Advertisement
Kerala News
കേരളത്തിലെ മോദിയുടെ സമ്മേളനത്തിന് മറുപടി; രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് കൂറ്റന്‍ സമ്മേളനം നടത്തും: സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 20, 01:37 pm
Thursday, 20th April 2023, 7:07 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചിയിലെ പൊതുപരിപാടിക്ക് പകരമായി കോണ്‍ഗ്രസ് ഒരു കൂറ്റന്‍ സമ്മേളനം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഈ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ മെയ് 9,10 തീയതികളില്‍ പത്തനംതിട്ട ചരക്കുന്നില്‍ ചിന്തന്‍ ശിബിരം സംഘടിപ്പിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം കെ.പി.സി.സി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഇന്ന് അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും രാഷ്ട്രീയകാര്യ സമിതി യോഗം ചര്‍ച്ച ചെയ്‌തെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ ചെറുതായി കാണിക്കുന്ന സി.പി.ഐ.എം- ബി.ജെ.പി അജണ്ട കോണ്‍ഗ്രസ് ജനമധ്യത്തില്‍ സമ്മേളനത്തിലൂടെ തുറന്നുകാണിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യാ രാജ്യത്ത് മോദിയുടെ സാമ്പത്തിക നയം യുവാക്കളെ പ്രതിസന്ധിയിലാക്കുകയാണ്. ഇന്നത്തെ യുവാക്കള്‍ക്ക് തൊഴിലില്ല. ഇവിടുത്തെ കുട്ടികള്‍ തൊഴില്‍ തേടി വിദേശത്തേക്ക് പോവുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരേ നയമാണ്,’ കെ. സുധാകരന്‍ പറഞ്ഞു.

അതേസമയം, മോദിയെ മുന്‍നിര്‍ത്തിയുള്ള ബി.ജെ.പിയുടെ യുവം പരിപാടിക്ക് ബദലായി 23, 24 തിയതികളില്‍ സംസ്ഥാന വ്യാപകമായി ഡി.വൈ.എഫ്.ഐയും പരിപാടി സംഘടപ്പിക്കുന്നുണ്ട്. ഡി.വൈ.എഫ്.ഐ നടത്തുന്ന റാലികളില്‍ അഞ്ച് ലക്ഷത്തോളം യുവാക്കളെ പങ്കെടുപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.