തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കില്‍ ബലാത്സംത്തിനിരയായ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുമെന്ന കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമര്‍ശമാണ് മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്നുമുണ്ടായതെന്നും ഖേദം പ്രകടിപ്പിച്ചതുകൊണ്ടു മാത്രമായില്ലെന്നും കെ.കെ ശൈലജ പറഞ്ഞു.
‘നമുക്കറിയാം മനുഷ്യസമൂഹത്തിലെ ഏറ്റവും നിന്ദ്യവും പൈശാചികവുമായ കൃത്യമാണ് ബലാത്സംഗം. സ്ത്രീകളെയും പെണ്‍കുട്ടികളെയും അവരുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുക, മനസ്സിനെ ആക്രമിക്കുക ഇതെല്ലാം അതീവ നീചമായ കുറ്റകൃത്യമാണ്. ആ കുറ്റകൃത്യത്തിന് ഇരയാകുന്ന സ്ത്രീകളും പെണ്‍കുട്ടികളും ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യണമെന്ന രീതിയിലുള്ള പരാമര്‍ശം ഈ സമൂഹത്തിന് അപമാനകരമാണ്.
ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനും മറ്റേതൊരു കുറ്റകൃത്യത്തേക്കാളും നീചമായ അക്രമം നടത്തിയയാളെ ശിക്ഷിക്കാനുമാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇവിടെ ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അല്ലെങ്കില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും പറയുന്നു.
എങ്ങനെയാണ് അത് പറയാന്‍ സാധിക്കുന്നത്. ബലാത്സംഗം ഉണ്ടാകുന്നത് സ്ത്രീകള്‍ ശ്രദ്ധിക്കാത്തതുകൊണ്ടല്ല, അത് സമൂഹത്തിന്റെ ആധിപത്യ മനോഭാവമാണ്. ഇതിനെ എതിര്‍ക്കുന്നവരാണ് ഇവിടെയുള്ള സ്ത്രീകളും പുരുഷന്മാരും സമൂഹവും.
എതിര്‍ക്കേണ്ടുന്ന അത്തരം കാര്യങ്ങളില്‍ വ്യക്തമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പറയേണ്ട ഉന്നത രാഷ്ട്രീയ നേതൃത്വം തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് സമൂഹത്തിന് അപകടകരമാണ്. ഖേദം പ്രകടിപ്പിച്ചതുകൊണ്ടു മാത്രമായില്ല. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഇടക്കിടെ ഇത്തരം പരാമര്‍ശങ്ങളുണ്ടാകുന്നുണ്ട്. അത് തികച്ചും അപലപനീയമാണ്.
ആരും ഇത് ആവര്‍ത്തിക്കരുത്. ഇതിന്റെ വസ്തുത എല്ലാവരും തിരിച്ചറിയണം. ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധമുയരണം.’ കെ.കെ ശൈലജ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.