Entertainment
സന്യാസി പറയുന്നതുപോലെ തോന്നാം, എന്നാലും അവാര്‍ഡുകളോട് താത്പര്യമില്ല: പൃഥ്വിരാജ്

രഞ്ജിത് മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് വളരെ പെട്ടെന്ന് മലയാളത്തിലെ മുന്‍നിരയിലേക്കുയര്‍ന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും പൃഥ്വിക്ക് സാധിച്ചു.

ആടുജീവിതം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടാനും പൃഥ്വിരാജിന് കഴിഞ്ഞു. ഇപ്പോള്‍ സിനിമക്ക് വേണ്ടി കഷ്ടപ്പെടുമ്പോള്‍ അവാര്‍ഡുകള്‍ കിട്ടണമെന്ന തോന്നല്‍ എപ്പോഴെങ്കിലും ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് പൃഥ്വിരാജ്.

താനൊരു കാര്യം ചെയ്യുന്നത് അവാര്‍ഡുകള്‍ക്കോ അംഗീകാരത്തിനോ വേണ്ടിയല്ലെന്ന് പൃഥ്വിരാജ് പറയുന്നു. താന്‍ ഇക്കാര്യം പറയുമ്പോള്‍ ഒരു സന്യാസി സംസാരിക്കുന്നതുപോലെ തോന്നുമെങ്കിലും ഇതുവരെയും താന്‍ അവാര്‍ഡുകള്‍ ലക്ഷ്യം വെച്ച് ഒരു കാര്യവും ചെയ്തിട്ടില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു.

അവാര്‍ഡ് കിട്ടുന്ന ദിവസം മാധ്യങ്ങളില്‍ നിങ്ങളായിരിക്കും താരമെന്നും എന്നാല്‍ രണ്ടു ദിവസത്തിന് ശേഷം ജീവിതം വീണ്ടും പഴയതുപോലെയാകുമെന്നും പൃഥ്വിരാജ് പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ കുറേ മുമ്പും പറഞ്ഞിട്ടുള്ള കാര്യമാണ്, ഞാന്‍ ഒരു കാര്യം ചെയ്യുന്നത് അവാര്‍ഡുകള്‍ക്ക് വേണ്ടിയോ അംഗീകാരങ്ങള്‍ക്ക് വേണ്ടിയോ അല്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഒരു സന്യാസി പറയുന്നതുപോലെയെല്ലാം തോന്നാം. എനിക്കൊരു അവാര്‍ഡ് ലഭിച്ചാല്‍ അതില്‍ സന്തോഷം, നല്ല കാര്യം. നല്ല നിമിഷവുമായിരിക്കും.

നിങ്ങള്‍ക്ക് അവാര്‍ഡ് ലഭിച്ചു എന്നറിയുന്ന ആ നിമിഷം എല്ലാ വാര്‍ത്താ ചാനലുകളും പത്രങ്ങളും വിളിക്കും. അടുത്ത ദിവസത്തെ പത്രത്തിന്റെ ഹെഡ്‌ലൈനുകളിലും നിറഞ്ഞ് നില്‍ക്കാം, കൂടുതലും നിങ്ങളെ കുറിച്ചുള്ള വാര്‍ത്തകളായിരിക്കും.

എന്നാല്‍ അടുത്ത ദിവസം മുതല്‍ എല്ലാം പഴയതുപോലെതന്നെയാകും. അവാര്‍ഡിന് മുമ്പ് എങ്ങനെയാണോ നിങ്ങള്‍ ജീവിച്ചത് അതുപോലെതന്നെയായിരിക്കും അടുത്ത ദിവസം മുതലും നിങ്ങള്‍ ജീവിക്കുന്നത്. എന്നാല്‍ അവാര്‍ഡ് ലഭിക്കുന്നത് നൈസാണ്. എനിക്കതില്‍ പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ല,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj Says He is not interested in awards