മത്സരിക്കാനില്ലെന്ന് കെ. സുരേന്ദ്രനും ബി ഗോപാലകൃഷ്ണനും; സാധ്യതാ പട്ടികയില്‍ പ്രാദേശിക നേതാക്കള്‍ക്ക് മുന്‍ഗണന
KERALA BYPOLL
മത്സരിക്കാനില്ലെന്ന് കെ. സുരേന്ദ്രനും ബി ഗോപാലകൃഷ്ണനും; സാധ്യതാ പട്ടികയില്‍ പ്രാദേശിക നേതാക്കള്‍ക്ക് മുന്‍ഗണന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2019, 12:37 pm

തിരുവനന്തപുരം: വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി. ഗോപാലകൃഷ്ണനും കെ സുരേന്ദ്രനും നേതൃത്വത്തെ അറിയിച്ചതായി സൂചന. ഇതോടെ കോന്നിയിലെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും സുരേന്ദ്രന്റെ പേര് ഒഴിവാക്കിയേക്കും.

ഉപതെരഞ്ഞെടുപ്പില്‍ പ്രാദേശിക നേതാക്കള്‍ക്കായിരിക്കും കൂടുതല്‍ പരിഗണന. കോന്നിയില്‍ മത്സരിക്കാന്‍ ഇല്ലെന്ന് കെ. സുരേന്ദ്രന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ശോഭാ സുരേന്ദ്രന്റെ സാധ്യത വര്‍ധിക്കും. അശോകന്‍ കുളനട, അശോക് കുമാര്‍ തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്. \


വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കാനാണ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന് കൂടുതല്‍ താല്‍പര്യം. എന്നാല്‍ ആര്‍.എസ്.എസ് ഇതില്‍ അനുകൂലമായ നിലപാട് എടുത്തിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം കാഴ്ച വെച്ച മോശം പ്രകടനത്തെ തുടര്‍ന്ന് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു ആര്‍.എസ്.എസ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എറണാകുളം മണ്ഡലത്തിലായിരുന്നു ബി. ഗോപാലകൃഷ്ണനെ പരിഗണിച്ചിരുന്നത്. അദ്ദേഹം പിന്‍മാറുന്ന സാഹചര്യത്തില്‍ പ്രാദേശിക നേതാക്കള്‍ക്കായിരിക്കും പരിഗണന ലഭിക്കുക. സി.ജി രാജഗോപാല്‍, പത്മജ മേനോന്‍ തുടങ്ങിയവരെയാവും പരിഗണിക്കുക.

മഞ്ചേശ്വരം മണ്ഡലത്തില്‍ സതീശന്‍ ഭണ്ഡാരിക്കാണ് സാധ്യത കൂടുതല്‍. മഞ്ചേശ്വരം പാര്‍ട്ടി മണ്ഡലം പ്രസിഡന്റാണ് സതീശന്‍ ഭണ്ഡാരി.