertisement
Kerala News
അപരിഷ്‌കൃതവും കാലഹരണപ്പെട്ടതുമായ ഈ പണിമുടക്ക് കേരളത്തില്‍ മാത്രം: കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 28, 05:47 pm
Monday, 28th March 2022, 11:17 pm

കോഴിക്കോട്: കേരളത്തില്‍ മാത്രം നടക്കുന്ന അഖിലേന്ത്യാ സമരം ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടേയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. തികച്ചും അപരിഷ്‌കൃതവും കാലഹരണപ്പെട്ടതുമായ ഈ പൊതുപണിമുടക്കെന്ന പേരിലുള്ള ബന്ദ് വര്‍ഷത്തില്‍ ചുരുങ്ങിയത് രണ്ടുതവണ നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇടതു സംഘനകള്‍ മുന്‍കൈയെടുത്തു നടത്തുന്ന ഈ പേക്കൂത്തിന് കോണ്‍ഗ്രസും അനുബന്ധസംഘടനകളും കുടപിടിക്കുന്നതെന്തിനെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഇക്കൂട്ടര്‍ മോദി സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന എല്ലാ നയങ്ങളും കേരളത്തില്‍ ഒരു നാണവുമില്ലാതെ പിണറായി വിജയന്‍ നടപ്പാക്കുകയല്ലേ? പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന പരാന്നഭോജികളായ ഇടതു വലതു യൂണിയനില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്കല്ലാതെ ഈ ബന്ദുകൊണ്ട് മറ്റാര്‍ക്കെങ്കിലും ഗുണമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

എത്രയായിരം കോടി രൂപയുടെ നഷ്ടമാണ് ഈ സമരാഭാസം കൊണ്ട് കടത്തില്‍ മുങ്ങിയ കേരളത്തിനുണ്ടാവുന്നത്? അതും സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിനു രണ്ടു ദിവസം മുമ്പ്. ഇതുപോലുള്ള വിഡ്ഢിത്തം ഇവരല്ലാതെ ആരെങ്കിലും ചെയ്യുമോ? സത്യത്തില്‍ ഇതിനു കുടപിടിക്കുന്ന യു.ഡി.എഫ് തൊഴിലാളി നേതാക്കളെയാണ് ആദ്യം ചൂലെടുത്തടിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.