ഇളിഭ്യച്ചിരി, മണ്ടത്തരം, സ്ത്രീ വിരുദ്ധത, കൂടെ ഇച്ചിരി റോസ് പൗഡറും; കേരളത്തിന്റെ സംബിത് പാത്ര റെഡി
Opinion
ഇളിഭ്യച്ചിരി, മണ്ടത്തരം, സ്ത്രീ വിരുദ്ധത, കൂടെ ഇച്ചിരി റോസ് പൗഡറും; കേരളത്തിന്റെ സംബിത് പാത്ര റെഡി
ഫാറൂഖ്
Tuesday, 31st December 2019, 4:09 pm

നിങ്ങളുടെ പേര് സന്ദീപ് എന്നോ സന്തോഷ് എന്നോ ആകട്ടെ, ജാതിവാല്‍ വാര്യരോ മേനോനോ എന്തെങ്കിലും, പേരൊന്നുമല്ലല്ലോ നമ്മുടെ പ്രശ്‌നം. നിങ്ങള്‍ക്ക് എടുത്തു പറയാന്‍ പറ്റിയ ഒരു ജോലിയില്ല, കാര്യമായ വിദ്യാഭ്യാസ യോഗ്യതയൊന്നും ഇല്ലാത്തതു കൊണ്ട് നല്ലൊരു ജോലി കിട്ടാനും സാധ്യതയില്ല. കച്ചവടമോ വ്യവസായമോ നടത്താനുള്ള കഴിവില്ല. ഗള്‍ഫില്‍ പോയി രണ്ടു മൂന്നു വര്‍ഷം ശ്രമിച്ചു, കാര്യമായി ഒന്നും നടന്നില്ല. അതിനിടക്ക് കല്യാണവും കഴിച്ചു, കുട്ടികളുമായി. ഇനി കുറച്ചു രാഷ്ട്രീയം ശ്രമിക്കാം എന്ന് നിങ്ങള്‍ തീരുമാനിക്കുന്നു.

രാഷ്ട്രീയമാകുമ്പോള്‍ ഇഷ്ടം പോലെ കാശ്, കൊടി വച്ചതോ വാക്കാത്തതോ ആയ കാര്‍, പല വിധ സ്ഥാനമാനങ്ങള്‍, പ്രശസ്തി തുടങ്ങിയവയൊക്കെ വന്നു തുടങ്ങും എന്ന് ന്യായമായും നിങ്ങള്‍ പ്രതീക്ഷിക്കും.

നിങ്ങള്‍ നാട്ടിലിറങ്ങി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നു. രണ്ടു ദിവസം കഴിയുമ്പോഴേക്ക് നിങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലാവും, ഇതെളുപ്പമല്ല. നാട്ടുകാര്‍ അവരുടെ മുഴുവന്‍ പ്രശ്‌നങ്ങളും നിങ്ങളോടു വന്നു പറയാന്‍ തുടങ്ങും. റേഷന്‍ കാര്‍ഡിലെ പേര് ചേര്‍ക്കല്‍, സ്‌കൂള്‍ കോളേജ് അഡ്മിനിഷന്‍, പോലീസ് കേസ് പിന്‍വലിപ്പിക്കല്‍, വഴിയിലെ കുണ്ടും കുഴിയും നികത്തല്‍ തുടങ്ങി നാട്ടുകാരുടെ സകല കാര്യവും നിങ്ങളുടെ തലയിലാവും. പാതിരാത്രിയും പുലര്‍ച്ചെയും നാട്ടുകാര്‍ വാതിലില്‍ മുട്ടികൊണ്ടേയിരിക്കും, ഇരുപത്തിനാല് മണിക്കൂറും ഡ്യൂട്ടിയാണ്.

