ഭീഷണി കാരണം നാട് വിടാനൊരുങ്ങിയ അബ്ദുള്ളക്കുട്ടിയെ സംരക്ഷിച്ചത് ഞാനാണ്; അബ്ദുള്ളക്കുട്ടിയെ കുറിച്ച് ഒരു കാലത്തും ആര്‍ക്കും നല്ല അഭിപ്രായം ഉണ്ടായിരുന്നില്ല: സുധാകരന്‍
Kerala
ഭീഷണി കാരണം നാട് വിടാനൊരുങ്ങിയ അബ്ദുള്ളക്കുട്ടിയെ സംരക്ഷിച്ചത് ഞാനാണ്; അബ്ദുള്ളക്കുട്ടിയെ കുറിച്ച് ഒരു കാലത്തും ആര്‍ക്കും നല്ല അഭിപ്രായം ഉണ്ടായിരുന്നില്ല: സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th June 2019, 11:57 am

തിരുവനന്തപുരം: എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. അവസരവാദിയായ രാഷ്ട്രീയക്കാരനാണ് അബ്ദുള്ളക്കുട്ടിയെന്ന് സുധാകരന്‍ പറഞ്ഞു.

മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ള കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടിയെന്നും കെ. സുധാകരന്‍ പറഞ്ഞു.

അബ്ദുള്ളക്കുട്ടിയെ കുറിച്ച് ഒരു കാലത്തും ആര്‍ക്കും നല്ല അഭിപ്രായം ഉണ്ടായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

സി.പി.ഐ.എം വിട്ട അബ്ദുള്ളക്കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് താന്‍ വാക്ക് നല്‍കിയിരുന്നു. ഭീഷണി കാരണം നാട് വിടാനൊരുങ്ങിയ അബ്ദുള്ളക്കുട്ടിയെ സംരക്ഷിച്ചത് താനാണ്.

കണ്ണൂര്‍ മണ്ഡലം നല്‍കിയത് സുരക്ഷിതത്വത്തിന് വേണ്ടിയായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷമുള്ള അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്ന് പറഞ്ഞിരുന്നു. രണ്ടാം തവണ അവസരം നല്‍കിയത് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്നും കെ. സുധാകരന്‍ പറഞ്ഞു.

‘തിരകള്‍ വരും പോവും. ആജീവനാന്തം സ്ഥാനങ്ങള്‍ കൊടുക്കാന്‍ പറ്റുമോ? സി.പി.ഐ.എമ്മില്‍ നിന്ന് വന്നത് കൊണ്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ത്തത്. പക്ഷേ ഗുണമുണ്ടായില്ല. സി.പി.ഐ.എമ്മിനെപ്പോലെ പാര്‍ട്ടി വിട്ട് പോകുന്നവരുടെ കാലും കയ്യും വെട്ടില്ലെന്നും അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ പോയി നന്നായിവരട്ടെയെന്നും സുധാകരന്‍ പറഞ്ഞു.

അബ്ദുള്ളക്കുട്ടി ഇപ്പോള്‍ പോകാനുള്ള താവളം കണ്ടത്തുകയാണ്. വഴിയോരത്തെ രാത്രി മാംസ കച്ചവടക്കാരെ പോലെ കാത്തിരിക്കുകയാണ് ബി.ജെ.പി. തറവാടിത്തമില്ലാത്ത തറവാടിത്തത്വത്തിന്റെ പിന്നാമ്പുറം അവകാശപ്പെടാനില്ലാത്ത പാര്‍ട്ടിയാണെന്ന് ബി.ജെ.പി തെളിയിക്കുകയാണ്. ബി.ജെ.പിയുടേത് തരം താണ രാഷ്ട്രീയമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

അബ്ദുള്ളക്കുട്ടിക്കെതിരെ വി. എം സുധീരന്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ട്. ഏകനായാണ് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലേക്ക് വന്നത്. ബി.ജെ.പിക്കാര്‍ പോലും മോദിയെ ഗാന്ധിയോട് ഉപമിക്കില്ലെന്നും അബ്ദുള്ളക്കുട്ടി അത് ചെയ്തുവെന്നും സുധാകരന്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസില്‍ നിന്നും തന്നെ പുറത്താക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അതിന് പിന്നില്‍ കെ. സുധാകരനും സതീശന്‍ പാച്ചേനിയുമാണെന്ന് വ്യക്തമാക്കി അബ്ദുള്ളക്കുട്ടി രംഗത്തുവന്നിരുന്നു. കെ.പി.സിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് തന്നോട് വ്യക്തി വിരോധമാണെന്നും എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.