തിരുവന്തപുരം: മോന്‍സണ്‍ മാവുങ്കലിന്റെ പോക്‌സോ കേസില്‍ പങ്കുണ്ടെന്ന സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പെണ്‍കുട്ടിയുടേത് രഹസ്യമൊഴിയാണെന്നും അത് ഗോവിന്ദന് എങ്ങനെ ലഭിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. തനിക്കെതിരെയുള്ള കേസിന് പിറകില്‍ സി.പി.ഐ.എമ്മാണെന്നും സുധാകരന്‍ പറഞ്ഞു.
‘പെണ്‍കുട്ടിയുടേത് 164 പ്രസ്താവനയാണ്. അത് രഹസ്യമൊഴിയാണ്. ആ രഹസ്യമൊഴി ഗോവിന്ദന്‍ മാഷെങ്ങനെ അറിഞ്ഞു. അതാണിതിലെ പ്രസക്തമായ ചോദ്യം. അദ്ദേഹത്തിനെങ്ങനെ വിവരം കിട്ടി. പോക്‌സോ കേസ് നടത്തിയ വക്കീല്‍ പത്രക്കാരെ കണ്ടിട്ടുണ്ട്. അതിനകത്ത് അങ്ങനൊരു പരാമര്‍ശം ഈ പറയുന്ന കുട്ടി നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹം പത്രക്കാരോട് പറഞ്ഞത്.
ആര് പറഞ്ഞതാണ് വിശ്വസിക്കേണ്ടത്. ഈ സംഭവം നടക്കുന്നത് എന്റെ സാന്നിധ്യത്തിലാണെന്ന് അദ്ദേഹം പറഞ്ഞല്ലോ. എന്റെ അടുത്ത് ഗോവിന്ദന്‍ മാഷുണ്ടോയെന്ന് എനിക്കറിയില്ല. എന്റെ അടുത്ത് ഗോവിന്ദന്‍ മാഷുണ്ടായ പോലെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഞാന്‍ ഇതുവരെയും ഈ കേസിനകത്ത് ഇതിന്റെ പുറകിലുള്ള ശക്തിയാരെന്ന് കണ്ടെത്താന്‍ പാട് പെടുകയായിരുന്നു. കാരണം ഇതില്‍ പരാതി നല്‍കിയ ആര്‍ക്കും ഞാനുമായി നേരിട്ട് ബന്ധമില്ല.
എനിക്ക് കണ്ട് പരിചയം പോലുമില്ലാത്തവരാണ്. എന്നെ ഇതില്‍ പ്രതിയാക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്ന വികാരമെന്താണെന്ന അന്വേഷണത്തിലായിരുന്നു. ഇന്നെനിക്ക് ബോധ്യമായി. ഇതിന്റെ പിറകില്‍ സി.പി.ഐ.എമ്മാണ്, അവരുടെ സ്വാധീനമാണ്.
സി.പി.ഐ.എമ്മിന്റെ പ്രാദേശിക നേതാക്കളുമായി ഈ പറയുന്ന ചെറുപ്പക്കാര്‍ക്ക് അഭേദ്യമായ ബന്ധമുണ്ട്. ശുദ്ധ നുണ പ്രചരിപ്പിച്ചാണ് ഈ പറയുന്ന തീരുമാനമെടുത്തത്. ഒരു തെളിവ് എനിക്കെതിരെ ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍ അന്ന് ഞാന്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ വാക്ക് ഇപ്പോഴും ആവര്‍ത്തിക്കുന്നു. മനസാ വാച കര്‍മണ ഈ സംഭവത്തില്‍ എനിക്ക് പങ്കില്ല,’ സുധാകരന്‍ പറഞ്ഞു.
മോണ്‍സണ്‍ മാവുങ്കല്‍ തന്നെ പീഡിപ്പിക്കുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നെന്ന് അതിജീവിതയുടെ മൊഴിയുണ്ടെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. പോക്സോ കേസുമായി ബന്ധപ്പെട്ട് സുധാകരനെ ചോദ്യം ചെയ്യേണ്ടി വരുമെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു.
‘ഇന്നത്തെ പ്രധാനവാര്‍ത്ത മോന്‍സണ്‍ മാവുങ്കലിന്റെ വിധിയാണ്. പുരാവസ്തു കേസില്‍ അദ്ദേഹത്തിന്റെ കൂട്ടുപ്രതിയാണ് കെ.പി.സി.സി പ്രസിഡന്റായ കെ.സുധാകരന്‍. മോണ്‍സന്റെ 16 കേസില്‍ ഒരു കേസാണിത്. മൂന്ന് ജീവപര്യന്തവും 35 കൊല്ലം കഠിനതടവും. ഇനി ഏത് കേസില്‍ എന്ത് വിധി വന്നാലെന്താ പ്രശ്നം. പോക്സോ കേസിന്റെ വിധിയാണ് വന്നിരിക്കുന്നത്.
ആ പെണ്‍കുട്ടി പറഞ്ഞത് തന്നെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ്. ഇപ്പോള്‍ ക്രൈംബ്രാഞ്ച് പറഞ്ഞത് പോക്സോ കേസുമായി ബന്ധപ്പെട്ടും സുധാകരനെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ്. സുധാകരന്‍ വേറെ എന്തൊക്കെ വിശദീകരണം നല്‍കിയിട്ടെന്താണ് കാര്യം. വളരെ ഗൗരവതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് കാണാന്‍ കഴിയും,’ അദ്ദേഹം പറഞ്ഞു.
CONTENT HIGHLIGHTS: k sudakaran against mv govindan