തെരഞ്ഞെടുപ്പ് കേസില്‍ എം. സ്വരാജിന്റെ ഹരജി തള്ളി; കെ. ബാബുവിന് എം.എല്‍.എയായി തുടരാം
Kerala
തെരഞ്ഞെടുപ്പ് കേസില്‍ എം. സ്വരാജിന്റെ ഹരജി തള്ളി; കെ. ബാബുവിന് എം.എല്‍.എയായി തുടരാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th April 2024, 2:22 pm

കൊച്ചി: തൃപ്പൂണിത്തുറ എം.എല്‍.എ കെ. ബാബുവിനെതിരെ സി.പി.ഐ.എം സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കെ. ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് സ്വരാജ് നല്‍കിയ ഹരജിയിലാണ് കോടതി വിധി പറഞ്ഞത്.

തെരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വെച്ചെന്നായിരുന്നു കേസ്. എന്നാല്‍ സ്ലിപ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നായിരുന്നു ബാബുവിന്റെ വാദം. ഈ വാദമാണ് കോടതി അംഗീകരിച്ചത്. വിധിയില്‍ സന്തോഷമുണ്ടെന്ന് ബാബു പ്രതികരിച്ചു.

‘2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ വിജയിച്ച വിധി അസാധുവാക്കണമെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേസ് നടക്കുകയായിരുന്നു. ഇന്ന് വിധിയായി. വിശദവിവരങ്ങള്‍ അറിഞ്ഞിട്ടില്ല. അവരുടെ കേസ് തള്ളി, ആ പ്രശ്‌നം അവസാനിച്ചിരിക്കുകയാണ്.

നേരത്തെ തന്നെ ഞാന്‍ പ്രസംഗിച്ചു ചുമരെഴുതി എന്ന ആരോപണമൊക്കെ കോടതി തള്ളിയിരുന്നു. അയ്യപ്പസ്വാമിയുടെ ചിത്രം വെച്ച് സ്പ്ലിപ്പ് അടിച്ച പ്രശ്‌നം നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഞങ്ങള്‍ ഇങ്ങനെ ഒരു സ്ലിപ് അടിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന്റെ തലേദിവസം അവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു അത്.

2021 ലെ ജനവിധി വന്ന സമയത്ത് ആ വിജയം ബി.ജെ.പിയുടെ പിന്തുണയോടെയാണെന്ന് പറഞ്ഞ് എന്നെ ആക്ഷേപിച്ചു. പോരാടി നേടിയ വിജയത്തെ മോശമാക്കാന്‍ ശ്രമിച്ചു. അതിന് ശേഷമാണ് കൃത്രിമമായി ഒരു കേസുണ്ടാക്കിയത്. എന്നാല്‍ നീതിന്യായ കോടതി സത്യം കണ്ടെത്തി. ജനകീയ കോടതിയുടെ വിധി അവര്‍ അംഗീകരിച്ചില്ല. ഇനിയെങ്കിലും ഈ കോടതി വിധി അവര്‍ അംഗീകരിക്കണം.

കോടതി വിധിയും ജനകീയ വിധിയും മാനിക്കാന്‍ ഇടതുപക്ഷവും അവരുടെ സ്ഥാനാര്‍ത്ഥിയും തയ്യാറാക്കണം. തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യം നേരത്തേയും ഉണ്ടായിരുന്നു. ഏഴ് തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിച്ചിട്ടുണ്ട്. ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും ഒരു മെമ്മോ പോലും കിട്ടിയിട്ടില്ല.

എന്നാല്‍ 2021 ലെ എന്റെ വിജയം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിച്ചില്ല. അതുകൊണ്ടാണ് ഇത്തരത്തിലൊരു കേസുമായി അവര്‍ മുന്നോട്ടുപോയത്. അന്ന് എല്‍.ഡി.എഫിന്റെ വരെ വോട്ട് കുറഞ്ഞിരുന്നു. അന്ന് അവര്‍ അതിന് നടപടിയും സ്വീകരിച്ചിരുന്നു. ബി.ജെ.പി വോട്ട് വാങ്ങിയാണ് ഞാന്‍ ജയിച്ചതെന്ന് മുഖ്യമന്ത്രി വരെ സഭയില്‍ പറഞ്ഞു. അന്ന് തന്നെ അത് ദു:ഖകരമാണെന്ന് ഞാന്‍ മറുപടി നല്‍കിയിരുന്നു. എന്തായാലും കോടതി വിധിയില്‍ സന്തോഷവും ആശ്വാസവും ഉണ്ട്,’ കെ. ബാബു പറഞ്ഞു.

ശബരിമല വിഷയത്തില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്‌തെന്ന ആരോപണങ്ങളടക്കം ഉയര്‍ത്തിയായിരുന്നു എം സ്വരാജിന്റെ ഹരജി.

സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന തൃപ്പൂണിത്തുറയില്‍ 992 വോട്ടുകള്‍ക്കാണ് സ്വരാജിനെതിരെ കെ. ബാബു വിജയിച്ചത്.

ശബരിമല സ്ത്രീ പ്രവേശന വിഷയം ഉയര്‍ത്തി അയ്യപ്പനെ മുന്‍നിര്‍ത്തിയാണ് കെ ബാബു പ്രചാരണം നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലം വന്നതിന് തൊട്ട് പിന്നാലെ സ്വരാജ് ഹൈക്കോടതിയിലെത്തിയത്.

മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു വാദം. പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.