എന്നാല്‍ പ്രത്യേകിച്ച് ഗുണം വല്ലതുമുണ്ടോ, ഇല്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് മുകളില്‍ നിന്ന് താഴേക്ക് പണം വരുന്നത്. നാട്ടുകാര്‍ വല്ലപ്പോഴും വല്ലതും തന്നാലായി. പാര്‍ട്ടിയില്‍ പതിനായിരം ജോയിന്റ് സെക്രട്ടിറിമാരില്‍ ഒരാള്‍ ആകാന്‍ കഴിഞ്ഞാല്‍ ഭാഗ്യം. പഞ്ചായത്തു തിരഞ്ഞെടുപ്പ് വന്നാല്‍ വാര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നൂറു പേരോട് മത്സരിക്കണം. പ്രവര്‍ത്തിച്ചു പ്രവര്‍ത്തിച്ചു നേതാവാകാന്‍ നിന്നാല്‍ മൂത്തു നരച്ചു കുഴിയില്‍ പോകത്തെയുള്ളൂ. അത് കൊണ്ട് പ്രവര്‍ത്തിക്കാതെ മുകളിലെത്താനുള്ള വഴി നോക്കണം. ഈ പ്രതിസന്ധി ഘട്ടത്തിലാണ് നിങ്ങള്‍ സംബിത് പാത്രയെ പറ്റി പഠിക്കേണ്ടത് .

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഞ്ചു പത്തു കൊല്ലം മുമ്പ് നിങ്ങളെ പോലെ തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങിയതാണ് സാംബിത് പാത്ര, ഡല്‍ഹിയിലാണെന്ന് മാത്രം. സദാസമയവും മുഖത്തുള്ള ഇളിഭ്യ ചിരി, സമയവും സന്ദര്‍ഭവും നോക്കാതെ മണ്ടത്തരം പറയാനുള്ള കഴിവ് എന്നിവ ചേര്‍ന്നാല്‍ പാത്രയായി. ഒരിക്കല്‍ വാര്‍ഡ് മെമ്പറായി മത്സരിച്ചിരുന്നു, സ്വന്തം കുടുംബക്കാര്‍ പോലും വോട്ടു ചെയ്യാത്തതു കൊണ്ട് നിലം തൊട്ടില്ല. ആ ഒരവസ്ഥയിലാണ് ഒരു പ്രാദേശിക ചാനലില്‍ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരന്‍ പാത്രയെ ഒരു ടിവി ഡിബേറ്റിന് വിളിച്ചത്. പാത്രയുടെ ഇളിഭ്യച്ചിരിയും മണ്ടത്തരങ്ങളും പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമായി. പിന്നെ വച്ചടി വച്ചടി കയറ്റമായിരുന്നു പാത്രയുടെ ജീവിതത്തില്‍.

ഇപ്പൊ പാത്രയുടെ ജീവിതം ഇങ്ങനെയാണ്. വൈകുന്നേരം ഒരു മൂന്നര നാലു മണിക്ക് എണീക്കും, അന്നത്തെ പത്രങ്ങള്‍ മുഴുവന്‍ മറിച്ചു നോക്കും. ഐ ടി സെല്ലുകാര്‍ അയക്കുന്ന വാട്‌സാപ്പ് മെസ്സേജുകള്‍ മനസ്സിരുത്തി വായിക്കും. ഊണ് കഴിച്ചു ചെറുതായൊന്ന് വിശ്രമിക്കുമ്പോഴേക്കും ചാനലുകാര്‍ വന്നു തുടങ്ങും. ആദ്യമൊക്കെ സ്റ്റുഡിയോയിലേക്ക് പോകണമായിരുന്നു, ഇപ്പോള്‍ അവര്‍ സാമഗ്രികളൊക്കെയായി ഇങ്ങോട്ട് വരും. ടച്ച്-അപ്പ് ചെയ്യാനുള്ള സൗകര്യമൊക്കെ വീട്ടില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. അധികം മേക്കപ്പ് ഒന്നും പാത്രക്ക് ഇഷ്ടമല്ല. കുറച്ചു റോസ് പൌഡര്‍ കവിളത്ത്, ചുണ്ടില്‍ ചെറുതായി വാസ്ലിന്‍, അത്രയേ വേണ്ടൂ.

മേക്കപ്പ് കഴിയുമ്പോഴേക്കും ചാനലുകാര്‍ ക്യാമറയും മറ്റും തയ്യാറാക്കി നില്‍ക്കുന്നുണ്ടാകും, പിന്നെ ഡിബേറ്റുകളുടെ പൊടിപൂരമാണ്. ലൈവ്കാരൊക്കെ എട്ടുമണിക്ക് ശേഷമാണ് വരിക, അതിനു മുമ്പ് റെക്കോര്‍ഡ് ചെയ്തു പോകുന്നവരുടെ തിരക്കാണ്. പല പല വിഷയങ്ങളാണ് ഡിബേറ്റില്‍, ചന്ദ്രയാന്‍ ചന്ദ്രനില്‍ എത്തുമോ ഇല്ലയോ, ഇന്ത്യക്ക് വിദേശ നാണ്യം ആവശ്യത്തിനുണ്ടോ, അടുത്ത എലെക്ഷനില്‍ ട്രംപ് ജയിക്കുമോ ഇല്ലയോ, സി ബി എസ് സി കണക്ക് പേപ്പര്‍ എളുപ്പമായിരുന്നോ എന്നിങ്ങനെ പോവും വിഷയങ്ങള്‍.

