തൊടുപുഴ: ബെംഗളൂരു സ്ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കുന്നതില്‍ കര്‍ണാടക സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. അദ്ദേഹത്തിന് നീതി ലഭിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയില്‍ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅ്ദനിക്ക് നീതി നിഷേധിച്ചത് പോലെ പലര്‍ക്കും നീതി നിഷേധിക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മഅ്ദനിക്ക് ജാമ്യം മാത്രമല്ല അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിച്ചുകൊണ്ട് കുറ്റവിമുക്തനായി പുറത്തിറങ്ങാനുള്ള അവസരം നല്‍കണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മാറ്റിവെച്ച് അദ്ദേഹത്തിന് നീതി ലഭ്യമാക്കാന്‍ കേരള നിയമസഭയിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാകണം. അങ്ങനെയുള്ളവരെയാണ് കേരളത്തിലെ ജനങ്ങള്‍ വിജയിപ്പിച്ചത്.
നിലവിലെ കര്‍ണാടക സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. കര്‍ണാടകയില്‍ ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടുണ്ടെന്നത് ആശ്വാസകരമാണ്. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച എല്ലാ മതന്യൂനപക്ഷ വിരുദ്ധ നിയമങ്ങളും ഇല്ലായ്മ ചെയ്യാനുള്ള തീരുമാനം ഇന്നലെ കര്‍ണാടക മന്ത്രിസഭ സ്വീകരിച്ചു. അടുത്ത ജൂലൈയിലെ നിയമസഭാ സമ്മേളനത്തില്‍ നിയമം പ്രാവര്‍ത്തികമാകും,’ മുരളീധരന്‍ പറഞ്ഞു.