കോഴിക്കോട്: തന്റെ വീട്ടില്‍ നിന്നും അരക്കോടി രൂപ വിജിലന്‍സ് പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരിച്ച് മുസ് ലിം ലീഗ് എം.എല്‍.എ കെ.എം. ഷാജി. വിജിലന്‍സ് കണ്ടെത്തിയ പണത്തിന് രേഖയുണ്ടെന്നും അവ ഹാജരാക്കാന്‍ ഒരു ദിവസത്തെ സമയം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘വീട്ടില്‍ നിന്ന് കണ്ടെടുത്ത അരക്കോടി രൂപയ്ക്ക് രേഖകളുണ്ട്. തെരഞ്ഞെടുപ്പ് ആവശ്യത്തിനായുള്ള പണമല്ല അത്. ഒരു ബന്ധുവിന്റെ ഭൂമിയിടപാടിനായുള്ള പണമാണ്. രേഖകള്‍ ഹാജരാക്കാന്‍ ഒരു ദിവസം സമയം തേടിയിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച നടത്തിയ വിജിലന്‍സ് റെയ്ഡിലാണ് കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ കണ്ടെത്തിയത്.
തിങ്കളാഴ്ച്ച രാവിലെ മുതല്‍ കെ.എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടന്നിരുന്നു. നേരത്തെ ഷാജിക്കെതിരെ വിജിലന്‍സ് കേസ് എടുത്തിരുന്നു.
ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.ആര്‍ ഹരീഷ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.
കെ.എം ഷാജി വരവിനേക്കാള്‍ 166% അധികം സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ധനവ്.
ഷാജിക്കെതിരെ വിജിലന്‍സ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഒമ്പത് വര്‍ഷത്തെ കാലയളവില്‍ ഷാജി ചെലവഴിച്ച തുകയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍. 88.5 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ രണ്ടു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വീട് നിര്‍മാണം, വിദേശയാത്രകള്‍ എന്നിവയ്ക്കടക്കമാണ് ഷാജി പണം ചെലവാക്കിയതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
ഏകദേശം 166 ശതമാനത്തോളം അധിക വരുമാനം ഷാജിക്കുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക