കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ കെ. സുധാകരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കെ. സുധാകരന്‍ 23ന് വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണം.
അറസ്റ്റിലാകുകയാണെങ്കില്‍ 50,000 രൂപയുടെ ബോണ്ട് കെട്ടിവെച്ച് ജാമ്യത്തില്‍ വിട്ടയക്കണമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ ഒരുതരത്തിലും സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണിതെന്നും അക്കാലത്ത് താന്‍ പ്രതിയായിരുന്നില്ലെന്നും കെ. സുധാകരന്‍ കോടതിയില്‍ വാദമുന്നയിച്ചിരുന്നു. പിന്നീടാണ് കേസില്‍ തന്നെ രാഷ്ട്രീയ പ്രേരിതമായി പ്രതി ചേര്‍ത്തിരിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.
23ന് തന്നെ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാമെന്നും കേസ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും സുധാകരന്‍ കോടതിയെ അറിയിച്ചു.
അറസ്റ്റ് ഉടനെ ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഇപ്പോള്‍ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും സര്‍ക്കാരിന് വേണ്ടി ഡി.ജി.പി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് കാണിച്ച് ഹൈക്കോടതിയെ പരാതിക്കാര്‍ സമീപിച്ചതിന് ശേഷമാണ്, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്ന് ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പുരാവസ്തു തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ കെ. സുധാകരനെതിരെ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ മേധാവിയായ ഡിവൈ.എസ്.പി റസ്റ്റം ഇന്നലെ വ്യക്തമാക്കിയിരുന്നു.
‘പോക്സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ ഞാന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണ്. പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്. മോന്‍സണ്‍ മാവുങ്കല്‍ ജയിലില്‍ നിന്ന് സുധാകരനെ വിളിച്ചിട്ടില്ല,’ ഡിവൈ.എസ്.പി പറഞ്ഞു.