മുസ്‌ലിം- ഹിന്ദു സംഘര്‍ഷം എന്നും ഉണ്ടാകണമെന്നാണ് പിണറായിയുടെ ആഗ്രഹം; ആര്‍.എസ്.എസ്- ജമാഅത്തെ ചര്‍ച്ച സി.പി.ഐ.എം ഭയപ്പെടുന്നു: സുരേന്ദ്രന്‍
Kerala News
മുസ്‌ലിം- ഹിന്ദു സംഘര്‍ഷം എന്നും ഉണ്ടാകണമെന്നാണ് പിണറായിയുടെ ആഗ്രഹം; ആര്‍.എസ്.എസ്- ജമാഅത്തെ ചര്‍ച്ച സി.പി.ഐ.എം ഭയപ്പെടുന്നു: സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st February 2023, 6:25 pm

ന്യൂദല്‍ഹി: ആര്‍.എസ്.എസ്- ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയെ സി.പി.ഐ.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഭയപ്പെടുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. മുസ്‌ലിങ്ങളും ഹിന്ദുക്കളും തമ്മില്‍ എല്ലാ കാലത്തും സംഘര്‍ഷം ഉണ്ടാകണം എന്നാണ് പിണറായി വിജയന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അര്‍.എസ്.എസ്- ജമാഅത്ത് ചര്‍ച്ച ഇനിയും തുടരുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ ചര്‍ച്ച പിണറായി വിജയനെ ഭയപ്പെടുത്തുന്നുണ്ട്. കാരണം, മുസ്‌ലിങ്ങളും ഹിന്ദുക്കളും തമ്മില്‍ എല്ലാക്കാലത്തും സംഘര്‍ഷം ഉണ്ടാകണം, കുട്ടനേയും മുട്ടനേയും തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കന്റെ സ്വഭാവമാണ് പിണറായി വിജയന്.

കാലാകാലം ഹിന്ദുവിനേയും മുസ്‌ലിമിനേയും തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന രീതി ഇല്ലാതാകുമോ എന്ന വേവലാതിയാണവര്‍ക്ക്. മുത്തലാഖ്, സി.എ.എ വിഷയത്തിലുള്ള പിണറായിയുടെ പ്രസ്താവന കണ്ടാല്‍ അറിയാം കുറുക്കന്റെ കണ്ണ് എങ്ങോട്ടാണെന്ന്,’ സുരേന്ദ്രന്‍ പറഞ്ഞു.

 

അതേസമയം, ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചക്ക് കോണ്‍ഗ്രസ്- വെല്‍ഫെയര്‍- ലീഗ് സഖ്യത്തിന് ബന്ധമുണ്ടോ എന്ന ചോദ്യത്തിന് മുസ്‌ലിം നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി.

യു.ഡി.എഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യമില്ലെന്നും അങ്ങനെയുണ്ടായിരുന്നത് സി.പി.ഐ.എമ്മിനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ആരോപണം വിചിത്രമാണെന്നും വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് പുതിയ ആരോപണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ യു.ഡി.എഫിന് സ്വയം പിന്തുണ പ്രഖ്യാപിക്കുകയായിരുന്നെന്നും അതൊന്നും രാഷ്ട്രീയ സഖ്യമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.