ഉമ്മന്‍ ചാണ്ടിയെയും മുന്‍ മുഖ്യമന്ത്രിമാരെയും അവഗണിച്ചു; അല്‍പത്തം ശീലമാക്കിയ മുഖ്യമന്ത്രിയില്‍ നിന്നത് പ്രതീക്ഷിക്കുന്നില്ല: കെ. സുധാകരന്‍
Kerala News
ഉമ്മന്‍ ചാണ്ടിയെയും മുന്‍ മുഖ്യമന്ത്രിമാരെയും അവഗണിച്ചു; അല്‍പത്തം ശീലമാക്കിയ മുഖ്യമന്ത്രിയില്‍ നിന്നത് പ്രതീക്ഷിക്കുന്നില്ല: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th October 2023, 9:31 pm

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടന വേദിയില്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാട്ടിയ മാന്യത പോലും മുഖ്യമന്ത്രി പിണറായി വിജയനുണ്ടായില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

മുന്‍ മുഖ്യമന്ത്രിമാരായ കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, വി.എസ് അച്യുതാനന്ദന്‍ എന്നിവരെയും തുറമുഖ മന്ത്രി അനുസ്മരിച്ചു. എന്നാല്‍ പിണറായി വിജയന്‍, സര്‍ക്കാര്‍ പരസ്യം ഉള്‍പ്പെടെ എല്ലായിടത്തും മുന്‍ മുഖ്യമന്ത്രിമാരെ പൂര്‍ണമായി അവഗണിച്ചു. അല്‍പത്തം ശീലമാക്കിയ മുഖ്യമന്ത്രിയില്‍ നിന്ന് അതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.

‘അന്താരാഷ്ട്ര ലോബിയും വാണിജ്യ ലോബിയുമൊക്കെ തുറമുഖ പദ്ധതിക്കെതിരെ പ്രവര്‍ത്തിച്ചെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. എന്നാല്‍ വിഴിഞ്ഞം തുറമുഖ പദ്ധതി ഏത് വിധേനയും ഇല്ലാതാക്കാന്‍ ശ്രമിച്ചത് പിണറായി വിജയനായിരുന്നു.

5000 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണ കമ്മീഷനെ വെച്ച് വേട്ടയാടിയും കടല്‍ക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങള്‍ നടത്തിയും പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചു. അന്താരാഷ്ട്രലോബിയുടെയും വാണിജ്യലോബിയുടെയും ചട്ടുകമായി പിണറായി വിജയന്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കണം,’ സുധാകരന്‍ പറഞ്ഞു.

ലോബി ഇടപാടില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു. അദാനിയുടെ ആളുകള്‍ ഉമ്മന്‍ ചാണ്ടിയെയും മറ്റ് നേതാക്കളെയും വട്ടമിട്ട് പറന്നപ്പോള്‍ അതില്‍ വീഴാതിരിക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ ജാഗ്രത കാട്ടി. അങ്ങനെയൊരു ജാഗ്രത സി.പി.എം കാട്ടിയോയെന്ന് അവരുടെ നേതാക്കള്‍ പ്രതികരിക്കണം. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നെന്നും സുധാകരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികള്‍ മാത്രം ഉദ്ഘാടനം ചെയ്യാന്‍ വിധിക്കപ്പെട്ട കേരളം കണ്ട ഏറ്റവും ഹതഭാഗ്യനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ഉമ്മന്‍ ചാണ്ടി തുടങ്ങിവെക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തവയില്‍ വീണ്ടും കല്ലിട്ട് സായൂജ്യമടയുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളെല്ലാം യു.ഡി.എഫിന്റേതാണ്. സ്വന്തമായി ഒരു പദ്ധതി ആവിഷ്‌കരിക്കാനോ, നടപ്പാക്കാനോ പിണറായി സര്‍ക്കാരിന് സാധിച്ചില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.

Content Highlights: K Sudhakaran criticizes Pinarayi Vijayan