വിഷയം എന്താണെന്ന് ചാനലുകാരോട് ചോദിച്ച ശേഷം പാത്ര ഐ ടി സെല്ലുകാര്‍ക്ക് വാട്‌സാപ്പ് മെസ്സേജ് അയക്കും. ഐ ടി സെല്ലുകാര്‍ ഓപ്പണിങ് സ്റ്റേറ്റ്‌മെന്റ് അയച്ചു കൊടുക്കും. അത് കാണാതെ പഠിക്കും. അവതാരകന്‍ അപ്പുറത്തു നിന്ന് നീട്ടി വലിച്ചു എന്തോ ഒരു ചോദ്യം ചോദിക്കും. അതെന്താണെന്നതിന് വലിയ പ്രസക്തിയില്ല. എനിക്ക് രണ്ടു മിനിറ്റ് സമയം തരണം അതിനിടക്ക് ഇടപെടരുതെന്ന് അവതാരകനെ പുഞ്ചിരിച്ചു കൊണ്ട് ഭീഷണിപ്പെടുത്തും. എന്നിട്ട് ഓപ്പണിങ് സ്റ്റേറ്റ്‌മെന്റ് പറയും. അപ്പോഴേക്ക് ഏതെങ്കിലും ഒരു പാനെലിസ്‌റ് എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ടാവും, അവതാരകന്‍ അങ്ങോട്ട് പോകും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതിനിടക്ക് ഐ ടി സെല്ലുകാര്‍ വാട്‌സാപ്പില്‍ അടുത്ത മെസ്സേജ് അയച്ചിട്ടുണ്ടാകും. മറ്റേ പാനലിസ്റ്റിനുള്ള കൗണ്ടറാണ്. ആദ്യമൊക്കെ ചര്‍ച്ചക്കിടയില്‍ മൊബൈല്‍ നോക്കാന്‍ കുറച്ചു ചമ്മലൊക്കെയുണ്ടായിരുന്നു പാത്രക്ക്. പ്രേക്ഷകര്‍ കാണാതിരിക്കാന്‍ ഇടം കണ്ണിട്ടൊക്കെ നോക്കുമായിരുന്നു. ഇപ്പൊ ശീലമായി, പാത്രക്കും പ്രേക്ഷകര്‍ക്കും.

ഇനിയിപ്പം വാട്‌സാപ്പില്‍ കൌണ്ടര്‍ വന്നില്ലെങ്കിലും പാത്ര കുലുങ്ങില്ല. പാത്രയുടെ കയ്യില്‍ ഇഷ്ടം പോലെ വാട്ട്എബൗട്ടറി സ്റ്റോക്കുണ്ട്, അതിലൊന്നെടുത്തു വീശും. ഉദാഹരണത്തിന് ഡല്‍ഹി പോലീസ് ജാമിയയില്‍ വെടി വെച്ചതിനെ പറ്റി ചോദിച്ചാല്‍ 1976 ല്‍ ബിഹാറില്‍ വെടിവെപ്പ് നടന്നില്ലേ എന്ന് തിരിച്ചു ചോദിക്കും. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നാലു ശതമാനായതിനെ പറ്റി ചോദിച്ചാല്‍ ഉഗാണ്ടയില്‍ അതിനെക്കാള്‍ കുറവല്ലേ എന്നിട്ടും അതെന്താ ചര്‍ച്ച ചെയ്യാത്തതെന്നു തിരിച്ചു ചോദിച്ചു അവതാരകനെ ഉത്തരം മുട്ടിക്കും. പിന്നെ കുറച്ചു നേരം അവതാരകനും പാത്രയും അരിയെത്ര-പയറഞ്ഞായി കളിക്കും.

അതിനിടക്ക് പാത്ര തന്റെ ആരാധകരെ ഓര്‍ക്കും. അവര്‍ക്ക് പുഞ്ചിരി മാത്രം പോര. ക്രോധം, ഹാസ്യം, പുച്ഛം എല്ലാം ചേര്‍ന്ന ഒരു ഫുള്‍ പാക്കേജ് ആണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അവതാരകന് നേരെ കുറച്ചു ക്രോധം എടുത്തു വീശും, ആ സമയത്തു പാത്രയുടെ കണ്ണുകള്‍ ജ്വലിക്കും, കവിളുകള്‍ ചുവക്കും. അപ്പോള്‍ വേറെ ഏതെങ്കിലും പാനലിസ്‌റ് അവതാരകനെ പിന്തുണക്കാന്‍ ചാടി വീഴും. പാത്രയുടെ ശബ്ദം അവര്‍ക്കു നേരെ ഉയരും. പിന്നെ രണ്ടു മൂന്ന് മിനിറ്റ് പാനെലിസ്റ്റുകള്‍ തമ്മിലുള്ള തെറിവിളിയാണ്. ആരാധകര്‍ക്ക് തൃപ്തിയായി എന്ന് തോന്നുമ്പോള്‍ പാത്ര പഴയ ഇളിഭ്യ ചിരിയിലേക്ക് തിരിച്ചു പോകും.

പുച്ഛമാണ് പാത്രയുടെ മാസ്റ്റര്‍-പീസ്. ഭാവം മാത്രമല്ല, ഡയലോഗുകളും. രഘുറാം രാജന് സാമ്പത്തിക ശാസ്ത്രത്തെ പറ്റി ഒരു പുല്ലും അറിയില്ല, അരുന്ധതി റോയിക്ക് ഇംഗ്ലീഷ് ഗ്രാമ്മറിന്റെ ബേസിക്‌സ് പോലും അറിയില്ല, അഭിജിത് ബാനര്‍ജി കൈക്കൂലി കൊടുത്താണ് നോബല്‍ സമ്മാനം സംഘടിപ്പിച്ചത് തുടങ്ങിയ ഡയലോഗുകള്‍ ആണ് പുച്ഛം ചേര്‍ത്ത് വാരി വിതറുന്നത്. ആരാധകര്‍ ടീവിക്ക് മുമ്പിലിരുന്ന് കയ്യടിക്കുന്നത് പാത്ര മനസ്സില്‍ കാണും. അരുന്ധതി റോയിയുടെ പുസ്തകം വായിച്ചവരോ, അഭിജിത് ബാനര്‍ജിയുടെ പ്രഭാഷണം കെട്ടവരോ ഈ പാവക്കൂത്തു കാണാനിരിക്കില്ല എന്ന കാര്യം അറിയാത്തവനല്ല പാത്ര. പക്ഷെ അവര്‍ ന്യുനപക്ഷമാണ്, ന്യുനപക്ഷം പാത്രക്കിഷ്ടമല്ല.

ചിലപ്പോളൊക്കെ പാത്ര ഇറങ്ങിപ്പോക്ക് നടത്തും. ചെവിയിലെ മൈക്ക് വലിച്ചൂരിയെടുത്തു നാലു ഡയലോഗ് പറഞ്ഞാണ് വാക്ഔട്ട്. ചാനലുകാര്‍ തനിക്ക് സമയം തരുന്നില്ലെന്ന് പറഞ്ഞായിരിക്കും മിക്കവാറും വാക്-ഔട്ടുകള്‍. പിറ്റേന്ന് അതെ സമയത്തു പാത്ര അതേ ചാനലിലുണ്ടാകും.

ഈ ഡിബേറ്റ് പ്രകടനങ്ങള്‍ ഏകദേശം പതിനൊന്ന് മണി വരെ നീളും. ചിലത് ലൈവ്, ചിലത് റെക്കോര്‍ഡിങ്. നിന്നിട്ടുള്ളത്, നടന്നിട്ടുള്ളത്, ഇരുന്നിട്ടുള്ളത് അങ്ങിനെ പല വറൈറ്റി ആണ്. ടെലിവിഷനിലെ അഭ്യാസങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ പാത്ര കുറച്ചു സമയം സോഷ്യല്‍ മീഡിയയില്‍ ആണ്. ഫേസ്ബുക്കിലും ട്വിറ്ററിലും ഒന്നുരണ്ട് പോസ്റ്റിടും. ആരാധകരെ മാത്രമല്ല ട്രോളന്മാരെ കൂടി ഉദ്ദേശിച്ചാണ് പോസ്റ്റുകള്‍. മണ്ടത്തരങ്ങള്‍, ശുദ്ധ വര്‍ഗീയത, സ്ത്രീ വിരുദ്ധത എന്നിവ സമാസമം ചേര്‍ത്താണ് പോസ്റ്റ്. മണ്ടത്തരങ്ങള്‍ ചേര്‍ക്കുന്നത് ട്രോളന്മാര്‍ക്ക് വേണ്ടിയാണു, അവരുണ്ടെങ്കിലേ പോസ്റ്റ് വൈറലാവൂ. സ്ത്രീകളെ അമ്മച്ചി, വല്യമ്മച്ചി, ചേച്ചി എന്നൊക്കെ വിളിക്കും, അത് ഫെമിനിസ്റ്റുകളുടെ കമന്റ് കിട്ടാന്‍ വേണ്ടിയാണ്.

ഇതൊക്കെ ചെയ്തിട്ട് പാത്രക്ക് എന്താണ് കാര്യം എന്ന് ചോദിക്കരുത്. പാത്ര ഇപ്പോള്‍ പഴയ പാത്രയല്ല. ഒ എന്‍ ജി സി യുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത മെമ്പര്‍ ആണിപ്പോള്‍ പാത്ര. പെട്രോളും ഡീസലും മണത്തു നോക്കി തിരിച്ചറിയാന്‍ പറ്റും എന്നതാണ് പാത്രയെ ഡയറക്ടര്‍ ആക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം. രണ്ടു ലക്ഷത്തിനടുത്താണ് മാസം അവിടുന്ന് കിട്ടുക, കാറും ബംഗ്ലാവും വേറെ. ഡല്‍ഹിയിലെ ചാനലുകാര്‍ ദിവസം അയ്യായിരം മുതല്‍ പതിനായിരം വരെ അലവന്‍സായി തരും. ദിവസം നല്ലതാണെങ്കില്‍ പാത്ര കൂളായി പത്തിരുപത്തയ്യായിരം രൂപയുണ്ടാക്കും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാത്രക്ക് മത്സരിക്കാന്‍ സീറ്റും കിട്ടി. ഒഡീസയിലെ പുരി മണ്ഡലത്തിലാണ് പാത്ര മത്സരിച്ചത്. ജയിക്കേണ്ടതായിരുന്നു, പക്ഷെ വോട്ടര്‍മാര്‍ക്ക് ചോറ് വാരിക്കൊടുത്തു വോട്ട് പിടിക്കാന്‍ ശ്രമിച്ചത് ഓവര്‍ ആയി എന്ന് വോട്ടര്‍മാര്‍ക്ക് തോന്നിയത് കൊണ്ടാവും പാത്ര തോറ്റു. സാരമില്ല, വേറെ എന്തെല്ലാം സ്ഥാനങ്ങള്‍ വരാന്‍ കിടക്കുന്നു.

കേരളത്തില്‍ ഒരു സംബിത് പാത്രയുടെ കുറവുണ്ട്. സംബിത് എന്ന പേര് പൊതുവെ കാണാറില്ലെങ്കിലും സന്ദീപ് ഇഷ്ടം പോലെയുണ്ട്. പാത്രയെന്ന ജാതിവാല്‍ കേരളത്തിലില്ല, പക്ഷെ വാര്യര്‍ ഉണ്ടല്ലോ. അതൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യാം. സ്ഥാനമാനങ്ങളും പണവും ആരാധകരുമൊക്കെ പെട്ടെന്ന് ലഭിക്കണമെങ്കില്‍ നിങ്ങള്‍ ഒരു സാംബിത് പാത്രയാവാന്‍ ശ്രമിക്കുന്നതാണ് നല്ലത്. വല്യ ഇന്‍വെസ്റ്റ്‌മെന്റ് ഒന്നും വേണ്ട. ഇളിഭ്യച്ചിരി, മണ്ടത്തരം, സ്ത്രീ വിരുദ്ധത, കൂടെ ഇച്ചിരി റോസ് പൌഡര്‍, ഇച്ചിരി വാസലിന്‍. അത്രയേ വേണ്ടൂ.

പ്രവര്‍ത്തിച്ചു പ്രവര്‍ത്തിച്ചു നേതാവാകാം എന്ന് കരുതിയാല്‍ മൂത്തു നരച്ചു കുഴിയില്‍ പോകത്തെ ഉള്ളൂ.

ഫാറൂഖ് എഴുതിയ മറ്റു ലേഖനങ്ങള്‍ ഇവിടെ വായിക്കാം

അമിത് ഷാ തുറന്നുവിട്ട ഐ.എല്‍.പി ഭൂതം

എന്‍.ആര്‍.സി എന്നാല്‍ ആധാര്‍ കാര്‍ഡ് പരിശോധിക്കലല്ല, തങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ ജീവിച്ചിരുന്നതിന്റെ രേഖ ക്യൂ നിന്ന് ഹാജരാക്കലാണ്

‘നോട്ടു നിരോധന സമയത്തു കണ്ട ക്യൂ ഒന്നും ഒരു ക്യൂ അല്ല, ശരിക്കുള്ള ക്യൂ വരാന്‍ പോകുന്നതെയുള്ളൂ’; മലയാളികള്‍ എന്‍.ആര്‍.സിക്ക് തയ്യാറാകേണ്ട വിധം

എല്ലാം അംബാനിക്ക് വേണ്ടി

സ്വയംസേവകര്‍ ഇനി മനുഷ്യ നിര്‍മാണത്തിന്

ചാരിറ്റികള്‍ അവസാനിക്കട്ടെ !

പ്രാരാബ്ദക്കാരനായ സര്‍ക്കാരും പൊളിയുന്ന ബാങ്കുകളും

ഹൗഡി അമേരിക്ക

പൗരത്വ ഭേദഗതി ബില്‍ നോട്ടുനിരോധനത്തേക്കാള്‍ വലിയ ദുരന്തമാകുമോ?എന്‍.ആര്‍.സി – ആന്റി ക്ലൈമാക്‌സ്

പയ്യന്‍ ജയിലിലായ കഥ

സഖാവ് നിര്‍മല സീതാരാമന്‍

ഹിന്ദു വളര്‍ച്ചാ നിരക്ക്

ബംഗാളും കേരളവും – താത്വികമല്ലാത്ത ഒരു വിശകലനം

ശ്രീലങ്കന്‍ കൂട്ടക്കുരുതി : ചിന്തിക്കുന്ന കേരള മുസ്‌ലിംകള്‍ക്കുള്ള ദൃഷ്ടാന്തം

ലൂസിഫര്‍ വില്ലന്മാര്‍ ഇലക്ടോറല്‍ ബോണ്ടിന് ശേഷം

നെഹ്‌റു പേടി

ജെറ്റ് എയര്‍വെയ്‌സും നമ്മുടെ നെഞ്ചത്തേക്ക് 

തേങ്ങയുടച്ച മോദി

അജിത് ഡോവലും മക്കളും

ജനം ടീവി റേറ്റിംഗ് : ക്ഷുഭിത വാര്‍ധക്യങ്ങള്‍ക്കും ഒരു എന്റര്‍ടൈന്‍മെന്റ്

മുതലാഖ് ബില്‍ : മുസ്‌ലിം പുരുഷന്മാര്‍ക്കുള്ള ശിക്ഷയും പാഠവും

രാഹുല്‍ ഈശ്വറും ഡൊണാള്‍ഡ് ട്രംപും

ഇതൊരു കെട്ട കാലമല്ല

വഴി കാട്ടാന്‍ കോടതികള്‍, ഏക സിവില്‍ കോഡ് തൊട്ടരികെ

പൗരത്വ പട്ടിക – ഉര്‍വശി ശാപവും ഉപകാരങ്ങളും.

ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ ശ്രീ മോഹന്‍ദാസ്ജി

സ്വയമറിയാതെ സാമൂഹ്യ പരിഷ്‌കര്‍ത്താവായ ഹാദിയ

അറേഞ്ച്ഡ് മാര്യേജ് എന്ന നിര്‍ബന്ധിത വിവാഹങ്ങള്‍

ഹലാല്‍ സ്‌കൂളുകളും ഹലാല്‍ ഫ്‌ളാറ്റുകളും

വിഷ്ണുക്കെണി

രണ്ടു സംഘി ജീവിതങ്ങളുടെ താരതമ്യം

ഫാറൂഖ് കോളേജ് : പതിവ് ന്യായീകരണങ്ങള്‍ പാളിയതെങ്ങനെ?

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