Kerala News
ഗുജറാത്ത് തന്നെയാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്; എമ്പുരാനെതിരായ നീക്കങ്ങള്‍ ഇന്ത്യക്ക് ഭൂഷണമല്ല: വി.കെ. സനോജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 29, 05:22 pm
Saturday, 29th March 2025, 10:52 pm

തിരുവനന്തപുരം: എമ്പുരാനിലെ പതിനേഴിലധികം വരുന്ന സീനുകള്‍ വെട്ടിമാറ്റുമെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ഒട്ടും ഭൂഷണമല്ലാത്ത കാര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് വി.കെ. സനോജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പ്രതിഷേധങ്ങള്‍ ഉയര്‍ത്തി സിനിമ തിരിച്ചുപിടിക്കുന്ന രീതിയെല്ലാം ഉണ്ട്. പക്ഷെ നിലവില്‍ എമ്പുരാന്റെ നിര്‍മാതാക്കള്‍ സ്വമേധയാ സിനിമാരംഗങ്ങള്‍ മാറ്റണമെന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എമ്പുരാന് നേരെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വ്യാപകമായ സൈബര്‍ ആക്രമണവും ഭീഷണികളുമാണ് ഉണ്ടായത്. സിനിമയിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചിലരെ പ്രകോപിപ്പിച്ചതെന്നും സനോജ് പറഞ്ഞു.

‘ഗുജറാത്ത് തന്നെയാണ് സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചത്. ഗുജറാത്ത് പുനരാവിഷ്‌ക്കരിച്ചാല്‍ കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്ന സമീപനമാണ് ആര്‍.എസ്.എസിന്റേത്. ഭരണകൂടത്തിന്റെ സ്വാധീനം ഉള്‍പ്പെടെ ഉപയോഗിച്ചാണ് ആര്‍.എസ്.എസ് ഈ ഭീഷണിയെല്ലാം ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായാണ് എമ്പുരാന്‍ അണിയറപ്രവര്‍ത്തകര്‍ വളണ്ടറി മോഡിഫിക്കേഷന് നിര്‍ബന്ധിതരായത്,’ വി.കെ. സനോജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

തീരുമാനം നിര്‍ഭാഗ്യകരമാണെന്നും വി.കെ. സനോജ് കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള നടപടികള്‍ ആശ്വാസകരമായ ഒന്നല്ലെന്നും സനോജ് പറഞ്ഞു. കഴിഞ്ഞ ദിവസം എമ്പുരാന്‍ ടീമിനെതിരായ അധിക്ഷേപങ്ങളിലും സൈബര്‍ ആക്രമണങ്ങളിലും പ്രതിഷേധിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പട്ടിരുന്നു.

എമ്പുരാന്‍ സിനിമ റിലീസ് ആയതിനുശേഷം സംഘപരിവാര്‍ കോര്‍ണറുകളില്‍ നിന്ന് വരുന്ന അധിക്ഷേപങ്ങളിലും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളിലും പ്രതിഷേധിക്കണമെന്നാണ് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടത്.

നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എമ്പുരാനിലെ പതിനേഴ് ഭാഗങ്ങളില്‍ മാറ്റം വരുത്തും. വില്ലന്‍ കഥാപാത്രത്തിന്റെ പേര് മാറ്റാനും ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യാനും തീരുമാനമുണ്ട്. ചിത്രത്തിന്റെ വളണ്ടറി മോഡിഫിക്കേഷന്‍ തിങ്കളാഴയോടെ പൂര്‍ത്തിയാകുമെന്നാണ് വിവരം.

പ്രധാന വില്ലന്റെ ബജ്റംഗി എന്ന പേര് മാറ്റിയും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളില്‍ ചിലത് കട്ട് ചെയ്തുമായിരിക്കും ചിത്രം ഇനി തിയേറ്ററുകളിലെത്തുക. എമ്പുരാനില്‍ ദേശീയ ഏജന്‍സിയുമായി ബന്ധപ്പെട്ട ഭാഗങ്ങളും മ്യൂട്ടും ചെയ്യും.

Content Highlight: moves against Empuran are not a boon for India: V.K. Sanoj